| Tuesday, 26th November 2024, 11:42 am

ഇനി അത്തരം സിനിമകള്‍ ചെയ്യില്ലെന്ന് ഞാന്‍ തീരുമാനിച്ചിരിക്കുകയാണ്: ഷാജി കൈലാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന് ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് ഷാജി കൈലാസ്. ന്യൂസ് എന്ന ചിത്രത്തിലൂടെ സിനിമാജീവിതം ആരംഭിച്ച ഷാജി കൈലാസ് ഡോക്ടര്‍ പശുപതി എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. പിന്നീട് തലസ്ഥാനം, ദി കിങ്, കമ്മീഷണര്‍, ആറാം തമ്പുരാന്‍, നരസിംഹം, വല്ല്യേട്ടന്‍ തുടങ്ങിയ എവര്‍ഗ്രീന്‍ ഹിറ്റുകള്‍ മലയാള സിനിമക്ക് സമ്മാനിച്ചു. ഇടക്ക് തുടര്‍പരാജയങ്ങള്‍ നേരിട്ട ഷാജി കൈലാസ് ചെറിയൊരു ഇടവേള എടുക്കുകയും കടുവ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തുകയും ചെയ്തു.

താന്‍ ഉടനെയൊന്നും പുതിയ സിനിമകള്‍ ചെയ്യുന്നില്ലെന്ന് പറയുകയാണ് ഷാജി കൈലാസ്. ഇപ്പോള്‍ തന്റെ മനസ് ബ്ലാങ്കാണെന്നും പുതിയ ഐഡിയ ഒന്നുമില്ലെന്നും ഷാജി കൈലാസ് പറഞ്ഞു. ആദ്യ കേള്‍വിയില്‍ തന്നെ ഇഷ്ടപ്പെട്ടാല്‍ മാത്രമേ താന്‍ സിനിമകള്‍ ചെയ്യാറുള്ളൂവെന്നും പണ്ട് അങ്ങനെയല്ലാതെ ഒരുപാട് സിനിമകള്‍ ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു.

തനിക്ക് ഇഷ്ടപ്പെടാത്ത കഥ നിര്‍മാതാക്കളുടെ നിര്‍ബന്ധവും പ്രഷറും കാരണം ചെയ്യേണ്ടി വന്നിരുന്നുവെന്ന് ഷാജി കൈലാസ് പറഞ്ഞു. അത്തരത്തില്‍ ചെയ്ത ഭൂരിഭാഗം സിനിമകളും വര്‍ക്കാകാതെ പോയിട്ടുണ്ടെന്നും ഇനി അങ്ങന ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുമെന്നും ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു. തനിക്ക് താത്പര്യമില്ലാത്ത കറക്ഷനുകള്‍ സ്‌ക്രിപ്റ്റില്‍ കൊണ്ടുവന്നിട്ടുണ്ടായിരുന്നെന്നും അതെല്ലാം ആ സിനിമകളെ ബാധിച്ചിട്ടുണ്ടായിരുന്നെന്നും ഷാജി കൈലാസ് പറഞ്ഞു.

അന്ന് നോ പറയാന്‍ തനിക്ക് ചെറിയ മടിയുണ്ടായിരുന്നെന്നും അതുകൊണ്ടാണ് അങ്ങനെയെല്ലാം സംഭവിച്ചതെന്നും ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ താന്‍ ഇപ്പോള്‍ നോ പറയാന്‍ പഠിച്ചെന്നും ഇന്‍ഡസ്ട്രിയില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ അതെല്ലാം പഠിക്കണമെന്നും ഷാജി കൈലാസ് പറഞ്ഞു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷാജി കൈലാസ്.

‘പുതിയ പ്രൊജക്ടുകളൊന്നും തത്കാലം ഇല്ല. മൈന്‍ഡ് മുഴുവന്‍ ബ്ലാങ്കാണ്. എന്നെ ആകര്‍ഷിക്കുന്ന കഥകള്‍ വന്നാല്‍ മാത്രമേ സംവിധാനം ചെയ്യുള്ളൂ. അതായത് ആദ്യകേള്‍വിയില്‍ തന്നെ എന്നെ ആകര്‍ഷിക്കുന്ന സ്‌ക്രിപ്റ്റ് മാത്രമേ ഞാന്‍ സംവിധാനം ചെയ്യൂ. പണ്ടും അങ്ങനെയായിരുന്നു. എന്നാല്‍ കുറച്ചുകഴിഞ്ഞപ്പോള്‍ അത് നടക്കാതെയായി. മറ്റുള്ളവരുടെ പ്രഷറില്‍ ഓരോ സിനിമ ചെയ്യേണ്ടി വന്നിട്ടുണ്ടായിരുന്നു.

നമുക്ക് സ്വീകാര്യമല്ലാത്ത കറക്ഷനൊക്കെയായി നിര്‍മാതാവ് വരും. അവരുടെ നിര്‍ബന്ധത്തില്‍ ഓരോ സിനിമകള്‍ ചെയ്യേണ്ടിവരികയും അതില്‍ പലതും വര്‍ക്കാകാതെ പോവുകയും ചെയ്തു. അന്നൊന്നും നോ പറയാന്‍ എനിക്ക് അറിയില്ലായിരുന്നു. അത് നമ്മളെ വല്ലാതെ ബാധിച്ചു. ഇപ്പോള്‍ ഞാന്‍ നോ പറയാന്‍ പഠിച്ചു. കാരണം, എനിക്കും കൂടെ ഇവിടെ പിടിച്ചുനില്‍ക്കണമല്ലോ. നോ പറയേണ്ടിടത്ത് അത് പറഞ്ഞില്ലെങ്കില്‍ ശരിയാവില്ലെന്ന് പഠിച്ചു,’ ഷാജി കൈലാസ് പറയുന്നു.

Content Highlight: Shaji Kailas saying he has no plan for a new movie

We use cookies to give you the best possible experience. Learn more