മലയാള സിനിമയില്‍ ഒരുപാട് ഹിറ്റ് മാസ് സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ഷാജി കൈലാസ്. മോഹന്‍ലാലിനൊപ്പം പുതുതായി ചെയ്യുന്ന സിനിമയുടെ പണിപ്പുരയിലാണ് അദ്ദേഹം.
ഇതിനിടെ മലയാളികളുടെ അഭിമാനമായ ടോകിയോ ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവ് പി.ആര്‍. ശ്രീജേഷിനെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍. ഫേസ്ബുക്കിലായിരുന്നു ഷാജി കൈലാസ് ശ്രീജേഷിനെയും കുടുംബത്തേയും കണ്ടതിന്റെ വിശേഷം ഫോട്ടോകള്‍ സഹിതം പങ്കിട്ടത്.
ശ്രീജേഷിനൊപ്പം ഭാര്യ അനീഷ്യയും മകളും ഉണ്ടായിരുന്നു.
കുതിരാനില്‍ മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്നു എന്നും ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറിയപ്പോഴാണ് ശ്രീജേഷിനെ കണ്ടതെന്നും അപ്രതീക്ഷിത കാഴ്ചയായിരുന്നു എന്നുമാണ് അദ്ദേഹം പോസ്റ്റില്‍ പറഞ്ഞത്. ഒളിംപിക്‌സ് മെഡല്‍ ജേതാവിനൊപ്പമുള്ള നിമിഷങ്ങള്‍ അഭിമാനത്തിന്റേതായിരുന്നു എന്ന രീതിയിലാണ് പോസ്റ്റ് എഴുതിയിരിക്കുന്നത്.
”ഒളിംപിക്സില്‍ മെഡല്‍ നേടിയ മലയാളി. ഇന്ത്യന്‍ ഹോക്കിയുടെ ഗോള്‍വല കാത്ത അതുല്യപ്രതിഭ. പരസ്പരം കണ്ടപ്പോള്‍, സംസാരിച്ചപ്പോള്‍, അടുത്ത് നിന്ന് ഫോട്ടോക്ക് പോസ് ചെയ്തപ്പോള്‍ അതൊരു അഭിമാനത്തിന്റെ നിമിഷമായി മാറി. ശ്രീജേഷിനെ കണ്ടതും സംസാരിക്കാന്‍ പറ്റിയതും മഹാഭാഗ്യമായി കരുതുന്നു.
ഈ കായികതാരം ഇനിയും ഉയരങ്ങള്‍ കീഴടക്കട്ടെ. മലയാളിയുടെ പേരും പെരുമയും സഹ്യന്‍ കടന്ന്, കടല്‍ കടന്ന് ലോകമെമ്പാടും എത്തട്ടെ. നന്ദി ശ്രീജേഷ്. അങ്ങേക്ക് വേണ്ടി ഏതൊരു കയികപ്രേമിയേയും പോലെ ഞാനും പ്രാര്‍ത്ഥിക്കുന്നു. ചക് ദേ ഇന്ത്യ,” ഷാജി കൈലാസ് പോസ്റ്റില്‍ പറഞ്ഞു.
ഇന്ത്യന്‍ ഹോക്കി ടീമിലെ ഗോള്‍കീപ്പറായ പി.ആര്‍. ശ്രീജേഷ് ജപ്പാനിലെ ടോകിയോയില്‍ വെച്ച് നടന്ന ഒളിംപിക്‌സില്‍ ഹോക്കി ടീമിന്റെ ഭാഗമായി വെങ്കല മെഡല്‍ നേടിയിരുന്നു. ഒളിംപിക്‌സില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ മലയാളി കൂടിയാണ് ശ്രീജേഷ്.
11 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരു സിനിമ വരുന്നത്. ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മിക്കുന്നത്. 2009ല്‍ പുറത്തിറങ്ങിയ റെഡ് ചില്ലീസ് എന്ന ചിത്രത്തിലായിരുന്നു അവസാനമായി ഇരുവരും ഒരുമിച്ചത്.
ആറാം തമ്പുരാന്‍, നരസിംഹം, അലിബായ്, ബാബ കല്യാണി എന്നിവയാണ് ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മറ്റ് ഹിറ്റ് ചിത്രങ്ങള്‍.