മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് കലാഭവന്‍ ഷാജോണ്‍. മിമിക്രി രംഗത്തുനിന്നും കലാഭവനിൽ അംഗമായതോടെയാണ് ഷാജോൺ കലാരംഗത്ത് സജീവമാകുന്നത്. ഇതോടെ ഷാജി ജോൺ എന്ന പേര് കലാഭവൻ ഷാജോൺ എന്നാക്കുകയായിരുന്നു. കലാഭവൻ മണി നായകനായി അഭിനയിച്ച മൈ ഡിയർ കരടിയായിരുന്നു ആദ്യ ചിത്രം.
അതുവരെ ഹാസ്യകഥാപാത്രങ്ങൾ മാത്രം ചെയ്തിരുന്ന ഷാജോൺ ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന സിനിമയിലെ നെഗറ്റീവ് ടച്ചുള്ള കോൺസ്റ്റബിൾ സഹദേവൻ എന്ന കഥാപാത്രത്തിലൂടെ തനിക്ക് ഇത്തരത്തിലുള്ള അഭിനയവും വഴങ്ങുമെന്ന് തെളിയിച്ചു. പിന്നീട് മികച്ച നിരവധി സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
ഇപ്പോൾ താൻ പൊലീസ് ആയി അഭിനയിച്ച ഓരോ സിനിമകൾ ചെയ്യുമ്പോഴും എല്ലാവരും തനിക്ക് ഇത് തന്നെയാണോ പണിയെന്ന് ചോദിക്കുമെന്ന് പറയുകയാണ് ഷാജോൺ. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഷാജോൺ ഇക്കാര്യം വ്യക്തമാക്കിയത്.
‘ഓരോ പൊലീസ് വേഷങ്ങളുള്ള സിനിമ ചെയ്യുമ്പോഴും എല്ലാവരും ചോദിക്കും നിങ്ങൾക്ക് ഇതുതന്നെയാണോ പണിയെന്ന്. പക്ഷെ ചില കഥകൾ കേട്ട് കഴിയുമ്പോൾ ഇത് മിസ് ചെയ്യാൻ പറ്റില്ലെന്ന് നമുക്ക് തോന്നും. പിന്നെ ഫുൾ ടീമും, ഡയറക്ടറുടെയും എഴുത്തുകാരുടെയും പ്രൊഡ്യൂസറുടെയും ബോണ്ടും അവർ സിനിമയോട് കാണിക്കുന്ന താത്പര്യമൊക്കെ കാണുമ്പോൾ ഇതിനകത്ത് ഒരു ഭാഗമാകണമെന്ന് തോന്നും.
എല്ലാവരും സെറ്റ് ചെയ്ത് വച്ചിരിക്കുകയാണ് ദൃശ്യത്തിലെ സഹദേവൻ എന്ന കഥാപാത്രം. ഇനി അതിനപ്പുറം കടന്നാൽ മാത്രമേ ആളുകൾ അത് ശ്രദ്ധിക്കുകയുള്ളു
ചെയ്ത കഥാപാത്രത്തിൻ്റെ പേരിൽ അറിയപ്പെടുകയെന്നത് ആക്ടേഴ്സിൻ്റെ ഒരു ഭാഗ്യമാണ്. അതിനോടൊപ്പമുള്ള ഭാരം എന്താണെന്ന് വച്ചാൽ അതിനപ്പുറം പോകാൻ വേണ്ടി നമ്മളിങ്ങനെ പോരാടിക്കൊണ്ടിരിക്കണം. ഇപ്പോൾ എല്ലാവരും സെറ്റ് ചെയ്ത് വച്ചിരിക്കുകയാണ് ദൃശ്യത്തിലെ സഹദേവൻ എന്ന കഥാപാത്രം. ഇനി അതിനപ്പുറം കടന്നാൽ മാത്രമേ ആളുകൾ അത് ശ്രദ്ധിക്കുകയുള്ളു. അല്ലെങ്കിൽ എല്ലാവരും സഹദേവൻ ആയിട്ട് മാത്രമെ പരിഗണിക്കുകയുള്ളു.
വ്യത്യസ്തമായ വേഷങ്ങൾ വരികയെന്ന് പറയുന്നത് ഒരു ടാസ്ക് ആണ്. അതിന് വേണ്ടിയിട്ടാണ് നമ്മൾ വെയിറ്റ് ചെയ്യേണ്ടത്. ഒരു കഥാപാത്രം ചെയ്ത് കഴിഞ്ഞാൽ അതിനെ മറികടക്കാൻ പറ്റുന്ന കഥാപാത്രത്തിന് വേണ്ടിയാണ് നമ്മൾ ആഗ്രഹിക്കുന്നത്,’ ഷാജോൺ പറഞ്ഞു.
Content Highlight: Shajon Talking About His Police Characters