കടുവയിലെ പറന്നിടിക്കുന്ന ആ സീനിന് കാരണമിതാണ്: ഷാജി കൈലാസ്
Entertainment news
കടുവയിലെ പറന്നിടിക്കുന്ന ആ സീനിന് കാരണമിതാണ്: ഷാജി കൈലാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th July 2022, 3:48 pm

ഷാജി കൈലാസ് പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് കടുവ. റിലീസിന് ശേഷം മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. വലിയൊരു ഇടവേളക്ക് ശേഷം ഷാജി കൈലാസ് തിരിച്ചുവരവ് നടത്തിയ ചിത്രമായത് കൊണ്ട് തന്നെ അത് കാണാനുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ.

ഒരു മാസ് ചിത്രമാണ് കടുവ. ചിത്രത്തിൽ വില്ലനായി എത്തിയത് വിവേക് ഒബ്രോയ് ആയിരുന്നു. ഇതിനോടകം തന്നെ ചിത്രത്തിൽ പൃഥ്വിരാജ് പറന്നിടിക്കുന്ന സീനിൻ കുറിച്ച് ഒരുപാട് മികച്ച അഭിപ്രായങ്ങൾ വന്നിരുന്നു. അങ്ങനെ ഒരു സീൻ ചിത്രത്തിൽ ഉൾപ്പെടുത്താനുണ്ടായ കാരണം പറഞ്ഞിരിക്കുകയാണ് ഷാജി കൈലാസ്.

ചിത്രത്തിന്റെ പേര് കടുവ എന്നായത് കൊണ്ട് തന്നെ അങ്ങനെ ചാടി ഇടിക്കുന്ന ഒരു സീൻ വേണമെന്നത് ആദ്യമേ നിർബന്ധമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ചിത്രത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന മികച്ച പ്രതികരണങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. ബിഹൈൻഡ് വുഡ്‌സ് ഐസിന് നൽകിയ അഭിമുഖത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

‘ടൈറ്റിൽ കടുവയാണല്ലോ. കടുവ ചാടിയല്ലേ ഇരയെ പിടിക്കുന്നത്. ആദ്യമേ ഫൈറ്റ് മാസ്റ്ററോട് പറഞ്ഞിരുന്നു ഇങ്ങനെ ചാടി ഇടിക്കുന്ന സീൻ വേണമെന്ന്. അത് ആവർത്തിക്കപ്പെടണമെന്നും പറഞ്ഞിരുന്നു. അത് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു.

തിയേറ്ററിൽ നിന്നും സൂപ്പർ റിപ്പോർട്ട് ആണ് വരുന്നത്. എല്ലാർക്കും സന്തോഷമുണ്ട്. ഇങ്ങനെയൊരു പടം തന്നതിന് നന്ദി എന്ന് വരെ പറഞ്ഞിട്ടുണ്ട്. ആളുകൾ കാത്തിരുന്ന ഒരു പടമായിരുന്നു ഇതെന്ന് ഫീൽ ചെയ്യുന്നുണ്ട്. വേറെ അവകാശവാദം ഒന്നുമില്ല. മാസിനുവേണ്ടി എടുത്ത് ആറു പദമാണ് ഇത്. തിയേറ്ററിൽ ഓളമുണ്ടാക്കുക, അവിടെ ഒരു രണ്ട് മണിക്കൂർ വന്നിരിക്കുക, സന്തോഷമായി പോവുക അത്രയേ ഉള്ളൂ. വീട്ടിലേക്ക് കൊണ്ടുപോകാൻ ഒന്നും കൊടുത്തുവിടുന്നില്ല ആ സിനിമയിൽ,’ ഷാജി കൈലാസ് കൂട്ടിച്ചേർത്തു.

മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ദുബായ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലും ഹൈദരബാദും, ചെന്നൈയും ഉള്‍പ്പെടെയുള്ള നഗരങ്ങളിലും പ്രൊമോഷന്‍ ചെയ്തതും ചിത്രത്തിന് ഗുണം ചെയ്തു.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവ നിര്‍മിച്ചത്. ആദം ജോണ്‍ എന്ന ചിത്രത്തിന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേര്‍സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.

Content Highlight: Shaji Kailas reveals the reason behind the fight scene in kaduva