| Saturday, 16th July 2022, 3:26 pm

കമ്പി വിട്ടു പോയതോടെ ക്യാമറയുടെ പിറകില്‍ നിന്നയാള്‍ മുമ്പില്‍ പോയി കിടന്നു, ഓടി വന്ന സിംഹം അയാളുടെ പുറത്ത് കയറി നിന്നു; നരസിംഹം ഷൂട്ടിലെ വെല്ലുവിളികളെ കുറിച്ച് ഷാജി കൈലാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷാജി കൈലാസ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ഹിറ്റ് ചിത്രമാണ് നരസിംഹം. പൂവള്ളി ഇന്ദുചൂഡന്‍ എന്ന മോഹന്‍ലാലിന്റെ മാസ് ഹീറോ നായകന്‍ ഇന്നും ആരാധകര്‍ ആഘോഷിക്കുന്നുണ്ട്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ പലയിടത്തും സിംഹത്തെ കാണിക്കുന്നുണ്ടായിരുന്നു.

ഒറിജിനലായി സിംഹത്തെ വെച്ച് ചിത്രീകരിച്ച രംഗങ്ങളാണ് സിനിമയില്‍ ഉണ്ടായിരുന്നത് എന്ന് പറയുകയാണ് ഷാജി കൈലാസ്. സിംഹത്തെ വെച്ചുള്ള ഷൂട്ട് അത്ര എളുപ്പമായിരുന്നില്ല എന്നും ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഷാജി കൈലാസ് പറയുന്നു.

‘ഷൂട്ടിനായി സര്‍ക്കസില്‍ നിന്ന് വെല്ലോം ലൈസന്‍സുള്ള സിംഹത്തെ കൊണ്ടുവരാനാണ് ഞാന്‍ ആവശ്യപ്പെട്ടത്. അങ്ങനെ ഷൂട്ടിനായി സിംഹത്തെ സെറ്റില്‍ എത്തിച്ചു. സിംഹത്തിന് ഒരു ആടിന്റെ പകുതി കൊടുത്താല്‍ അത് മുഴുവന്‍ കഴിച്ചിട്ട് ഉറങ്ങും. അതിനിടക്ക് തട്ടിയുണര്‍ത്തിയാല്‍ എഴുന്നേറ്റ് നില്‍ക്കും. ആരെയും ഒന്നും ചെയ്യത്തില്ല. അങ്ങനെ എഴുന്നേറ്റ് വാ പൊളിക്കുമ്പോഴാണ് അടുത്ത് കൊണ്ടുപോയി ഷൂട്ട് ചെയ്യുന്നത്. സിംഹത്തിന്റെ വയറിലാണ് കമ്പി കെട്ടുന്നത്. കഴുത്തിലാണ് കെട്ടുന്നത് എന്നാണ് എല്ലാവരുടെയും വിചാരം.

ഒരാള്‍ സിംഹത്തിന്റെ കമ്പിയില്‍ പിടിച്ചിട്ടുണ്ട്. ഒരാള്‍ ക്യാമറയുടെ അടുത്ത് നിന്നു. ഷൂട്ടിനായി കമ്പി അയച്ചപ്പോള്‍ സിംഹം ഓടാന്‍ തുടങ്ങി. പക്ഷേ മണലായതുകൊണ്ട് കമ്പി പിടിച്ചയാളുടെ കയ്യില്‍ നിന്നും അത് വിട്ടുപോയി. സിംഹം ക്യാമറയുടെ നേരെ ഓടി വരികയാണ്. ക്യാമറ നോക്കുന്ന സജി പേടിച്ച് ചേട്ടാ എന്ന് വിളിച്ചു. ക്യാമറയുടെ പിറകില്‍ നില്‍ക്കുന്ന ആള്‍ ഉടനെ മുമ്പോട്ട് ഓടിചെന്ന് കമിഴ്ന്നു കിടന്നു. സിംഹം അയാളുടെ മുകളില്‍ കയറി നിന്നു, എന്നിട്ട് അയാളെ മണത്തുനോക്കി കൊണ്ടിരുന്നു. ഉടനെ മറ്റെ ആള്‍ വന്ന് കമ്പിയില്‍ പിടിച്ചുകൊണ്ടു പോയി.

ഇതെങ്ങനെയാണ് സംഭവിച്ചത് എന്ന് പിന്നെ ഞാന്‍ തിരക്കിയിരുന്നു. എന്തു സാധനം വന്നാലും ജീവനുണ്ടെങ്കില്‍ സിംഹം കടിച്ചുകൊല്ലും. ജിവനില്ലെങ്കില്‍ അത് തൊടത്തില്ല. സിംഹത്തിന്റെ മുമ്പില്‍ ചെന്ന് കിടന്നയാള്‍ അത്രയും സമയം ശ്വാസം വിടാതെ പിടിച്ചുകിടന്നു. ആ സമയത്ത് മറ്റേ പുള്ളി പിടിച്ചു വലിച്ചതാണ്. അല്ലെങ്കില്‍ സിംഹം അയാളെ കൊല്ലും,’ ഷാജി കൈലാസ് പറഞ്ഞു.

Content Highlight: Shaji Kailas says that shooting the lion was not easy in narasimham

We use cookies to give you the best possible experience. Learn more