| Monday, 25th November 2024, 11:34 am

പരീക്ഷണ സിനിമകളും പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് തെളിയിച്ച വിജയമായിരുന്നു ആ ചിത്രത്തിന്റേത്: ഷാജി കൈലാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ എണ്ണം പറഞ്ഞ മാസ് സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് ഷാജി കൈലാസ്. ഡോക്ടര്‍ പശുപതിയിലൂടെ ശ്രദ്ധേയനായ ഷാജി കൈലാസ് ദി കിംഗ്, കമ്മീഷണര്‍, ആറാം തമ്പുരാന്‍, നരസിംഹം, വല്ല്യേട്ടന്‍ തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇടക്ക് തുടര്‍പരാജയങ്ങള്‍ നേരിട്ട് സിനിമയില്‍ നിന്ന് വിട്ടുനിന്ന ഷാജി കൈലാസ് കടുവയിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു.

തന്റെ സ്ഥിരം ശൈലിയിലുള്ള സിനിമകള്‍ക്ക് ഇപ്പോള്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഷാജി കൈലാസ്. തന്റെ ശൈലി അതുപോലെ ഇല്ലെങ്കിലും ആക്ഷന്‍ സിനിമകള്‍ക്ക് സ്വീകാര്യതയുണ്ടെന്ന് മനസിലായത് എ.ആര്‍.എമ്മിന്റെ വിജയത്തിലൂടെയാണെന്ന് ഷാജി കൈലാസ് പറഞ്ഞു.

എ.ആര്‍.എമ്മിന്റെ കൂടെയിറങ്ങിയ കിഷ്‌കിന്ധാ കാണ്ഡവും വന്‍ വിജയമായത് തന്നെ ഒരുപാട് സന്തോഷിപ്പിച്ചുവെന്ന് ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു.എ.ആര്‍.എം മാസ് ഴോണറിലൊരുങ്ങിയപ്പോള്‍ കിഷ്‌കിന്ധാ കാണ്ഡം പരീക്ഷണസിനിമയായിട്ടാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയതെന്നും ആ സിനിമയും പ്രേക്ഷകര്‍ സ്വീകരിച്ചെന്നും ഷാജി കൈലാസ് പറഞ്ഞു.

പണ്ട് കാലത്ത് ഇത്തരം പരീക്ഷണസിനിമകള്‍ ചെയ്യാന്‍ പേടിയായിരുന്നെന്നും ആ സിനിമയുടെ വിജയം കോണ്‍ഫിഡന്‍സ് തന്നുവെന്നും ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു. പ്രേക്ഷകരുടെ ആസ്വാദനനിലവാരം കൂടുതല്‍ മെച്ചപ്പെട്ടെന്ന് ഇപ്പോള്‍ മനസിലായെന്നും ഷാജി കൈലാസ് പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ സ്ഥിരം ശൈലിയില്‍ അല്ലെങ്കില്‍ പോലും അതുപോലെ വന്ന ഒരു സിനിമയാണ് എ.ആര്‍.എം. ആക്ഷനിലേക്ക് മിത്ത് എന്നൊരു ഴോണറും ചേര്‍ത്ത് ഒരുക്കിയ മികച്ചൊരു എക്‌സ്പീരിയന്‍സായിരുന്നു ആ സിനിമ. അതിന്റെ മേക്കിങ്ങും നന്നായിരുന്നു. ആ സിനിമയുടെ വിജയവും അതിന്റെ കൂടെ റിലീസായ കിഷ്‌കിന്ധാ കാണ്ഡത്തിന്റെ വിജയവും എന്നെ സന്തോഷിപ്പിച്ചു.

എ.ആര്‍.എം കൊമേഴ്‌സ്യല്‍ സിനിമയാണെങ്കില്‍ കിഷ്‌കിന്ധാ കാണ്ഡം ഒരു പരീക്ഷണചിത്രമായിരുന്നു. രണ്ട് സിനിമയെയും രണ്ട് രീതിയിലാണ് ഓഡിയന്‍സ് സമീപിച്ചത്. പണ്ടൊക്കെ ഇതുപോലെ പരീക്ഷണസിനിമ ചെയ്യാന്‍ നമുക്ക് പേടിയായിരുന്നു. കിഷ്‌കിന്ധാ കാണ്ഡത്തിന്റെ വിജയം എനിക്ക് മാത്രമല്ല പലര്‍ക്കും കോണ്‍ഫിഡന്‍സ് കൊടുത്തു. പ്രേക്ഷകരുടെ ആസ്വാദനനിലവാരം കുറച്ചുകൂടി ഉയര്‍ന്നു എന്നതിന്റെ തെളിവാണ് ഇത്,’ ഷാജി കൈലാസ് പറയുന്നു.

Content Highlight: Shaji Kailas shares his thought about the success of Ajayante Randam Moshanam and Kishkindha Kaandam

We use cookies to give you the best possible experience. Learn more