അതിനൊരു തറവാടിത്തം ഉണ്ടായിരുന്നു; അയാളുടെ വരവില്‍ ഹോളിവുഡ് പോലും കിടുങ്ങി: ഷാജി കൈലാസ്
Entertainment
അതിനൊരു തറവാടിത്തം ഉണ്ടായിരുന്നു; അയാളുടെ വരവില്‍ ഹോളിവുഡ് പോലും കിടുങ്ങി: ഷാജി കൈലാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 25th November 2024, 8:57 am

മലയാള സിനിമയില്‍ മാസ് സിനിമകളിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ച സംവിധായകനാണ് ഷാജി കൈലാസ്. 1989ല്‍ ദി ന്യൂസ് എന്ന സിനിമയിലൂടെ സംവിധാന രംഗത്തെത്തിയെങ്കിലും 1990ല്‍ പുറത്തിറങ്ങിയ ഡോക്ടര്‍ പശുപതിയാണ് അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവാകുന്നത്.

പിന്നീട് ദി കിംഗ്, കമ്മീഷണര്‍, മാഫിയ, നരസിംഹം, ആറാം തമ്പുരാന്‍, വല്ല്യേട്ടന്‍ തുടങ്ങിയ നിരവധി മികച്ച സിനിമകളാണ് ഷാജി കൈലാസ് മലയാള സിനിമക്ക് നല്‍കിയത്. മിക്ക സിനിമകളും മലയാളത്തിലെ എക്കാലത്തെയും ബോക്‌സ് ഓഫീസ് ഹിറ്റ് ചിത്രങ്ങളായിരുന്നു.

ഇപ്പോള്‍ ഏത് ഴോണര്‍ സിനിമകളാണ് ഇഷ്ടം എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് സംവിധായകന്‍. ലാസ്റ്റ് എമ്പറര്‍ പോലെയുള്ള സിനിമകളാണ് ഇഷ്ടമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തനിക്ക് സംവിധായകന്‍ ജോണ്‍ വൂവിനെ വലിയ ഇഷ്ടമാണെന്നും ഷാജി കൈലാസ് പറഞ്ഞു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്ന സംവിധായകന്‍.

‘എനിക്ക് ഇഷ്ടമുള്ള ഴോണര്‍ ഏതാണെന്ന് ചോദിച്ചാല്‍, ലാസ്റ്റ് എമ്പറര്‍ പോലെയുള്ള സിനിമകളാണ് ഇഷ്ടം. അത്തരം സിനിമകളോട് വല്ലാത്ത ഇഷ്ടമാണ്. അതുപോലെ ജോണ്‍ വൂവിന്റെ ഒരു ഇഷ്ടക്കാരനാണ് ഞാന്‍. അദ്ദേഹത്തെ എനിക്ക് വലിയ ഇഷ്ടമാണ്.

അദ്ദേഹത്തിന്റെ കട്ടിങ് പാറ്റോണ്‍സും എനിക്ക് വലിയ ഇഷ്ടമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു ജോണ്‍ വൂ ഹോളിവുഡില്‍ കയറി ചെന്ന് അവിടെ തകര്‍ത്തു കളയുന്നത്. അദ്ദേഹത്തിന്റെ വരവ് സത്യത്തില്‍ ഹോളിവുഡ് കിടുക്കിയിരുന്നു.

കാരണം ഇങ്ങനെയൊരു പാറ്റേണ്‍ ഹോളിവുഡ് മുമ്പ് കണ്ടിരുന്നില്ല. വേറൊന്നുമല്ല, അതിനൊരു തറവാടിത്തം ഉണ്ടായിരുന്നു. സാധാരണ കൊറിയന്‍ പടങ്ങളെ പോലെ ചപ്പുചവറുകള്‍ അല്ലായിരുന്നു. ബാക്ക് ഹിസ്റ്ററിയുള്ള സിനിമകളാണ് മിക്കതും,’ ഷാജി കൈലാസ് പറയുന്നു.


Content Highlight: Shaji Kailas Talks About John Woo And Hollywood Movie