രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത് 2000ത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് വല്ല്യേട്ടന്‍. അറക്കല്‍ മാധവനുണ്ണിയായി മമ്മൂട്ടി തകര്‍ത്താടിയ ചിത്രം കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞിരുന്നു. തിയേറ്റര്‍ റെക്കോഡുകള്‍ക്ക് പുറമെ ഏറ്റവും കൂടുതല്‍ തവണ ടെലിവിഷന്‍ സ്‌ക്രീനിങ് നടത്തിയ മലയാളസിനിമയെന്ന റെക്കോഡും വല്ല്യേട്ടനാണ്.
24 വര്‍ഷങ്ങള്‍ക്ക് ശേഷം 4k വേര്‍ഷനില്‍ റീമാസ്റ്റര്‍ ചെയ്ത് ചിത്രം വീണ്ടും തിയേറ്ററുകളിലേക്കെത്തുകയാണ്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞദിവസം റിലീസ് ചെയ്തിരുന്നു. മമ്മൂട്ടി എന്ന ആര്‍ട്ടിസ്റ്റിന്റെ ഗ്ലാമര്‍ മനസിലായത് വല്ല്യേട്ടന്‍ എന്ന സിനിമ കണ്ടപ്പോഴാണെന്ന് പറയുകയാണ് ഷാജി കൈലാസ്. പുതിയ ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറ്റിയതിന് ശേഷമാണ് ചിത്രത്തിന്റെ ഡെപ്ത്ത് മനസിലായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷാജി കൈലാസ്.
‘വല്ല്യേട്ടന്‍ സിനിമയുടെ ആദ്യത്തെ റിലീസ് കഴിഞ്ഞിട്ട് പിന്നെ ഞാന്‍ ആ സിനിമ തിയേറ്ററില്‍ നിന്ന് കണ്ടിട്ടില്ല. ഫോണില്‍ ഇടക്കിടക്ക് കുറച്ച് സീനുകള്‍ കാണും. അല്ലാതെ ഫുള്‍ സിനിമയായിട്ട് അതിന് ശേഷം കണ്ടിട്ടില്ല. ഞാന്‍ വല്ല്യേട്ടന് ശേഷം തമിഴിലേക്ക് പോയി. തിരിച്ച് വന്നപ്പോഴേക്കും സിനിമ നൂറ് ദിവസമെല്ലാം കഴിഞ്ഞു.
അതിന് ശേഷം ഞാന്‍ തിയേറ്ററില്‍ പോയിട്ട് വല്ല്യേട്ടന്‍ കണ്ടിട്ടില്ല. അത് കഴിഞ്ഞ് ഞാന്‍ തിയേറ്ററില്‍ സിനിമ കാണുന്നത് വല്ല്യേട്ടന്‍ ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറ്റിയതിന് ശേഷമാണ്. അപ്പോഴാണ് ചിത്രത്തിന്റെ ഡെപ്ത്ത് മനസിലാക്കിയത്.
അത് കണ്ടപ്പോഴാണ് മമ്മൂക്ക എന്ന ആര്‍ട്ടിസ്റ്റിന്റെ ഗ്ലാമര്‍ മനസിലാകുന്നത്. അദ്ദേഹത്തിന്റെ പവറും ആ ഒരു എനര്‍ജിയും എല്ലാം അത് കണ്ടപ്പോള്‍ മനസിലായി. അത് പിന്നെയും തിയേറ്ററില്‍ കാണാമല്ലോ എന്നോര്‍ത്ത് ഞാന്‍ വീണ്ടും സന്തോഷിച്ചു,’ ഷാജി കൈലാസ് പറയുന്നു.
Content Highlight: Shaji Kailas Talks About Mammootty In Valliettan