ഫ്യൂഡല്‍ സിനിമകള്‍ ഇന്നും ആളുകള്‍ സ്വീകരിക്കുമെന്നതിന് തെളിവാണ് ആ മോഹന്‍ലാല്‍ ചിത്രത്തിന്റെ വിജയം: ഷാജി കൈലാസ്
Entertainment
ഫ്യൂഡല്‍ സിനിമകള്‍ ഇന്നും ആളുകള്‍ സ്വീകരിക്കുമെന്നതിന് തെളിവാണ് ആ മോഹന്‍ലാല്‍ ചിത്രത്തിന്റെ വിജയം: ഷാജി കൈലാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 24th November 2024, 8:11 pm

മലയാളത്തില്‍ എണ്ണം പറഞ്ഞ മാസ് സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് ഷാജി കൈലാസ്. ഡോക്ടര്‍ പശുപതിയിലൂടെ സംവിധാനരംഗത്തേക്ക് കടന്നുവന്ന ഷാജി കൈലാസ് ദി കിംഗ്, കമ്മീഷണര്‍, ആറാം തമ്പുരാന്‍, നരസിംഹം, വല്ല്യേട്ടന്‍ തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇടക്ക് തുടര്‍പരാജയങ്ങള്‍ നേരിട്ട് സിനിമയില്‍ നിന്ന് വിട്ടുനിന്ന ഷാജി കൈലാസ് കടുവയിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു.

ഷാജി കൈലാസ് ചിത്രങ്ങളെപ്പറ്റി പലപ്പോഴും ഉയര്‍ന്നുവരുന്ന വിമര്‍ശനമാണ് ഫ്യൂഡല്‍ കഥാപാത്രങ്ങളെ കൊട്ടിഘോഷിക്കല്‍. നരസിംഹം, ആറാം തമ്പുരാന്‍, വല്ല്യേട്ടന്‍ തുടങ്ങിയ ചിത്രങ്ങളിലെ നായകന്മാര്‍ എല്ലാവരെയും ഭരിക്കുന്ന മാടമ്പി കഥാപാത്രങ്ങളായിരുന്നു. അത്തരം വിമര്‍ശനങ്ങളോട് പ്രതികരിക്കുകയാണ് ഷാജി കൈലാസ്. ഫ്യൂഡല്‍ സ്വഭാവമുള്ള നായകന്മാരെയാണ് പ്രേക്ഷകര്‍ക്ക് എന്നും ഇഷ്ടമെന്ന് ഷാജി കൈലാസ് പറഞ്ഞു. അത്തരം സിനിമകള്‍ എല്ലാ കാലത്തും സ്വീകരിക്കപ്പെടുമെന്നും ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു.

അതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് ലൂസിഫറിന്റെ വിജയമെന്നും അതിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തിന് ഫ്യൂഡല്‍ സ്വഭാവമാണെന്നും ഷാജി കൈലാസ് പറഞ്ഞു. ലൂസിഫറിലെ നായകന്‍ ഒരു നാടിനെ നിയന്ത്രിക്കുന്ന ആളാണെന്നും അയാള്‍ക്ക് ചുറ്റും എപ്പോഴും അംഗബലം നല്‍കാന്‍ ആളുകളുണ്ടെന്നും ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു.

കഥ പറയുമ്പോള്‍ അത്തരത്തില്‍ രണ്ട് തട്ടിലുള്ള ആളുകളുടെ കാണിച്ചാല്‍ പ്രേക്ഷകര്‍ക്ക് വേഗത്തില്‍ കണക്ട് ആകുമെന്നും അതുകൊണ്ടാണ് അത്തരം സിനിമകള്‍ വന്‍ വിജയമാകുന്നതെന്നും ഷാജി കൈലാസ് പറഞ്ഞു. എന്നാല്‍ പലരും അതിനെയെല്ലാം വിമര്‍ശിക്കുമെന്നും അതിനെയൊന്നും ശ്രദ്ധിക്കാതെ മുന്നോട്ടു പോവുകയാണ് വേണ്ടതെന്നും ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ഷാജി കൈലാസ്.

‘ഫ്യൂഡല്‍ സ്വഭാവമുള്ള നായകന്മാരുടെ കഥകള്‍ കേള്‍ക്കാന്‍ എന്നും പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ്. ആ ഇഷ്ടം ഇപ്പോഴും ഉണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഏറ്റവുമൊടുവില്‍ റിലീസായ ലൂസിഫറിന്റെ വിജയം അത്തരം കഥകള്‍ ആളുകള്‍ ഏറ്റെടുക്കുമെന്നതിന് തെളിവാണ്. ലൂസിഫറിലെ നായകനെ നോക്കു, അയാള്‍ ഒരു നാടിനെ നിയന്ത്രിക്കുന്നയാളാണ്. അയാള്‍ക്ക് ചുറ്റും പറയുന്നത് കേള്‍ക്കാന്‍ ആളുകളുണ്ട്. ആ നായകനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടുപോകുന്നത്.

എന്നും അങ്ങനെ രണ്ട് തട്ടില്‍ നായകനെയും ബാക്കി കഥാപാത്രങ്ങളെയും നിര്‍ത്തിക്കൊണ്ട് കഥ പറയുന്നത് കാണാനാണ് പ്രേക്ഷകര്‍ക്ക് ഇഷ്ടം. എന്നാല്‍ ചിലര്‍ അതിനെയെല്ലാം വിമര്‍ശിക്കുന്നുണ്ട്. നായകനെ എല്ലാവര്‍ക്കും മുകളില്‍ വെക്കുന്നത് ശരിയല്ലെന്നാണ് അവരുടെ വാദം. അത്തരം വിമര്‍ശനങ്ങളൊന്നും ഞാന്‍ ശ്രദ്ധിക്കാനേ പോവില്ല,’ ഷാജി കൈലാസ് പറയുന്നു.

Content Highlight: Shaji Kailas saying Feudal movies have still acceptance among Malayali audience