കണ്ണൂർ സ്‌ക്വാഡ് 100 കോടി അടിക്കുമോയെന്ന് മമ്മൂക്കയോട് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു: ഷാജി നടുവിൽ
Film News
കണ്ണൂർ സ്‌ക്വാഡ് 100 കോടി അടിക്കുമോയെന്ന് മമ്മൂക്കയോട് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു: ഷാജി നടുവിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 21st October 2023, 3:34 pm

കണ്ണൂർ സ്‌ക്വാഡ് സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ആർട്ട് ഡയറക്ടറും പ്രൊഡക്ഷൻ ഡിസൈനറുമായ ഷാജി നടുവിൽ. സിനിമയുടെ സക്സസ് സെലിബ്രേഷന് മമ്മൂട്ടിയുടെ വീട്ടിൽ പോയപ്പോൾ കണ്ണൂർ സ്‌ക്വാഡ് 100 കോടി അടിക്കുകയില്ലേയെന്ന് അദ്ദേഹത്തിനോട് ചോദിച്ചെന്നും 100 കോടി വരട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും ഷാജി പറഞ്ഞു.

സിനിമയുടെ കഥ വായിച്ചപ്പോൾ ഇത്രയും ദൂരം മമ്മൂട്ടിയുമായി യാത്ര ചെയ്യാൻ കഴിയുമോയെന്ന് താൻ ആലോച്ചിരുന്നെന്നും ഷാജി കൂട്ടിച്ചേർത്തു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷാജി നടുവിൽ.

‘നമ്മൾ 100 കോടി അടിക്കുകയില്ലെയെന്ന് ചോദിച്ചപ്പോൾ ‘100 കോടി വരട്ടെ, ഇങ്ങോട്ട് വരട്ടെ’ എന്നുള്ള രീതിയിലാണ് മമ്മൂക്ക പ്രതികരിച്ചത്. നമ്മുടെ പടം അത്രയും വിജയമാകുമ്പോൾ സന്തോഷമുണ്ട്,’ ഷാജി പറയുന്നു.

കണ്ണൂർ സ്‌ക്വാഡിന്റെ കഥ വായിച്ചപ്പോൾ ഇതൊരു വലിയ കഥയാണെന്ന് മനസിലായെന്നും മമ്മൂട്ടിയെയും കൊണ്ട് ഈ പ്രായത്തിൽ യാത്ര ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് തനിക്ക് ടെൻഷൻ ഉണ്ടായിരുന്നെന്നും ഷാജി കൂട്ടിച്ചേർത്തു.

‘കണ്ണൂർ സ്‌ക്വാഡിന്റെ കഥ വായിച്ചു കഴിഞ്ഞപ്പോൾ അത് വലിയൊരു കഥയാണെന്ന് മനസിലായി. ട്രാവെല്ലിങ് മൂവി ചെയ്യുമ്പോൾ അതിൻ്റെ വിഷ്വൽസ് അത്രയും രസമായിട്ട് ചെയ്യേണ്ടതാണ്. എന്റെ ചിന്തയേക്കാൾ മുകളിലാണ് ഡയറക്ടർ വിഷ്വലൈസ് ചെയ്തിട്ടുള്ളത്. നമ്മൾ കാണുന്നതിന് ഒരു പരിമിതിയുണ്ട്.

മമ്മൂക്കയെയും കൊണ്ട് ഇത്രയും ദൂരം ട്രാവൽ ചെയ്യണം. മമ്മൂക്കയുടെ കൂടെ യാത്ര ചെയ്യുമ്പോൾ നമുക്കറിയാം പ്രായത്തിന്റെ ബുദ്ധിമുട്ട് എന്തൊക്കെയാണെന്ന്. ഇത്രയും ദൂരം പോകാൻ പറ്റുമോ? ഫുൾ നൈറ്റ് ഇതെങ്ങനെ അച്ചീവ് ചെയ്യാൻ പറ്റും എന്നതിൽ ടെൻഷൻ ഉണ്ടായിരുന്നു.

അഭിമുഖത്തിൽ മമ്മൂട്ടി എന്ന വ്യക്തിയെക്കുറിച്ചും ഷാജി സംസാരിച്ചു. മമ്മൂട്ടി സ്നേഹമുള്ള മനുഷ്യനാണെന്നും പുറമെ ഗൗരവക്കാരനായി തോന്നുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘മമ്മൂക്ക ഭയങ്കര സ്നേഹമുള്ള മനുഷ്യനാണ്. പുറമേ കാണുമ്പോൾ നമുക്ക് ഗൗരവക്കാരനാണ് എന്ന് തോന്നുമെങ്കിലും ഉള്ളിനുള്ളിൽ നല്ല സ്നേഹമാണ്. ഒരാളെ അദ്ദേഹം ഇഷ്ടപ്പെട്ട് സ്നേഹിച്ചു കഴിഞ്ഞാൽ എവിടെയെങ്കിലും നമുക്കൊരു താങ്ങായി, ഒരു വാക്കു കൊണ്ടെങ്കിലും നമുക്ക് വേണ്ടി സപ്പോർട്ട് ചെയ്യും. അതുകൊണ്ടാണ് ഞാൻ മമ്മൂട്ടി കമ്പനിയുടെ ഭാഗമായിട്ട് ഇവിടെ നിൽക്കാനുള്ള കാരണം. എനിക്കും നല്ല ഇഷ്ടമാണ്, അതിന്റെ ഒരു ചെറിയ ശതമാനം പുള്ളിക്കാരനും എന്നെ ഇഷ്ടമാണ് എന്നാണ് സത്യം,’ ഷാജി നടുവിൽ പറഞ്ഞു.

Content Highlight: Shaji naduvil about kannur squad movie box office 100 crore collection