Advertisement
Entertainment news
ഞാൻ ഒരു സാധാരണ പ്രേക്ഷകനാണ്, ഹീറോയെ പ്രൊജക്റ്റ് ചെയ്യാനാണ് എനിക്കിഷ്ടം: ഷാജി കൈലാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jul 14, 08:26 am
Thursday, 14th July 2022, 1:56 pm

വലിയ ഒരിടവേളക്ക് ശേഷം ഷാജി കൈലാസ് തിരിച്ചുവരവ് നടത്തിയ കടുവ തീയേറ്ററിൽ വിജയകരമായി മുന്നേറുകയാണ്. മാസ് കാണിക്കുന്ന നായകനായാണ് പൃഥിരാജ് ഈ ചിത്രത്തിൽ എത്തിയത്.

ഷാജി കൈലാസ് സിനിമകളുടെ പ്രത്യേകതകളിലൊന്നാണ് മാസ് കാണിക്കുന്ന ഹീറോ. അദ്ദേഹം സംവിധാനം ചെയ്യുന്ന പല സിനിമകളിലും ഈ എലമെന്റ് നമുക്ക് കാണാൻ സാധിക്കും. മാസ് ഡയലോഗും ഫൈറ്റ് സീനുകളും അദ്ദേഹത്തിന്റെ സിനിമകളിൽ നിന്നും ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്.

കടുവ സിനിമയിലും ഇക്കാര്യങ്ങൾ അവർത്തിക്കുന്നതായി കാണാൻ സാധിക്കും. പൃഥിരാജിന്റെ മാസ് ഡയലോഗുകളും പറന്നടിക്കുന്ന ഫൈറ്റ് സീനുകളും വലിയ രീതിയിൽ ആഘോഷിക്കപ്പെടുന്നുണ്ട്.

ഹീറോയെ പ്രൊജക്റ്റ് ചെയ്യാനാണ് സിനിമകളിൽ ശ്രദ്ധിക്കാറെന്നും താൻ ഒരു സാധാരണ പ്രേക്ഷകനാണെന്നും പറഞ്ഞിരിക്കുകയാണ് ഷാജി കൈലാസ്. ബിഹൈൻഡ് വുഡ്‌സ് ഐസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മോഹൻലാൽ, മമ്മൂക്ക, പൃഥിരാജ് എന്ന ഒരു സങ്കല്പം അല്ല എനിക്ക്. ഹീറോയെ എങ്ങനെ പ്രൊജക്റ്റ് ചെയ്യും, ഹീറോയിസം എങ്ങനെ കൊണ്ടുവരും എന്നതിലാണ് നമ്മൾ ശ്രദ്ധിക്കുന്നത്. അതിലാര് അഭിനയിക്കുന്നു എന്നതിലല്ല. അതുകൊണ്ട് തന്നെ ഹീറോയെ പ്രൊജക്റ്റ് ചെയ്യാൻ എന്തൊക്കെ അദ്ദേഹത്തെ കൊണ്ട് ചെയ്യിക്കാൻ പറ്റുമോ അതൊക്കെ ചെയ്യിപ്പിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്.

ഞാൻ ഒരു സാധാരണ പ്രേക്ഷകനാണ്. അതുകൊണ്ട് തന്നെ എനിക്ക് മനസിന് ഇഷ്ടപ്പെടുന്നതൊക്കെ ഞാൻ അഭിനേതാക്കളെ കൊണ്ട് ചെയ്യിക്കാൻ ശ്രമിക്കാറുണ്ട്,’ ഷാജി കൈലാസ് പറഞ്ഞു.

മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ദുബായ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലും ഹൈദരബാദും, ചെന്നൈയും ഉള്‍പ്പെടെയുള്ള നഗരങ്ങളിലും പ്രൊമോഷന്‍ ചെയ്തതും ചിത്രത്തിന് ഗുണം ചെയ്തു.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവ നിര്‍മിച്ചത്. ആദം ജോണ്‍ എന്ന ചിത്രത്തിന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേര്‍സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.

Content Highlight: Shaji Kailas says that he always focused in projection hero