| Sunday, 17th November 2024, 3:25 pm

വല്ല്യേട്ടന്റെ രണ്ടാം ഭാഗത്തിനെപ്പറ്റി ഞങ്ങള്‍ മമ്മൂക്കയോട് സംസാരിച്ചിട്ടുണ്ട്, നായകനായി ആ നടനെയാണ് ഉദ്ദേശിക്കുന്നത്: ഷാജി കൈലാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത് 2000ത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് വല്ല്യേട്ടന്‍. അറക്കല്‍ മാധവനുണ്ണിയായി മമ്മൂട്ടി തകര്‍ത്താടിയ ചിത്രം കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞിരുന്നു. തിയേറ്റര്‍ റെക്കോഡുകള്‍ക്ക് പുറമെ ഏറ്റവും കൂടുതല്‍ തവണ ടെലിവിഷന്‍ സ്‌ക്രീനിങ് നടത്തിയ മലയാളസിനിമയെന്ന റെക്കോഡും വല്ല്യേട്ടനാണ്.

24 വര്‍ഷങ്ങള്‍ക്ക് ശേഷം 4k വേര്‍ഷനില്‍ റീമാസ്റ്റര്‍ ചെയ്ത് വീണ്ടും തിയേറ്ററുകളിലേക്കെത്തുകയാണ്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞദിവസം റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ വല്യേട്ടന്റെ രണ്ടാം ഭാഗമുണ്ടാകുമെന്ന് പറയുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. നിര്‍മാതാവിന് രണ്ടാം ഭാഗം വേണമെന്ന് ആഗ്രഹമുണ്ടെന്നും മമ്മൂട്ടിയോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു.

25 വര്‍ഷമായില്ലേ, ഇനിയെങ്ങനെ രണ്ടാം ഭാഗം എങ്ങനെ എടുക്കും എന്ന് മമ്മൂട്ടി ചോദിച്ചെന്നും മാധവനുണ്ണിയുടെ മകന്‍ വളര്‍ന്ന് വലുതായ ആ നാട്ടിലെ വലിയ ആളായി മാറിയ കഥ ചെയ്യാമെന്ന് താന്‍ പറഞ്ഞിട്ടുണ്ടെന്നും ഷാജി കൈലാസ് പറഞ്ഞു. ആ വേഷം ദുല്‍ഖറിനെ വെച്ച് ചെയ്യാമെന്ന പ്ലാന്‍ ഉണ്ടെന്നും ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു. സ്‌ക്രിപ്റ്റിന്റെ ഏകദേശരൂപം തയാറായിട്ടുണ്ടെന്നും മമ്മൂട്ടി ഓക്കെ പറഞ്ഞാല്‍ അധികം വൈകാതെ ഷൂട്ട് ആരംഭിക്കുമെന്നും ഷാജി കൈലാസ് പറഞ്ഞു.

24 വര്‍ഷത്തിന് ശേഷം വല്ല്യേട്ടന്റെ ഡിജിറ്റല്‍ പ്രിന്റ് ബിഗ് സ്‌ക്രീനില്‍ കണ്ടെന്നും ആ സിനിമയുടെ യഥാര്‍ത്ഥ ഭംഗി അപ്പോഴാണ് മനസിലായതെന്നും ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു. ആ ഭംഗി പുതിയ തലമുറയിലുള്ളവര്‍ കൂടി കണ്ട് എക്‌സ്പീരിയന്‍സ് ചെയ്യാന്‍ വേണ്ടിയാണ് റീ റിലീസ് ചെയ്യുന്നതെന്നും ഷാജി കൈലാസ് പറഞ്ഞു. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ മുകേഷ് എം. നായരോട് സംസാരിക്കുകയായിരുന്നു ഷാജി കൈലാസ്.

‘വല്ല്യേട്ടന് ഒരു രണ്ടാം ഭാഗം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എന്നെക്കാള്‍ ആഗ്രഹം പ്രൊഡ്യൂസര്‍ക്കാണ്. എപ്പോള്‍ സ്‌ക്രിപ്റ്റ് റെഡിയായാലും ചെയ്യാമെന്നാണ് നിര്‍മാതാവ് ബൈജു അമ്പലക്കര പറയുന്നത്. മമ്മൂക്കയോടും ഞങ്ങള്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടായിരുന്നു. ‘എന്തിനാ ഇനിയൊരു സെക്കന്‍ഡ് പാര്‍ട്ട്? 25 കൊല്ലമായില്ലേ?’ എന്നാണ് മമ്മൂക്ക ചോദിച്ചത്.

25 വര്‍ഷത്തിന് ശേഷം അറക്കല്‍ മാധവനുണ്ണിയുടെ മകന്‍ വളര്‍ന്ന് വലുതായി ആ നാട്ടിലെ വലിയ ആളായി എന്ന തരത്തില്‍ ഒരു കഥ ആലോചിച്ചിട്ടുണ്ട്. ആ ക്യാരക്ടറിലേക്ക് ദുല്‍ഖറിനെ കൊണ്ടുവന്നാലോ എന്ന ആലോചനയുണ്ട്. സ്‌ക്രിപ്റ്റിന്റെ ഏകദേശരൂപം തയാറായിട്ടുണ്ട്. 24 വര്‍ഷത്തിന് ശേഷം വല്ല്യേട്ടന്‍ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ബിഗ് സ്‌ക്രീനില്‍ കണ്ടപ്പോഴാണ് ആ പടത്തിന്റെ ഭംഗി മനസിലായത്. അത് പുതിയ തലമുറയിലുള്ളവര്‍ക്ക് കൂടി എക്‌സ്പീരിയന്‍സ് ചെയ്യാന്‍ വേണ്ടിയാണ് ഈ റീ റിലീസ്,’ ഷാജി കൈലാസ് പറയുന്നു.

Content Highlight: Shaji Kailas says that he planned to do the sequel of Valyettan movie with Dulquer Salmaan

We use cookies to give you the best possible experience. Learn more