| Saturday, 30th November 2024, 7:14 pm

ബോളിവുഡിലുള്ളവരുടെ മാര്‍ക്കറ്റിങ് കാരണമാകാം ആ സിനിമയിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് നാഷണല്‍ അവാര്‍ഡ് ലഭിക്കാത്തത്: ഷാജി എന്‍. കരുണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച സംവിധായകരിലൊരാളാണ് ഷാജി എന്‍. കരുണ്‍. കൊമേഴ്‌സ്യല്‍ ഘടകങ്ങളില്ലാത്ത സിനിമകളിലൂടെ മലയാളം ഇന്‍ഡസ്ട്രിയെ ലോകസിനിമകള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തിക്കൊടുത്ത സംവിധായകരില്‍ ഒരാളാണ് അദ്ദേഹം. 30 വര്‍ഷത്തിലധികമായി സിനിമാലോകത്ത് നിറഞ്ഞു നില്‍ക്കുന്ന ഷാജി എന്‍. കരുണ്‍ സംവിധായകന്‍, ഛായാഗ്രഹകന്‍ എന്നീ മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

മികച്ച സംവിധായകനും ഛായാഗ്രഹകനുമുള്ള ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ അദ്ദേഹം നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദികളിലും പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത് 2009ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കുട്ടി സ്രാങ്ക്. മികച്ച ചിത്രം, ഛായാഗ്രഹകന്‍ തുടങ്ങി ഏഴ് ദേശീയ അവാര്‍ഡ് ചിത്രം നേടിയെടുത്തു.

എന്നാല്‍ മമ്മൂട്ടിയുടെ പ്രകടനത്തിന് ആ വര്‍ഷം ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നില്ല. ഇതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ഷാജി എന്‍. കരുണ്‍. മികച്ച നടന്മാരുടെ അവാര്‍ഡിന്റെ പേരിലാണ് പലപ്പോഴും ബോളിവുഡ് മാര്‍ക്കറ്റ് ചെയ്യപ്പെടുന്നതെന്നും അതിലൂടെയാണ് അവരുടെ ഇന്‍ഡസ്ട്രിയിലെ നടന്മാര്‍ക്ക് ലോങ് റണ്‍ ലഭിക്കുന്നതെന്നും ഷാജി എന്‍. കരുണ്‍ പറഞ്ഞു.

ആ ഉദ്ദേശത്തിലാകാം ആ വര്‍ഷത്തെ അവാര്‍ഡ് മറ്റൊരു നടന് ലഭിച്ചതെന്നും ഷാജി എന്‍. കരുണ്‍ കൂട്ടിച്ചേര്‍ത്തു. ആ സിനിമയിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് അവാര്‍ഡ് കിട്ടാത്തതില്‍ തനിക്കും നല്ല വിഷമമുണ്ടെന്നും ഷാജി എന്‍. കരുണ്‍ പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷാജി എന്‍. കരുണ്‍ ഇക്കാര്യം പറഞ്ഞത്.

‘ആ വര്‍ഷം മികച്ച സിനിമയടക്കം ഏഴ് അവാര്‍ഡാണ് കുട്ടി സ്രാങ്കിന് കിട്ടിയത്. മമ്മൂട്ടി മികച്ച നടനാകും എന്നായിരുന്നു എല്ലാവരും വിചാരിച്ചത്. ബോളിവുഡ് ഇന്‍ഡസ്ട്രി പലപ്പോഴും മികച്ച നടനുള്ള അവാര്‍ഡിന് വേണ്ടി പരിശ്രമിക്കും. കാരണം, ആ അവാര്‍ഡ് കിട്ടിയ നടനെ വെച്ച് അവര്‍ക്ക് ഒരുപാട് മാര്‍ക്കറ്റ് ചെയ്യാന്‍ കഴിയും. ആ ഇന്‍ഡസ്ട്രിയില്‍ നിന്ന് മികച്ച നടനുള്ള അവാര്‍ഡ് കിട്ടിയവരെ നോക്കിയാല്‍ അത് മനസിലാകും.

ആ വര്‍ഷം മികച്ച നടനുള്ള അവാര്‍ഡ് കിട്ടിയ നടനും അത്തരത്തില്‍ മാര്‍ക്കറ്റിങ്ങിന് വേണ്ടി അവാര്‍ഡ് കൊടുത്തതാകാം. പക്ഷേ മമ്മൂട്ടിക്ക് അവാര്‍ഡ് കിട്ടാത്തതില്‍ എല്ലാവര്‍ക്കും വിഷമമുണ്ടായിരുന്നു. രണ്ട് നടന്മാര്‍ തമ്മില്‍ പങ്കിട്ട് എടുക്കുകയെങ്കിലും ചെയ്യാമായിരുന്നു. മാത്രമല്ല, ആകയുള്ള 50 അവാര്‍ഡില്‍ ഏഴെണ്ണം ഒരൊറ്റ സിനിമ കൊണ്ടുപോയതും മറ്റൊരു കാരണമാകാം,’ ഷാജി. എന്‍. കരുണ്‍ പറഞ്ഞു.

Content Highlight: Shaji N  Karun explains why Mammootty doesn’t got National Award for Kutty Srank movie

We use cookies to give you the best possible experience. Learn more