ജനപ്രീതിയുടെ അടിസ്ഥാനത്തില്‍ ഐ.എം.ഡി.ബിയിലെ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യന്‍ മൂവീസിലെ ഒന്നാംസ്ഥാനം സ്വന്തമാക്കിയ മലയാള സിനിമയായിരുന്നു ടര്‍ബോ. പ്രഖ്യാപനം മുതല്‍ക്ക് തന്നെ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രം മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖാണ് സംവിധാനം ചെയ്തത്.
മമ്മൂട്ടി ടര്‍ബോ ജോസ് എന്ന കഥാപാത്രമായി എത്തിയ ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടറായിരുന്നത് ഷാജി നടുവിലായിരുന്നു. മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ സിനിമയിലാണ് അദ്ദേഹം ആര്‍ട്ട് ഡയറക്ടറായി വര്‍ക്ക് ചെയ്യുന്നത്. ടര്‍ബോയിലെ മമ്മൂട്ടിയുടെ വണ്ടിയെ കുറിച്ച് പറയുകയാണ് ഷാജി നടുവില്‍. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഫിലിമി ബീറ്റ് മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയില്‍ ഒരു ആക്‌സിഡന്റ് സീന്‍ ഉണ്ടായിരുന്നുവെന്നും അതില്‍ നായകനും ടീമും രക്ഷപ്പെട്ട് വരുന്നത് ചിത്രീകരിക്കേണ്ടത് കാരണം ഇടിച്ചാല്‍ അധികം ഡാമേജ് വരാത്ത സുരക്ഷിതമായ വണ്ടി വേണമായിരുന്നു എന്നാണ് ഷാജി നടുവില്‍ പറയുന്നത്.
‘സിനിമയില്‍ ഒരു ആക്‌സിഡന്റിന്റെ സീനുണ്ടായിരുന്നു. ആ സീന്‍ ഞങ്ങള്‍ പ്ലാന്‍ ചെയ്തു. ആക്‌സിഡന്റില്‍ നിന്ന് നായകനും ടീമും രക്ഷപ്പെടണമായിരുന്നു. പണ്ടത്തെ സിനിമയായിരുന്നെങ്കില്‍ ആക്‌സിഡന്റായ വണ്ടി ഒരു പത്ത് മലക്കം മറിഞ്ഞ ശേഷം നായകന് അതില്‍ നിന്ന് എഴുന്നേറ്റ് വരാമായിരുന്നു. എന്നാല്‍ ഇന്നത്തെ കാലത്ത് അത് വര്‍ക്കാകില്ല.
അതുകൊണ്ട് ഇടിച്ചാല്‍ അധികം ഡാമേജ് വരാത്ത സുരക്ഷിതമായ വണ്ടി വേണമായിരുന്നു. അങ്ങനെയാണ് എന്റവര്‍ തെരഞ്ഞെടുക്കുന്നത്. പിന്നെ ടര്‍ബോ ജോസ് വണ്ടിയില്‍ ആളുകളെയും കൊണ്ട് കുന്നും മലയും കയറുന്ന ആളാണ്. അയാള്‍ക്ക് യോജിക്കുന്ന ഇപ്പോഴത്തെ സ്‌റ്റൈലിഷ് വണ്ടി അത് മാത്രമാണ്,’ ഷാജി നടുവില്‍ പറഞ്ഞു.
അതേസമയം, മമ്മൂട്ടിയുടെ ഈ മാസ് ആക്ഷന്‍ കോമഡി ചിത്രം നാല് ദിവസം കൊണ്ട് 52 കോടി രൂപയാണ് ലോകമെമ്പാട് നിന്നുമായി നേടിയത്. സൗദി അറേബ്യയില്‍ 32,000 ആളുകളാണ് ആദ്യ ആഴ്ചയില്‍ ടര്‍ബോ കാണാന്‍ എത്തിയത്.
മഞ്ഞുമ്മല്‍ ബോയ്സ് ഒഴികെ ബാക്കിയെല്ലാ മലയാള ചിത്രങ്ങളെയും പിന്തള്ളിയാണ് ടാര്‍ബോയുടെ ഈ കുതിപ്പ്. ‘ആവേശം’ എന്ന ചിത്രത്തിന്റെ ലൈഫ് ടൈം കളക്ഷനും ആദ്യ ആഴ്ച കൊണ്ട് തന്നെ ടര്‍ബോ കടത്തിവെട്ടിയിട്ടുണ്ട്.
Content Highlight: Shajie Naduvil Talks About Turbo Jose’s Car