സ്വന്തം പ്രൊഡക്ഷന് വേണ്ടി പോലും ഇക്ക ആ വിന്റേജ് കാറുകളുടെ കളക്ഷന്‍ തൊടാന്‍ സമ്മതിക്കില്ല: ഷാജി നടുവില്‍
Entertainment
സ്വന്തം പ്രൊഡക്ഷന് വേണ്ടി പോലും ഇക്ക ആ വിന്റേജ് കാറുകളുടെ കളക്ഷന്‍ തൊടാന്‍ സമ്മതിക്കില്ല: ഷാജി നടുവില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 30th May 2024, 12:48 pm

മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് ടര്‍ബോ. ഷാജി നടുവിലായിരുന്നു ഈ മാസ് ആക്ഷന്‍ കോമഡി ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍. ടര്‍ബോയുടെ പ്രൊമോഷന്റെ ഭാഗമായി ഫിലിമി ബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ വിന്റേജ് കാറുകളെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

‘സിനിമയില്‍ ഒരു ആക്‌സിഡന്റിന്റെ സീനുണ്ടായിരുന്നു. ആ സീന്‍ ഞങ്ങള്‍ പ്ലാന്‍ ചെയ്തു. ആക്‌സിഡന്റില്‍ നിന്ന് നായകനും ടീമും രക്ഷപ്പെടണമായിരുന്നു. പണ്ടത്തെ സിനിമയായിരുന്നെങ്കില്‍ ആക്‌സിഡന്റായ വണ്ടി ഒരു പത്ത് മലക്കം മറിഞ്ഞ ശേഷം നായകന് അതില്‍ നിന്ന് എഴുന്നേറ്റ് വരാമായിരുന്നു. എന്നാല്‍ ഇന്നത്തെ കാലത്ത് അത് വര്‍ക്കാകില്ല.

അതുകൊണ്ട് ഇടിച്ചാല്‍ അധികം ഡാമേജ് വരാത്ത സുരക്ഷിതമായ വണ്ടി വേണമായിരുന്നു. അങ്ങനെയാണ് എന്റവര്‍ തെരഞ്ഞെടുക്കുന്നത്. പിന്നെ ടര്‍ബോ ജോസ് വണ്ടിയില്‍ ആളുകളെയും കൊണ്ട് കുന്നും മലയും കയറുന്ന ആളാണ്. അയാള്‍ക്ക് യോജിക്കുന്ന ഇപ്പോഴത്തെ സ്‌റ്റൈലിഷ് വണ്ടി അത് മാത്രമാണ്.

അതിലെ വിന്റേജ് കാറുകള്‍ മമ്മൂക്കയുടെ കളക്ഷനല്ല. ഇക്കയുടെ കളക്ഷനൊന്നും തൊടാന്‍ സമ്മതിക്കില്ല. സ്വന്തം പ്രൊഡക്ഷനായാലും അതൊക്കെ അവിടെ നില്‍ക്കട്ടെ നിങ്ങള് വേറെ അന്വേഷിച്ചോ എന്നാണ് മമ്മൂക്ക പറയാറുള്ളത്.

ആ വിന്റേജ് കാറുകള്‍ക്ക് നമുക്ക് ഏജന്റുകള്‍ ഉണ്ടായിരുന്നു. ഔസേപ്പ് എന്നാണ് പേര്. അദ്ദേഹമാണ് ഓരോന്നും തപ്പിപിടിച്ച് കൊണ്ടുവന്നു തരുന്നത്. ഔസേപ്പ് മാത്രമല്ല, പലരും അവരുടെ സൗഹൃദത്തില്‍ നിന്ന് കൊണ്ടുവന്നിട്ടുണ്ട്.

പിന്നെ അതിലെ ടാറ്റാ സുമോക്ക് വേണ്ടി ഒരുപാട് അലഞ്ഞിട്ടുണ്ട്. കാരണം ഒരേ മോഡലിലുള്ള രണ്ടെണ്ണം വേണമായിരുന്നു. അതിന് വേണ്ടി കുറേ തപ്പിയിരുന്നു. പക്ഷെ കിട്ടിയില്ല. അവസാനം, എല്ലാം അഴിച്ച് മാറ്റിയിട്ട് രണ്ടാമത് സെറ്റ് ചെയ്യുകായിരുന്നു,’ ഷാജി നടുവില്‍ പറഞ്ഞു.

ജനപ്രീതിയുടെ അടിസ്ഥാനത്തില്‍ ഐ.എം.ഡി.ബിയിലെ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യന്‍ മൂവീസിലെ ഒന്നാംസ്ഥാനം സ്വന്തമാക്കിയ മലയാള സിനിമയായിരുന്നു ടര്‍ബോ. പ്രഖ്യാപനം മുതല്‍ക്ക് തന്നെ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമായിരുന്നു ഇത്. നാല് ദിവസം കൊണ്ട് ടര്‍ബോ 52 കോടി രൂപയാണ് ലോകമെമ്പാട് നിന്നുമായി നേടിയത്.

സൗദി അറേബ്യയില്‍ 32,000 ആളുകളാണ് ആദ്യ ആഴ്ചയില്‍ ടര്‍ബോ കാണാന്‍ എത്തിയത്. മഞ്ഞുമ്മല്‍ ബോയ്സ് ഒഴികെ ബാക്കിയെല്ലാ മലയാള ചിത്രങ്ങളെയും പിന്തള്ളിയാണ് ടാര്‍ബോയുടെ ഈ കുതിപ്പ്. ‘ആവേശം’ എന്ന ചിത്രത്തിന്റെ ലൈഫ് ടൈം കളക്ഷനും ആദ്യ ആഴ്ച കൊണ്ട് തന്നെ ടര്‍ബോ കടത്തിവെട്ടിയിട്ടുണ്ട്.


Content Highlight: Shajie Naduvil Talks About Mammootty’s Vintage Car Collection