ഷാജി കൈലാസ് പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ കടുവ വലിയ രീതിയിലുള്ള വിമർശനങ്ങൾ നേരിട്ടിരുന്നു. ചിത്രത്തിൽ പൃഥ്വിരാജ് കടുവാക്കുന്നേല്‍ കുര്യച്ചൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അടിയും ഇടിയും മാസ് സീനുകളും വരുന്ന ചിത്രമായിരുന്നു ഇത്.
കടുവാക്കുന്നേല്‍ കുര്യച്ചൻ എന്ന കഥാപാത്രം ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. ആ കഥാപാത്ര അവതരണത്തെ കുറിച്ച് പറയുകയാണ് ഷാജി കൈലാസ് ഇപ്പോൾ. കാൻചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയോര സ്ഥലങ്ങളിലാണ് ആത്മാവുള്ള കഥാപാത്രങ്ങളുള്ളതെന്നും സ്ത്രീകളുടെ ശക്തമായ പിൻബലത്തോടുകൂടിയാണ് ഈ ക്യാരക്ടറുകൾ വളരുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്.
‘മലയോര സ്ഥലങ്ങളിലാണ് ആത്മാവുള്ള കഥാപാത്രങ്ങളുള്ളത്. ശക്തമായ ആൺ കഥാപാത്രങ്ങളുള്ളത് അവിടെയാണ്. അതെ പോലെ അവരുടെ വീട്ടിലെ പെണ്ണുങ്ങളും സ്ട്രോങ്ങാണ്. ഒരു രാഷ്ട്രീയ നേതാവിനെ അറസ്റ്റ് ചെയ്തപ്പോൾ അദ്ദേഹത്തിന്റെ വീട്ടുകാരിയുടെ പ്രതികരണം നമ്മൾ ഈ ഇടക്ക് കണ്ടു. അത്രയും ശക്തമായ ക്യാരക്ടറുകളാണ് അവിടെയുള്ളത്.
സ്ത്രീകളുടെ ശക്തമായ പിൻബലത്തോടുകൂടിയാണ് ഈ ക്യാരക്ടറുകൾ വളരുന്നത്. അവിടെയൊക്കെ നമ്മൾ ഇക്വാളിറ്റി കൊടുക്കണം. അതുകൊണ്ടാണല്ലോ ആണുങ്ങൾ ഇത്ര ശക്തരാകുന്നത്. ആ പെൺ ബലമുള്ളതുകൊണ്ടാണ്,’ ഷാജി കൈലാസ് പറഞ്ഞു.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവ നിര്‍മിച്ചത്. ആദം ജോണ്‍ എന്ന ചിത്രത്തിന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേര്‍സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.
Content Highlight: Shaji Kailas says that we have seen the reaction of a politician’s wife when he was arrested, they are strong