| Thursday, 21st July 2022, 2:19 pm

മൊത്തം സിനിമയെ ബാധിക്കാതിരിക്കാനാണ് ഞങ്ങൾ മാപ്പ് പറഞ്ഞത്; സമൂഹമാണ് കറക്ട് ചെയ്യപ്പെടേണ്ടത്, സിനിമയല്ല: ഷാജി കൈലാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവയുടെ റിലീസിനെ തുടർന്ന് വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഭിന്ന ശേഷിക്കാരായ കുട്ടികളുണ്ടാകുന്നത് മാതാപിതാക്കൾ ചെയ്ത പാപത്തിന്റെ ഫലമാണെന്ന നായകൻ പറയുന്ന ഡയലോഗിനാണ് വിമർശനങ്ങൾ നേരിടേണ്ടി വന്നത്. ഇതിനെ തുടർന്ന് കേസും രജിസ്റ്റർ ചെയ്തിരുന്നു. പിന്നീട് ആ സീൻ ചിത്രത്തിൽ നിന്നും നീക്കം ചെയ്യപ്പെട്ടു.

പൃഥിരാജ്, ഷാജി കൈലാസ് എന്നിവർ സോഷ്യൽ മീഡിയയിലും പിന്നീട് പ്രസ്സ് മീറ്റിലും മാപ്പ് പറഞ്ഞിരുന്നു. ആ രംഗത്തെ കുറിച്ചും മാപ്പ് പറയാനുണ്ടായ സാഹചര്യത്തെ കുറിച്ചും സംസാരിക്കുകയാണ് ഷാജി കൈലാസ് ഇപ്പോൾ.

കാൻചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്ദേശിക്കാത്ത അർത്ഥം കണ്ടെത്തി ഒരു ആംഗിളിൽ മാത്രം ചിന്തിക്കരുതെന്നും സിനിമയെ സിനിമയായി കാണണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

‘ചിത്രം റിലീസായ സന്തോഷത്തിലിരിക്കുമ്പോഴാണ് ആ ഡയലോഗിന്റെ പേരിൽ കേസ് വരുന്നത്. അത് ആരെയെങ്കിലും മുറിപ്പെടുത്താൻ വേണ്ടി ചെയ്തതല്ല. നമ്മൾ അതിന് മാപ്പ് പറഞ്ഞു. ആ സീൻ മാറ്റേണ്ടിയും വന്നു. ഇങ്ങനെ തുടരുകയാണെങ്കിൽ അത് കലയെ ബാധിക്കും.

നമ്മൾ ഉദ്ദേശിക്കാത്ത അർത്ഥം കണ്ടെത്തി ഒരു ആംഗിളിൽ മാത്രം ചിന്തിക്കരുത്. സിനിമയെ സിനിമയായി കാണുക. അതൊരു കലാരൂപമാണ്.

നമ്മുടെ സിനിമകളും വിമർശിക്കപ്പെടേണ്ടതാണ്. ഇഷ്ടമായില്ലെങ്കിൽ ഇഷ്ടമായില്ലെന്ന് പറയാം. സിനിമ ബോറാണെന്ന് പറയുന്നവരുമുണ്ടല്ലോ. അത് കേൾക്കാനും ഞങ്ങൾ തയ്യാറാണ്. മനപൂർവ്വം ഒരൊറ്റ സംഭാഷണം കൊണ്ട് മാത്രം നമ്മളെ വിമർശിക്കരുത്.

സിനിമയിൽ നിങ്ങൾ ഇങ്ങനെയാവരുത്, തെറ്റ് ചെയ്യരുത് എന്ന തരത്തിലാണ് നായകൻ അയാളെ ഉപദേശിക്കുന്നത്. അല്ലാതെ വേറെ ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്. അവിടെയും നമ്മൾ മാപ്പുപറഞ്ഞു. ആ സീക്വൻസ് തന്നെ മാറ്റേണ്ടി വന്നു. ആരെയും മനപൂർവ്വമല്ലാതെപോലും പോലും വേദനിപ്പിക്കാൻ ഞങ്ങൾക്ക് ഇഷ്ടമല്ല.

കഴിഞ്ഞ ഒരു അഞ്ചാറു വർഷമായാണ് പൊളിറ്റിക്കൽ കറക്ടനസിന്റെ ക്രൈസിസ് നമ്മൾ അനുഭവിക്കാൻ തുടങ്ങിയത്. സമൂഹമാണ് കറക്ട് ചെയ്യപ്പെടേണ്ടത്. സിനിമയല്ല. സിനിമ കണ്ട് ആരും തന്നെ ഇൻഫ്ലുവൻസ് ചെയ്യപ്പെടുന്നില്ല. നമ്മൾ സ്വയം കറക്ട് ചെയ്യുക.


നമ്മുടെ മനസ് ശുദ്ധീകരിക്കാതെ ഒന്നും നടക്കില്ല. മൊത്തം സിനിമയെ ബാധിക്കരുതെന്ന് ഉള്ളതുകൊണ്ട് കൊണ്ടാണ് ഞങ്ങൾ മാപ്പ് പറഞ്ഞത്. തിയേറ്റർ തൊഴിലാളികൾക്കും സിനിമ പ്രവർത്തകർക്കും സിനിമക്കും ഒന്നും സംഭവിക്കാതിരിക്കാനാണ് മാപ്പ് പറഞ്ഞത്,’ ഷാജി കൈലാസ് പറഞ്ഞു.

Content Highlight: Shaji Kailas says that we apologized for not to affect the overall film, Society needs to be corrected, not cinema

We use cookies to give you the best possible experience. Learn more