| Tuesday, 21st February 2023, 3:41 pm

മല്ലിക ചേച്ചിയുടെ ഫുഡ് കഴിച്ചാല്‍ പൃഥ്വിരാജിനെ പോലെയാകാമെന്ന് വിചാരിച്ചു, പക്ഷെ ഒന്നും സംഭവിച്ചില്ല: ഷാജോണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അനു സിത്താര, കലാഭവന്‍ ഷാജോണ്‍, മല്ലികാ സുകുമാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത്ത് വി. തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സന്തോഷം.

ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടിയായ മല്ലികാ സുകുമാരനുമായുണ്ടായ രസകരമായ നിമിഷങ്ങള്‍ പ്രേക്ഷകരോട് പങ്കു വെക്കുകയാണ് ഷാജോണും, നടി അനു സിത്താരയും.

മല്ലിക ചേച്ചി സെറ്റിലെത്തുന്ന സമയത്ത് എല്ലാവര്‍ക്കും കഴിക്കാനായി ഭക്ഷണം കൊണ്ടു വരാറുണ്ടെന്നും, പൃഥ്വിരാജൊക്കെ കഴിക്കുന്ന ഭക്ഷണമായത് കൊണ്ട് തന്നെ അത് കഴിച്ച് അവരെപ്പോലെയാകാമെന്ന് താന്‍ വിചാരിച്ചെന്നുമാണ് ഷാജോണ്‍ തമാശ രൂപേണ പറഞ്ഞത്.

സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ബിഹൈന്‍ഡ്വുഡ്സ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘മല്ലിക ചേച്ചി സെറ്റിലൊക്കെ വന്ന് കഴിഞ്ഞാല്‍ ഒരുപാട് കഥകളൊക്കെ പറയും. കൂടുതലും പണ്ടത്തെ ഷൂട്ടിങ്ങ് ലൊക്കേഷനിലെ വിശേഷങ്ങളും അവരുടെ അനുഭവങ്ങളുമാക്കെയാണ് സാധാരണയായി പറയുന്നത്. പക്ഷെ ഈ സിനിമയില്‍ ചേച്ചിക്ക് ഒരുപാട് കഥകള്‍ പറയാനുള്ള അവസരം ഞങ്ങള്‍ കൊടുത്തില്ല.

മല്ലിക ചേച്ചി കയ്യില്‍ കുറേ ഫുഡുകള്‍ ഒക്കെയായാണ് സെറ്റില്‍ വരുന്നത്. ഡെയ്റ്റ്സ്, നട്സ് എന്നിങ്ങനെ വില കൂടിയ സാധനങ്ങളൊക്കെയായിരിക്കും കയ്യിലുണ്ടാവുക.

അത് നമുക്കെല്ലാവര്‍ക്കും വിതരണം ചെയ്യും. ഡെയ്റ്റ്സ് ഒക്കെ നല്ല ക്വാളിറ്റിയുള്ള ഐറ്റങ്ങളാണ്. പൃഥ്വിരാജ് ഒക്കെ കഴിക്കുന്ന പോലെയുള്ളവ. അതും ബണ്ടില്‍ കണക്കിന് കൊണ്ട് തരും. അതൊക്കെ കഴിച്ചാല്‍ പൃഥ്വിരാജിനെ പോലെയൊക്കെ ആകാമെന്നാണ് ഞാന്‍ വിചാരിച്ചത്. പക്ഷെ ഒന്നും സംഭവിച്ചില്ല,’ ഷാജോണ്‍ പറഞ്ഞു.

കടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ അമിത് ചക്കാലക്കല്‍, ബേബി മോണിക, ആശ അരവിന്ദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. പി.എസ് ജയഹരിയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

Content Highlight: Shajon sharing his location experience

Latest Stories

We use cookies to give you the best possible experience. Learn more