| Wednesday, 27th July 2022, 4:39 pm

'എത്ര കാലം പടം ചെയ്യാതിരുന്നാലും ഒരൊറ്റ റിങ്ങില്‍ എന്റെ കോള്‍ അറ്റന്‍ഡ് ചെയ്യുന്നവരാണ് ആ രണ്ട് പേര്‍'; സുഹൃത്തുക്കളെ കുറിച്ച് ഷാജി കൈലാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നീണ്ട കാലത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയ സംവിധായകനാണ് ഷാജി കൈലാസ്. പൃഥ്വിരാജ് നായകനായെത്തിയ കടുവക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.

തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു സുഹൃത്തുക്കളെ കുറിച്ച് തുറന്ന് പറയുകയാണ് ഷാജി കൈലാസ് ഇപ്പോള്‍. കാന്‍ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവിതത്തില്‍ എനിക്ക് എപ്പോഴും രണ്ട് പേരെ ഉണ്ടായിരുന്നുളളൂ, സുരേഷ് ഗോപിയും രണ്‍ജി പണിക്കരുമാണ് അവരെന്നാണ് ഷാജി കൈലാസ് പറഞ്ഞത്. എത്ര അകന്നിരുന്നാലും എത്ര വര്‍ഷം പടം ചെയ്യാതിരുന്നാലും ഒരൊറ്റ കോളില്‍ അവര്‍ അറ്റന്‍ഡ് ചെയ്യുമെന്നാണ് അദ്ദേഹം സംസാരിച്ചത്.

‘ജീവിതത്തില്‍ എനിക്ക് എപ്പോഴും രണ്ട് പേരെ ഉണ്ടായിരുന്നുളളൂ, സുരേഷ് ഗോപിയും രണ്‍ജി പണിക്കരും. എല്ലാ കാര്യങ്ങള്‍ക്കും എന്നോടൊപ്പം നിന്ന രണ്ടുപേരാണ് അവര്‍. എന്റെ പേഴ്സണല്‍ ലൈഫില്‍ പോലും അവര്‍ക്ക് സ്ഥാനമുണ്ട്. എനിക്ക് അവരെ മറക്കാന്‍ പറ്റില്ല.

എത്ര അകന്നിരുന്നാലും എത്ര വര്‍ഷം പടം ചെയ്യാതിരുന്നാലും ഒരൊറ്റ റിങ്ങില്‍ എന്റെ കോള്‍ അവര്‍ അറ്റന്‍ഡ് ചെയ്യും. എന്ത് ആവശ്യമുണ്ടെങ്കിലും ഓടി വരുന്നവരാണ്. അങ്ങനെ കുറച്ച് സുഹൃത്തുക്കളെയല്ലേ കിട്ടുകയുള്ളൂ.

സുരേഷ് ഗോപിയെ ഞാന്‍ ആദ്യം കാണുന്നത് മനു അങ്കിളിന്റെ സെറ്റില്‍ വെച്ചാണ്. അന്ന് പൊലീസ് വേഷത്തില്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ തന്നെ എനിക്ക് തോന്നിയിരുന്നു ഭാവിയില്‍ സൂപ്പര്‍ സ്റ്റാര്‍ ആകുമെന്ന്,’ ഷാജി കൈലാസ് പറഞ്ഞു.

സംയുക്ത മേനോന്‍, ഷാജോണ്‍, വിവേക് ഒബ്രോയ് എന്നിവരായിരുന്നു കടുവയിലെ മറ്റു താരങ്ങള്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവ നിര്‍മിച്ചത്.

ആദം ജോണ്‍ എന്ന ചിത്രത്തിന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേര്‍സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.

Content Highlight: Shaji Kailas talking about his best friends

We use cookies to give you the best possible experience. Learn more