| Tuesday, 26th July 2022, 9:43 pm

കുറുവച്ചന്‍ എന്ന് പേര് തരുമോയെന്ന് രണ്‍ജിയെ വിളിച്ച് ചോദിക്കാന്‍ പറഞ്ഞത് രാജുവാണ്: ഷാജി കൈലാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷാജി കൈലാസ്- പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ കടുവ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. നിയമകുരുക്കുകളുള്‍പ്പെടെ നിരവധി തടസങ്ങള്‍ മറികടന്നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. പാലാ സ്വദേശിയായ കുറുവച്ചനാണ് ചിത്രത്തിനെതിരെ പരാതിപ്പെട്ടത്. റിലീസായപ്പോള്‍ കടുവാക്കുന്നേല്‍ കുര്യച്ചന്‍ എന്നായിരുന്നു പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്.

എന്നാല്‍ കുറുവച്ചന്റെ കഥ മോഹന്‍ലാലിനെ നായകനാക്കി വ്യാഘ്രം എന്ന പേരില്‍ ഷാജി കൈലാസും രണ്‍ജി പണിക്കരും ആലോചിച്ചിരുന്നു. പിന്നീട് കടുവക്കായി കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേര് രണ്‍ജിയുടെ അനുവാദത്തോടെ ചിത്രത്തിലെ നായകനിട്ട കഥ പറയുകയാണ് കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഷാജി കൈലാസ്.

‘കടുവയുടെ കഥയുമായി ജിനു വന്നപ്പോള്‍ പണ്ട് ഇതുപോലൊരു കഥ രണ്‍ജി പണിക്കരും എന്നോട് പറഞ്ഞിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞു. അത് എടുക്കുന്നില്ലെന്ന് അറിഞ്ഞിട്ടാണ് ആ കഥാപാത്രത്തിന്റെ കുറച്ച് ഭാഗം എടുത്തിട്ട് ഈ കഥ എഴുതിയതെന്ന് ജിനു പറഞ്ഞു. പാലായില്‍ അതുപോലത്തെ കഥാപാത്രങ്ങള്‍ ഇഷ്ടം പോലെയുണ്ട്, അതെല്ലാം അരച്ച് കലക്കിയിട്ടാണ് ആ സാധനം കൊണ്ടുവന്നത്.

കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്നാണല്ലോ രണ്‍ജിയേട്ടന്‍ ഇട്ടത്, ആ കഥാപാത്രത്തിന്റെ പേര് കൂടി കിട്ടിയാല്‍ നന്നാവും, ഷാജിയേട്ടന്‍ രണ്‍ജിയേട്ടനോട് ഒന്നു ചേദിക്കുമോ എന്ന് രാജു പറഞ്ഞു. ജിനു മറ്റൊരു പേരാണ് ഇട്ടിരുന്നത്. അങ്ങനെ ഞാന്‍ രണ്‍ജിയെ വിളിച്ചു. എടാ ഞാന്‍ ഇപ്പോള്‍ ചെയ്യുന്നില്ല, നീ എടുത്തോ ഒരു കുഴപ്പവുമില്ല എന്നാണ് രണ്‍ജി പറഞ്ഞത്. അങ്ങനെ രാജുവിനും സന്തോഷമായി. നമ്മള്‍ ആ പേര് എടുത്തു,’ ഷാജി കൈലാസ് പറഞ്ഞു.

May be an image of 1 person, beard and text

‘അന്നൊന്നും ഇതിന്റെ പേരില്‍ ഗുലുമാല്‍ ഉണ്ടാവുമെന്ന് നമ്മള്‍ അറിയുന്നില്ല. അതിന്റെ പേരില്‍ കോടതി കുറെ കേറിയിറങ്ങി. കോടതി പടം കണ്ടു. കോടതിയും സെന്‍സര്‍ ബോര്‍ഡും കാണാത്ത ആങ്കിളാണ് കേസ് കൊടുത്തവര്‍ കണ്ടത്, ഞങ്ങള്‍ ഞെട്ടി പോയി. സിനിമയിലെ കഥാപാത്രത്തിന് പരാതിയില്‍ പറയുന്ന ആളുമായി ബന്ധമില്ലെന്ന് കോടതി പറഞ്ഞു. എന്നിട്ടും അദ്ദേഹത്തിന് കുഴപ്പമുണ്ടാവണ്ടെന്ന് കരുതി ആ പേര് മാറ്റി. പേര് മാറ്റണമെന്ന് കോടതി നിര്‍ദേശമില്ലായിരുന്നു. ഞങ്ങള്‍ വേറൊരു പേര് കൂടി വെച്ച് ഡബ് ചെയ്തു വെച്ചിരുന്നു. അതാണ് കുര്യച്ചന്‍,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Shaji Kailas says It was Raju who sid to call Ranji to ask permission to take the name  kaduvakkunnel Kuruvachan

We use cookies to give you the best possible experience. Learn more