മൈ ബോസിൽ എനിക്കൊരു കഥാപാത്രം ഉണ്ടാകും എന്ന് പറഞ്ഞിട്ട് അത് മാറി, അന്ന് ശ്രദ്ധേയനായ മറ്റൊരു നടനാണ് അത് ചെയ്യാനിരുന്നത്: ഷാജോൺ
Entertainment
മൈ ബോസിൽ എനിക്കൊരു കഥാപാത്രം ഉണ്ടാകും എന്ന് പറഞ്ഞിട്ട് അത് മാറി, അന്ന് ശ്രദ്ധേയനായ മറ്റൊരു നടനാണ് അത് ചെയ്യാനിരുന്നത്: ഷാജോൺ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st June 2023, 2:23 pm

മൈ ബോസ് എന്ന ചിത്രത്തിൽ തനിക്ക് പറഞ്ഞിരുന്ന വേഷം പിന്നീട് മറ്റൊരാൾക്ക് നൽകിയെന്ന് നടൻ ഷാജോൺ. അന്ന് അറിയപ്പെട്ടിരുന്ന മറ്റൊരു നടനാണ് അത് ചെയ്യാനിരുന്നതെന്നും വീണ്ടും ആ കഥാപാത്രത്തിനായി തന്നെ വിളിക്കുകയായിരുന്നെന്നും ഷാജോൺ പറഞ്ഞു. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മൈ ബോസ് എന്ന പടത്തിൽ എനിക്കൊരു കഥാപാത്രമുണ്ടെന്ന് ആദ്യം പറഞ്ഞിരുന്നു. അതിന് ശേഷം അത് മാറി. ആ കഥാപാത്രം അന്ന് ചെയ്യാനിരുന്നത് അപ്പോൾ ശ്രദ്ധേയനായ, തിരക്കുള്ള നടൻ ആണെന്ന് പറഞ്ഞ്‌ എനിക്കൊരു ഫോൺ കോൾ വന്നു. അപ്പോൾ ഞാൻ അത് വിട്ടു. അതിന് ശേഷം വീണ്ടും എന്നെ വിളിച്ച് പറഞ്ഞു ആ കഥാപാത്രം ഞാൻ തന്നെയാണ് ചെയ്യേണ്ടതെന്ന്. മൈ ബോസിന്റെ സമയത്താണ് ഞാൻ ജിത്തു ഭായ് (ജീത്തു ജോസഫ്) ആയിട്ട് കമ്പനി ആകുന്നത്. പണ്ട് ഞാൻ തിളക്കം ചെയ്യുമ്പോൾ അദ്ദേഹം അതിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി വർക്ക് ചെയ്തിട്ടുണ്ട്. അന്ന് അവിടെ വെച്ച് കണ്ടിട്ടുള്ളതല്ലാതെ വേറെ യാതൊരു പരിചയവുമില്ല.

മൈ ബോസ് ചെയ്തപ്പോൾ തന്നെ അദ്ദേഹം പറഞ്ഞു ആ കഥാപാത്രം എന്നെ വെച്ച് ചെയ്യാനിരുന്നതാണെന്ന്. എന്നെ ഉദ്ദേശിച്ചാണ് ആ കഥാപാത്രം എഴുതിയതെന്നും പറഞ്ഞു. സിനിമയുടെ ബിസിനസൊക്കെ ഡിസ്‌കസ് ചെയ്ത് വന്നപ്പോഴാണ് കഥാപാത്രം മറ്റൊരാളിലേക്ക് പോയതെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി,’ ഷാജോൺ പറഞ്ഞു.

അഭിമുഖത്തിൽ ദൃശ്യം എന്ന ചിത്രത്തിലേക്ക് തന്നെ ജീത്തു ജോസഫ് ക്ഷണിക്കാനിടയായ സംഭവത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. തനിക്കായി കോമഡി കഥാപാത്രം തയാറാക്കി വെച്ചിട്ടുണ്ടാകും എന്ന് പ്രതീക്ഷിച്ചെന്നും കുറെ നാളുകൾക്ക് ശേഷമാണ് തന്റെ കഥാപാത്രത്തെപ്പറ്റി പറഞ്ഞതെന്നും ഷാജോൺ പറഞ്ഞു.

‘മൈ ബോസിന്റെ ഷൂട്ട് ഒക്കെ കഴിഞ്ഞ്‌ ഡബ്ബിങ് നടക്കുമ്പോഴാണ് എനിക്ക് ദൃശ്യം എന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് വായിക്കാൻ തരുന്നത്. പുള്ളി അടുത്തതായി ചെയ്യാൻ പോകുന്ന ചിത്രമാണ് അഭിപ്രായം പറയണമെന്ന് പറഞ്ഞാണ് എനിക്ക് സ്ക്രിപ്റ്റ് തന്നത്. ഞാൻ ആദ്യം അത് കയ്യിൽ കിട്ടിയപ്പോൾ എനിക്ക് ചെയ്യാൻ കോമഡി കഥാപാത്രം ഉണ്ടോ എന്നാണ് നോക്കിയത്. നോക്കിയപ്പോൾ അതിൽ കോമഡി കഥാപാത്രം ഒന്നും ഉണ്ടായില്ല. ഞാൻ അതിൽ ഇല്ലെന്ന് തന്നെയാണ് പിന്നെ പ്രതീക്ഷിച്ചത്. എന്നിട്ട് കുറെ നാൾ കഴിഞ്ഞാണ് എന്റെ കഥാപാത്രത്തെപ്പറ്റി പറഞ്ഞത്. ഞാൻ ചോദിച്ചു ഏത് വേഷമാണെന്ന്. സഹദേവൻ എന്ന കഥാപാത്രമാണെന്ന് അദ്ദേഹം അപ്പോൾ പറഞ്ഞു. ഞാൻ ഞെട്ടി പോയി,’ ഷാജോൺ പറഞ്ഞു.

Content Highlights: Shajon on Jeethu Joseph and Drishyam movie