| Monday, 30th July 2012, 11:16 am

പത്മനാഭന്റെ 'കടല്‍' വെള്ളിത്തിരയിലേക്ക്: ഷാജി എന്‍. കരുണിനൊപ്പം മോഹന്‍ലാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടി. പത്മനാഭന്റെ ചെറുകഥ “കടല്‍” വെള്ളിത്തിരയിലേക്ക്. ഷാജി എന്‍. കരുണാണ് കടലിന് ചലച്ചിത്ര രൂപം നല്‍കുന്നത്. ബന്ധങ്ങളുടെ തിരയിളക്കങ്ങളും സംഗീതത്തിന്റെ അനുഭൂതിയും ദൃശ്യവത്കരിക്കുന്ന ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലാണ് നായകന്‍. []

കടലിന്റെ സൗന്ദര്യത്തെ ആഴത്തില്‍ സ്‌നേഹിച്ച, കടല്‍ കാണാന്‍ മോഹിച്ച ഒരു സ്ത്രീയും അവളെ സംശയത്തിന്റെ നിഴലില്‍ കാണുന്ന ഭര്‍ത്താവും ഇവരുടെ മകളുമാണ്‌ കടലിലെ കഥാപാത്രങ്ങള്‍. ആണ്‍പെണ്‍ ബന്ധങ്ങളുടെ വിശുദ്ധിയാണ് കടലില്‍ കാണുന്നത്. ഇന്ത്യന്‍ സംഗീതത്തിന്റെ സമ്പന്നത വ്യക്തമാക്കുന്ന സിംഫണിയും ചിത്രത്തിലുണ്ടാകും.

ഓസ്‌കാര്‍ ജേതാവായ സംഗീതജ്ഞനാണ് സിംഫണിയൊരുക്കുന്നത്. ഇയാളുടെ പേര് വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. പ്രകാശ് ഝായുടെ രാജനീതിക്ക് തിരക്കഥയൊരുക്കിയ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് തിരക്കഥാ വിഭാഗം മേധാവി അന്‍ജും റജബലി കടലിന്റെ തിരക്കഥാ രചനയില്‍ പങ്കാളിയാവും. ഹരികൃഷ്ണനാണ് മറ്റൊരു തിരക്കഥാകൃത്ത്.

കടലില്‍ അമ്മയുടെ റോളിലെത്തുന്നത് ബംഗാളി സ്വദേശിയായ ഒഡീസി നര്‍ത്തകിയാണ്. സൗമിത്ര ചാറ്റര്‍ജിയും ചെറിയവേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

കടല്‍ സിനിമയാക്കാനുള്ള ആലോചന 12 വര്‍ഷം മുമ്പേ തുടങ്ങിയതാണ്. അന്ന് ഷാജി എന്‍. കരുണ്‍ പത്മനാഭനോട് അനുവാദം വാങ്ങിച്ചിരുന്നു. ചിത്രീകരണത്തിന്റെ മുന്നോടിയായി ശനിയാഴ്ച ഷാജി എന്‍. കരുണ്‍ ടി. പത്മനാഭനെ പള്ളിക്കുന്നിലെ വീട്ടില്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.  സംവിധായകനെന്ന നിലയില്‍ പൂര്‍ണ സ്വാതന്ത്ര്യം അദ്ദേഹം അനുവദിച്ചതായി ഷാജി പറഞ്ഞു

മോഹന്‍ലാലും ഷാജി എന്‍. കരുണും മുമ്പ് ഒന്നിച്ചത് “വാനപ്രസ്ഥ”ത്തിനാണ്. ചിത്രത്തിലെ അഭിനയത്തിന് മോഹന്‍ലാലിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.

We use cookies to give you the best possible experience. Learn more