| Wednesday, 13th July 2022, 4:26 pm

സ്ത്രീകളാണ് വീട്ടിലെ രാജാവ്, ബഹളവും ആക്ഷനുമൊക്കെ വരുമ്പോൾ ഒരു സ്ത്രീയെ വലിച്ച് മുന്നിലിടാൻ പറ്റില്ലല്ലോ: ഷാജി കൈലാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കടുവ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. എന്നാൽ ചിത്രത്തിൽ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞ് പോയെന്നും ഒരു പക്കാ മെയിൽ ഓറിയന്റഡ് പടമാണെന്ന തരത്തിലുള്ള വിമർശനങ്ങളും ഉയർന്നു വരുന്നുണ്ട്. അതിന് മറുപടി നൽകിയിരിക്കുകയാണ് ഷാജി കൈലാസ്.

സ്ത്രീകളാണ് വീട്ടിലെ രാജാവെന്നും ബഹളവും ആക്ഷനുമൊക്കെ വരുമ്പോൾ ഒരു സ്ത്രീയെ വലിച്ച് മുന്നിലിടാൻ പറ്റില്ലല്ലൊ എന്നുമാണ് അദ്ദേഹം പറയുന്നത്. ബിഹൈൻഡ് വുഡ്‌സ് ഐസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷാജി കൈലാസ്.

‘ഫാമിലി സീക്വൻസിൽ രാത്രി കുര്യച്ചൻ തന്റെ പ്രശ്നങ്ങൾ പറഞ്ഞിട്ട് ഡൈനിങ് ടേബിളിൽ വന്നിരിക്കും. ആ സമയം ആരും മിണ്ടുന്നില്ല. അപ്പോൾ അയാൾ ചോദിക്കുന്നുണ്ട് എന്താ മിണ്ടാത്തതെന്ന്. കുട്ടികളെയെല്ലാം ചേർത്ത് പിടിച്ചിട്ട് പറയും നിങ്ങൾ അല്ലെ എന്റെ ബലമെന്ന്. അതൊരു പിതാവാണ്. അവിടെ പ്രശ്നങ്ങൾ ഒന്നുമില്ല.

അപ്പോൾ ഭാര്യയുടെ ഒരു നോട്ടം വരുന്നുണ്ട്, സ്നേഹത്തോടെയും ശാസനയോടെയും കൂടിയാണത്. അത് ഞങ്ങൾ ക്ളീൻ ആയി എടുത്തിട്ടുണ്ട്. സ്ത്രീകൾക്ക് പ്രാധാന്യം കൊടുത്തിരിക്കുകയാണ് അവിടെ. സ്ത്രീകളാണ് വീട്ടിലെ രാജാവ്.

അവരാണ് ചെയ്യേണ്ടത് ഓരോ കാര്യങ്ങൾ. ആ രീതിയിലാണ് നമ്മൾ പ്രെസന്റ് ചെയ്തിരിക്കുന്നത്. പിന്നെ സ്പേസ് കൂടിയിട്ടില്ല എന്നേ ഉള്ളൂ. ബഹളവും ആക്ഷനുമൊക്കെ വരുമ്പോൾ ഒരു സ്ത്രീയെ വലിച്ച് മുന്നിലിടാൻ പറ്റില്ലല്ലൊ. അതൊക്കെ ഒരു ശേഷിയാണ്,’ ഷാജി കൈലാസ് പറഞ്ഞു.

മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ദുബായ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലും ഹൈദരബാദും, ചെന്നൈയും ഉള്‍പ്പെടെയുള്ള നഗരങ്ങളിലും പ്രൊമോഷന്‍ ചെയ്തതും ചിത്രത്തിന് ഗുണം ചെയ്തു.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവ നിര്‍മിച്ചത്. ആദം ജോണ്‍ എന്ന ചിത്രത്തിന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേര്‍സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.

Content Highlight: Shaji kailas talking about importance of female role in Kaduva

We use cookies to give you the best possible experience. Learn more