| Saturday, 16th October 2021, 10:24 am

നന്ദനം മുതല്‍ കടുവ വരെയുള്ള ടോട്ടല്‍ സിനിമാക്കാരന്റെ ജൈത്രയാത്ര; പൃഥ്വിരാജിന് പിറന്നാളാശംസകള്‍ നേര്‍ന്ന് ഷാജി കൈലാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന്റെ പ്രിയ നടന്‍ പൃഥ്വിരാജിന് പിറന്നാളാശംസകള്‍ നേര്‍ന്ന് സംവിധായകന്‍ ഷാജി കൈലാസ്. ഫേസ്ബുക്കില്‍ പങ്കു വെച്ച കുറിപ്പിലാണ് ഷാജി കൈലാസ് പൃഥ്വിക്ക് ആശംസകള്‍ നേരുന്നത്.

സാങ്കേതികതയെ കുറിച്ചുള്ള അവഗാഹമാണ് പൃഥ്വിരാജില്‍ താന്‍ കാണുന്ന ഏറ്റവും വലിയ ഗുണമെന്നും ഓരോ ലെന്‍സിന്റെയും പ്രത്യേകതയും ലോകസിനിമയില്‍ സംഭവിക്കുന്ന സാങ്കേതികവും അല്ലാത്തതുമായ മാറ്റങ്ങളും രാജു മനപ്പാഠമാക്കുന്നുവെന്നും ഷാജി കൈലാസ് പറയുന്നു.

‘നന്ദനത്തില്‍ തുടങ്ങി കടുവയില്‍ എത്തി നില്‍ക്കുന്ന രാജുവിന്റെ ചലച്ചിത്രയാത്ര വിജയിച്ച, ബുദ്ധിമാനായ, ഒരു ടോട്ടല്‍ സിനിമാക്കാരന്റെ യാത്രയായി കാണാനാണ് എനിക്ക് ഇഷ്ടം. ലൂസിഫറിന്റെ ഓരോ ഫ്രെയിമിലും രാജു കാണിച്ച ബ്രില്യന്‍സ് എനിക്ക് പ്രേരണയായി,’ അദ്ദേഹം പറഞ്ഞു.

കടുവയുടെ ഓരോ സീനിലും ഈ നടന്റെ ചെറുപ്പത്തിന്റെ വീര്യമുള്ള ഊര്‍ജത്തെ ആവാഹിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. എടുത്തു മുന്നേറുന്ന സംവിധായകനെ തന്നെ വിസ്മയപ്പെടുത്താന്‍ ശ്രമിക്കുന്ന നായകനായി രാജു പരിണമിക്കുന്നത് അത്ഭുതത്തോടെ നോക്കിനില്‍ക്കുകയാണ് താനെന്നും ഷാജി കൈലാസ് കൂട്ടിച്ചേര്‍ക്കുന്നു.

പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

ജിനു എബ്രഹാമാണ് കടുവയുടെ തിരക്കഥയൊരുക്കുന്നത്. തമന്‍ എസ്. ആണ് ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നത്. രവി കെ. ചന്ദ്രന്‍ ഛായാഗ്രഹണവും, ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.

ഷാജി കൈലാസിന്റെ പോസറ്റിന്റെ പൂര്‍ണരൂപം:

രാജുവില്‍ ഞാന്‍ കാണുന്ന ഏറ്റവും വലിയ സാങ്കേതികതയെ കുറിച്ചുള്ള അവഗാഹമാണ്. സിനിമ ആത്യന്തികമായി സാങ്കേതികതയുടെയും കൂടി കലയാണല്ലോ. ഓരോ ലെന്‍സിന്റെയും പ്രത്യേകത, ലോകസിനിമയില്‍ സംഭവിക്കുന്ന സാങ്കേതികവും അല്ലാത്തതുമായ മാറ്റങ്ങള്‍, എല്ലാം രാജു മനപ്പാഠമാക്കുന്നു. കാലികമാക്കുന്നു.

കഥ കേള്‍ക്കുമ്പോള്‍ തൊട്ടു തുടങ്ങുന്ന രാജുവിന്റെ ശ്രദ്ധ ഏതൊരു സംവിധായകനേയും മോഹിപ്പിക്കുന്നതാണ്. ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ രാജു കാണിക്കുന്ന സൂക്ഷ്മതയും ജാഗ്രതയും പ്രശംസനീയമാണ്. നന്ദനത്തില്‍ തുടങ്ങി കടുവയില്‍ എത്തി നില്‍ക്കുന്ന രാജുവിന്റെ ചലച്ചിത്രയാത്ര വിജയിച്ച, ബുദ്ധിമാനായ, ഒരു ടോട്ടല്‍ സിനിമാക്കാരന്റെ യാത്രയായി കാണാനാണ് എനിക്ക് ഇഷ്ടം.

ലൂസിഫറിന്റെ ഓരോ ഫ്രെയിമിലും രാജു കാണിച്ച ബ്രില്യന്‍സ് എനിക്ക് പ്രേരണയായി. കടുവയുടെ ഓരോ സീനിലും ഈ നടന്റെ ചെറുപ്പത്തിന്റെ വീര്യമുള്ള ഊര്‍ജത്തെ ആവാഹിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. എടുത്തു മുന്നേറുന്ന സംവിധായകനെ തന്നെ വിസ്മയപ്പെടുത്താന്‍ ശ്രമിക്കുന്ന നായകനായി രാജു പരിണമിക്കുന്നത് അത്ഭുതത്തോടെ നോക്കി നില്‍ക്കുകയാണ് ഞാന്‍.
രാജുവിന് ദീര്‍ഘായുസ്സ്.

ഒരുപാട് കാലം രാജുവിന്റെ പിറന്നാള്‍ സദ്യയുണ്ണാന്‍ മല്ലിക ചേച്ചിക്കും കഴിയട്ടെ. മകന്റെ നേട്ടങ്ങള്‍ കണ്ട് സുകുവേട്ടന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും…
ഹാപ്പി ബര്‍ത്ത് ഡേ രാജൂ. കടുവയുടെ നാമത്തില്‍ താങ്കള്‍ക്കും കുടുംബത്തിനും ആശംസകള്‍ നേരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Shaji Kailas wishes Prithviraj on his Birthday

We use cookies to give you the best possible experience. Learn more