| Thursday, 30th May 2024, 4:48 pm

പത്ത് തവണ മലക്കം മറിഞ്ഞ വണ്ടിയില്‍ നിന്നുപോലും നായകന് എഴുന്നേറ്റ് വരാം: ടര്‍ബോ ആര്‍ട്ട് ഡയറക്ടര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പണ്ടത്തെ സിനിമയായിരുന്നെങ്കില്‍ ആക്സിഡന്റ് ആയ വണ്ടി പത്ത് മലക്കം മറിഞ്ഞ ശേഷവും നായകന് അതില്‍ നിന്ന് എഴുന്നേറ്റ് വരാമായിരുന്നുവെന്നും എന്നാല്‍ ഇന്നത്തെ കാലത്ത് അത് വര്‍ക്കാകില്ലെന്നും പറയുകയാണ് ആര്‍ട്ട് ഡയറക്ടര്‍ ഷാജി നടുവില്‍.

മമ്മൂട്ടി കമ്പനിയുടെ ടര്‍ബോ ഉള്‍പ്പെടെയുള്ള നാല് സിനിമകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ് അദ്ദേഹം. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഫിലിമി ബീറ്റ് മലയാളത്തോട് സംസാരിക്കുകയാണ് ഷാജി നടുവില്‍.

ടര്‍ബോയില്‍ ഒരു ആക്സിഡന്റ് സീനുണ്ടായിരുന്നുവെന്നും അതില്‍ നിന്ന് നായകനും ടീമും രക്ഷപ്പെടുന്നത് കാണിക്കേണ്ടത് കാരണം ഇടിച്ചാല്‍ അധികം ഡാമേജ് വരാത്ത സുരക്ഷിതമായ വണ്ടി കണ്ടെത്തുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

‘ടര്‍ബോയില്‍ ഒരു ആക്സിഡന്റിന്റെ സീനുണ്ടായിരുന്നു. അതില്‍ നിന്ന് നായകനും ടീമും രക്ഷപ്പെടണമായിരുന്നു. പണ്ടത്തെ സിനിമയായിരുന്നെങ്കില്‍ ആക്സിഡന്റായ വണ്ടി ഒരു പത്ത് മലക്കം മറിഞ്ഞ ശേഷം നായകന് അതില്‍ നിന്ന് എഴുന്നേറ്റ് വരാമായിരുന്നു. എന്നാല്‍ ഇന്നത്തെ കാലത്ത് അത് വര്‍ക്കാകില്ല.

അതുകൊണ്ട് ഇടിച്ചാല്‍ അധികം ഡാമേജ് വരാത്ത സുരക്ഷിതമായ വണ്ടി വേണമായിരുന്നു. അങ്ങനെയാണ് എന്റവര്‍ തെരഞ്ഞെടുക്കുന്നത്. പിന്നെ ടര്‍ബോ ജോസ് വണ്ടിയില്‍ ആളുകളെയും കൊണ്ട് കുന്നും മലയും കയറുന്ന ആളാണ്. അയാള്‍ക്ക് യോജിക്കുന്ന ഇപ്പോഴത്തെ സ്റ്റൈലിഷ് വണ്ടി അത് മാത്രമാണ്,’ ഷാജി നടുവില്‍ പറഞ്ഞു.

ജനപ്രീതിയുടെ അടിസ്ഥാനത്തില്‍ ഐ.എം.ഡി.ബിയിലെ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യന്‍ മൂവീസിലെ ഒന്നാംസ്ഥാനം സ്വന്തമാക്കിയ മലയാള സിനിമയായിരുന്നു ടര്‍ബോ. പ്രഖ്യാപനം മുതല്‍ക്ക് തന്നെ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രം മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖാണ് സംവിധാനം ചെയ്തത്. മമ്മൂട്ടി ടര്‍ബോ ജോസ് എന്ന കഥാപാത്രമായി എത്തിയ ചിത്രം തിയേറ്ററില്‍ മികച്ച അഭിപ്രായമാണ് നേടുന്നത്.


Content Highlight: Shajie Naduvil Talks About Accident Scene In Movies

We use cookies to give you the best possible experience. Learn more