മമ്മൂക്കക്ക് പുത്തൻ ബെൻസ് കൊടുക്കാൻ ആ പ്രൊഡ്യൂസറിന് മടിയായിരുന്നു; വണ്ടി ചീത്തയായി പോകുമെന്ന് പറഞ്ഞു: ഷാജി കൈലാസ്
Entertainment
മമ്മൂക്കക്ക് പുത്തൻ ബെൻസ് കൊടുക്കാൻ ആ പ്രൊഡ്യൂസറിന് മടിയായിരുന്നു; വണ്ടി ചീത്തയായി പോകുമെന്ന് പറഞ്ഞു: ഷാജി കൈലാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 28th November 2024, 11:36 am

മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നാണ് 2000ൽ റിലീസായ വല്ല്യേട്ടൻ. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തില് മമ്മൂട്ടിയായിരുന്നു നായകൻ. അറക്കൽ മാധവനുണ്ണിയായി മമ്മൂട്ടി നിറഞ്ഞാടിയ ചിത്രം ആ വർഷത്തെ പല കളക്ഷൻ റെക്കോഡുകളും തകർത്തെറിഞ്ഞിരുന്നു.

ചിത്രത്തിൽ മമ്മൂട്ടിയുടെ വാഹനമായ വെള്ള ബെൻസ് റിലീസ് സമയത്ത് തന്നെ ചർച്ചയായിരുന്നു. ഇപ്പോൾ മാധവനുണ്ണിയുടെ വണ്ടിയായി ചിത്രത്തിലെത്തിയ ബെൻസിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്. വല്ല്യേട്ടന്റെ നിർമാതാവ് ബൈജു അമ്പലക്കരയുടെ വണ്ടിയായിരുന്നു അതെന്നും നായകന് പറ്റിയ വണ്ടി നോക്കുമ്പോഴായിരുന്നു ബൈജു ബെൻസിൽ വന്നതെന്നും ഷാജി കൈലാസ് പറഞ്ഞു.

മാധവനുണ്ണിക്ക് ബൈജുവിന്റെ ബെൻസ് മതിയെന്ന് താൻ പറഞ്ഞപ്പോൾ വണ്ടി ചീത്തയാകുമെന്ന് നിർമാതാവ് പറഞ്ഞെന്ന് ഷാജി കൂട്ടിച്ചേർത്തു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രൊഡ്യൂസർ ഞങ്ങളെ കാണാൻ വേണ്ടി വന്നപ്പോൾ പുതിയൊരു ബെൻസുമായാണ് വന്നാണ്. കൊള്ളാലോ നല്ല ബെൻസ് ആണല്ലോ, ഇതുമായി അദ്ദേഹത്തിന് കുറെ കാശുണ്ടാക്കാൻ കഴിയട്ടെ എന്നൊക്കെയായിരുന്നു എന്റെ മനസ്സിൽ അപ്പോൾ.

എല്ലാ സിനിമയിലും നായകൻ ഒരു വണ്ടി കൊടുക്കും. അപ്പോൾ മാധവനുണ്ണി എന്ന കഥാപാത്രത്തിനും ഏത് വണ്ടി കൊടുക്കുമെന്ന് ഞാൻ ആലോചിക്കുകയായിരുന്നു. ഒരു വിന്റേജ് സെറ്റപ്പായിരുന്നില്ലേ അറക്കൽ വീട്. അപ്പോൾ അതിന് മുന്നിൽ പുതുപുത്തൻ മോഡൽ ബെൻസ് കിടന്നാൽ അടിപൊളി ആയിരിക്കുമെന്ന് എനിക്ക് തോന്നി.

അപ്പോൾ തന്നെ ഞാൻ ബൈജുവിനോട് പറഞ്ഞു മാധവനുണ്ണിയുടെ വണ്ടി നിന്റെ ഈ ബെൻസാണെന്ന്. ‘അയ്യോ ബെൻസ് സിനിമയിൽ അഭിനയിക്കാനോ, അത് ചീത്തയായി പോകും’ എന്ന്. മമ്മൂക്കയല്ലേ ഓടിക്കുന്നെ പിന്നെ എന്തിനാണ് പേടിക്കുന്നതെന്ന് ഞാൻ പറഞ്ഞു. അങ്ങനെയാണ് അറക്കൽ മാധവനുണ്ണിയുടെ വണ്ടിയായി ബെൻസ് വരുന്നത്,’ ഷാജി കൈലാസ് പറയുന്നു.

റിലീസായി 24 വർഷത്തിന് ശേഷം വല്ല്യേട്ടൻ 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെ നവംബർ 29ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കരയാണ് ചിത്രം വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. ചിത്രത്തിന്റെ 4K ഡോൾബി അറ്റ്മോസിൽ റീമാസ്റ്റർ ചെയ്ത ട്രെയ്‌ലർ അണിയറ പ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിക്കുന്നത്.

Content Highlight: Shaji Kailas Talks About Mammootty’s Vehicle In Valliettan Movie