| Thursday, 8th August 2024, 10:42 pm

ആ കാറുകള്‍ തൊടാന്‍ മമ്മൂക്ക സമ്മതിച്ചില്ല; സിനിമയില്‍ ടാറ്റാ സുമോക്കായി കുറേ തപ്പി നടന്നു: ഷാജി നടുവില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയുടെ കാറുകളുടെ കളക്ഷന്‍ ഏറെ ശ്രദ്ധേയമായ കാര്യമാണ്. ടര്‍ബോയിലെ വിന്റേജ് കാറുകളെ കുറിച്ച് സംസാരിക്കുകയാണ് ആ സിനിമയിലെ ആര്‍ട്ട് ഡയറക്ടറായ ഷാജി നടുവില്‍. അവയൊന്നും മമ്മൂട്ടിയുടെ കളക്ഷനല്ലെന്നാണ് അദ്ദേഹം പറയുന്നത്. ഫിലിമി ബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷാജി നടുവില്‍. മമ്മൂട്ടി സ്വന്തം കാറുകളുടെ കളക്ഷന്‍ മറ്റുള്ളവരെ തൊടാന്‍ സമ്മതിക്കില്ലെന്നും അതിപ്പോള്‍ സ്വന്തം പ്രൊഡക്ഷനായാലും അങ്ങനെയാണെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.

‘ടര്‍ബോ സിനിമയില്‍ ചില വിന്റേജ് കാറുകള്‍ കാണിക്കുന്നുണ്ട്. അവയൊന്നും മമ്മൂക്കയുടെ കളക്ഷനല്ല. സത്യത്തില്‍ ഇക്ക അദ്ദേഹത്തിന്റെ കാറുകളുടെ കളക്ഷനൊന്നും നമ്മളെ തൊടാന്‍ സമ്മതിക്കില്ല. അതിപ്പോള്‍ സ്വന്തം പ്രൊഡക്ഷനായാലും അങ്ങനെയാണ്. ‘അതൊക്കെ അവിടെ നില്‍ക്കട്ടെ. നിങ്ങള് വേറെ അന്വേഷിച്ചോളൂ’ എന്നാണ് ഇക്ക പറയുക.

സിനിമയില്‍ കാണിക്കുന്ന ആ വിന്റേജ് കാറുകള്‍ എത്തിച്ചു തരാന്‍ നമുക്ക് ഏജന്റുകള്‍ ഉണ്ടായിരുന്നു. ഔസേപ്പ് എന്നായിരുന്നു അയാളുടെ പേര്. അദ്ദേഹമാണ് സത്യത്തില്‍ കാറുകള്‍ ഓരോന്നും തപ്പിപിടിച്ച് നമുക്ക് കൊണ്ടുവന്നു തരുന്നത്. ഔസേപ്പ് മാത്രമല്ല ഇത്തരത്തില്‍ കാറുകള്‍ കൊണ്ടുവന്നു തരുന്നത്. പലരും അവരുടെ സൗഹൃദത്തില്‍ നിന്ന് കാറുകള്‍ കൊണ്ടുവന്നിട്ടുണ്ട്.

പിന്നെ സിനിമയില്‍ ഒരു ടാറ്റാ സുമോയുണ്ട്. അതിന് വേണ്ടി ഞങ്ങള്‍ ഒരുപാട് അലഞ്ഞിട്ടുണ്ട്. കാരണം സിനിമയിലേക്ക് ഒരേ മോഡലിലുള്ള രണ്ട് ടാറ്റാ സുമോ നമുക്ക് വേണമായിരുന്നു. അതിന് വേണ്ടി കുറേ തപ്പി നടന്നു. പക്ഷെ ഞങ്ങള്‍ക്ക് കിട്ടിയില്ല. അവസാനം, വേറെ വഴിയില്ലാതെ എല്ലാം അഴിച്ച് മാറ്റി രണ്ടാമത് സെറ്റ് ചെയ്തു,’ ഷാജി നടുവില്‍ പറഞ്ഞു.


Content Highlight: Shajie Naduvil Talks About Turbo Movie And Mammootty’s Car Collection

We use cookies to give you the best possible experience. Learn more