| Wednesday, 20th July 2022, 4:05 pm

കുറി തൊട്ട് കൊട്ട മണിയായി പൃഥി; കാപ്പ മേക്കിങ് വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാപ്പ. കടുവക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. കൊട്ട മധു എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ മേക്കിങ് വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഷാജി കൈലാസ് തന്നെയാണ് മേക്കിങ് വീഡിയോ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീഡിയോയില്‍ വ്യത്യസ്ത ലുക്കില്‍ പൃഥ്വിരാജിനെ കാണാന്‍ കഴിയും. കുറി തൊട്ട് കൊട്ട മണിയായി മാറിയ പൃഥ്വിരാജാണ് വീഡിയോയിലുള്ളത്.

കഴിഞ്ഞ ദിവസം കൊട്ട മധു ആകുന്നതിന് മുമ്പ് എന്ന അടിക്കുറിപ്പില്‍ പൃഥി കാപ്പയിലെ ഒരു സ്റ്റില്‍ പോസ്റ്റ് ചെയ്തിരുന്നു. അതില്‍ നിന്ന് വ്യത്യസ്തമായ ലുക്കാണ് ഇന്ന് പുറത്ത് വന്ന മേക്കിങ് വീഡിയോയില്‍ കാണുന്നത്.

തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ഒരു കൊമേഴ്‌സ്യല്‍ ഗ്യാങ്സ്റ്റര്‍ മൂവിയായിട്ടാണ് ചിത്രമൊരുങ്ങുന്നത്. നേരത്തെ വേണു സംവിധാനം ചെയ്യാനിരുന്ന ചിത്രം പിന്നീട് ഷാജി കൈലാസിലേക്ക് എത്തുകയായിരുന്നു.

പൃഥ്വിരാജിനെ കൂടാതെ ആസിഫ് അലി, മഞ്ജു വാര്യര്‍, അന്ന ബെന്‍, ഇന്ദ്രന്‍സ്, നന്ദു തുടങ്ങി അറുപതോളം താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഫെഫ്ക റൈറ്റേഴ്സ് യൂണിയന്‍ നിര്‍മാണ പങ്കാളിയാവുന്ന പ്രഥമ ചലച്ചിത്ര നിര്‍മാണ സംരംഭമാണ് കാപ്പ.


അംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി, ഡോള്‍വിന്‍ കുര്യാക്കോസ് ജിനു.വി എബ്രഹാം,ദിലീഷ് നായര്‍ എന്നിവര്‍ പങ്കാളികളായ തിയറ്റര്‍ ഓഫ് ഡ്രീംസ് എന്ന ചലച്ചിത്ര നിര്‍മാണ കമ്പനിയുമായി ചേര്‍ന്നാണ് റൈറ്റേഴ്സ് യൂണിയന്‍ ഈ സംരംഭത്തിന് തുടക്കമിടുന്നത്.

ക്യാമറ സാനു ജോണ്‍ വര്‍ഗീസ്, എഡിറ്റര്‍ മഹേഷ് നാരായണന്‍, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, ആര്‍ട്ട് ദിലീപ് നാഥ്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവ്യര്‍, സ്റ്റില്‍സ് ഹരിതിരുമല, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജൂ വൈക്കം, അനില്‍ മാത്യു. അതേസമയം കടുവ തിയേറ്ററുകളില്‍ വന്‍ വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. സകല കളക്ഷന്‍ റെക്കോഡുകളും തിരുത്തിയാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്.

Content Highlight : Shaji kailas shared making video of Kaapa Movie

We use cookies to give you the best possible experience. Learn more