| Tuesday, 12th November 2024, 7:38 pm

ദേവാസുരം പോലെയാവില്ലെന്ന് വാക്ക് പറഞ്ഞാണ് ആ സൂപ്പർ ഹിറ്റ്‌ ചിത്രം ഞാനെടുത്തത്: ഷാജി കൈലാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാസ് സിനിമകൾ ഒരുക്കി മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത സംവിധായകനാണ് ഷാജി കൈലാസ്. ദി ന്യൂസ്‌ എന്ന സിനിമയിലൂടെ കരിയർ തുടങ്ങിയ ഷാജി കൈലാസ് പിന്നീട് ട്രാക്ക് മാറ്റി പിടിക്കുന്ന കാഴ്ച്ചയാണ് പ്രേക്ഷകർ കണ്ടത്.

മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുടെ താരപരിവേഷം ഉയർത്തുന്നതിൽ ഷാജി കൈലാസിന്റെ കഥാപാത്രങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പൂവള്ളി ഇന്ദുചൂഡൻ, അറക്കൽ മാധവനുണ്ണി തുടങ്ങിയവരെല്ലാം ആരാധകർ ആഘോഷിച്ച കഥാപാത്രങ്ങളാണ്.

ആറാംതമ്പുരാൻ, നരസിംഹം, വല്യേട്ടൻ, ദ്രോണ തുടങ്ങിയ ഷാജി കൈലാസ് സിനിമകളില്ലെല്ലാം പ്രധാന ലൊക്കേഷനായി വന്നത് വരിക്കാശ്ശേരി മനയായിരുന്നു. ദേവാസുരത്തിന്റെ സെറ്റിൽ വെച്ചാണ് ആദ്യമായി മന കാണുന്നതെന്നും അവിടെ ലൊക്കേഷനാക്കി ഒരു സിനിമ ചെയ്യാൻ അന്ന് തന്നെ ഒരു ആഗ്രഹം വന്നെന്നും ഷാജി കൈലാസ് പറഞ്ഞു.

ആറാംതമ്പുരാന്റെ കഥ അപ്പോഴാണ് വരുന്നതെന്നും ഇനി അവിടെ നിന്നൊരു സിനിമ പിടിച്ചാൽ ദേവാസുരം പോലെയാവുമെന്ന് രഞ്ജിത്ത് പറഞ്ഞെന്നും ഷാജി കൈലാസ് കൂട്ടിച്ചേർത്തു. എന്നാൽ ആറാംതമ്പുരാൻ മറ്റൊരു രീതിയിൽ എടുക്കുമെന്നാണ് താൻ പറഞ്ഞതെന്നും അദ്ദേഹം ക്ലബ്ബ് എഫ്.എമ്മിനോട് പറഞ്ഞു.

‘ദേവാസുരത്തിന്റെ ഷൂട്ട്‌ നടക്കുന്ന സമയത്ത് ഞാൻ അതിന്റെ ലൊക്കേഷനിൽ പോയിട്ടുണ്ടായിരുന്നു. അന്നാണ് ഞാൻ ആദ്യമായിട്ട് വരിക്കാശ്ശേരി മന കാണുന്നത്. അന്ന് മനയിൽ ആളുകൾ താമസിക്കുന്നുണ്ടായിരുന്നു.

ആ മനയുടെ നമ്പൂതിരിയൊക്കെ അവിടെ ഉണ്ടായിരുന്നു. അന്നവിടെ നോൺ വെജ് ഭക്ഷണമൊന്നും പാടില്ലായിരുന്നു. ആ പ്രദേശമൊക്കെ വെജ് ആയിരുന്നു കഴിച്ചിരുന്നത്. അവിടെ ലൊക്കേഷനാക്കി ഒരു സിനിമ ചെയ്യണമെന്ന് വിചാരിക്കുമ്പോഴാണ് ആറാംതമ്പുരാൻ വരുന്നത്.

ആറാംതമ്പുരാൻ വരുമ്പോൾ രഞ്ജിത്ത് എന്നോട് പറഞ്ഞത്, എടാ ദേവാസുരം അവിടെ ചെയ്ത സിനിമയായിരുന്നു എന്നാണ്. നീ വീണ്ടും അവിടെ കൊണ്ടുപോകേണ്ട എന്ന് രഞ്ജി പറഞ്ഞു. ഞങ്ങൾ എന്നിട്ട് വേറേ സ്ഥലത്ത് പോയി.

ഹരിഹരൻ സാർ ഒരു പടം ചെയ്ത വലിയൊരു ഇല്ലമുണ്ട്. പക്ഷെ അവിടെ ഞങ്ങൾക്ക് അനുവാദം കിട്ടിയില്ല. ഏതോ ഒരാളുടെ സൈൻ കൂടെ വേണമായിരുന്നു അവിടെ ഷൂട്ട്‌ ചെയ്യാൻ. അതവർ തന്നില്ല.

അങ്ങനെയാണ് വീണ്ടും വരിക്കാശ്ശേരിയിലേക്ക് എത്തുന്നത്. ദേവസൂരം അടിക്കത്തില്ല, മറ്റൊരു രീതിയിൽ ഞാൻ ചെയ്തോളാം എന്ന് പറഞ്ഞിട്ടാണ് ആറാംതമ്പുരാൻ എടുക്കുന്നത്,’ഷാജി കൈലാസ് പറയുന്നു.

Content Highlight: Shajikailas About Devasuram And Aaramthamburan

We use cookies to give you the best possible experience. Learn more