| Wednesday, 27th November 2024, 1:27 pm

ഒരു ഭക്തിഗാനത്തില്‍ നിന്നാണ് ആ മോഹന്‍ലാല്‍ ചിത്രത്തിലെ ബി.ജി.എം ഉണ്ടാക്കിയത്: ഷാജി കൈലാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന് ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് ഷാജി കൈലാസ്. ഡോക്ടര്‍ പശുപതി എന്ന ചിത്രത്തിലൂടെയാണ് ഷാജി കൈലാസ് ശ്രദ്ധേയനായത്. പിന്നീട് ദി കിങ്, കമ്മീഷണര്‍, തലസ്ഥാനം, ആറാം തമ്പുരാന്‍, നരസിംഹം, വല്ല്യേട്ടന്‍ തുടങ്ങിയ എവര്‍ഗ്രീന്‍ ഹിറ്റുകള്‍ അണിയിച്ചൊരുക്കി. 2010ന് ശേഷം തുടര്‍പരാജയങ്ങള്‍ നേരിട്ട ഷാജി കൈലാസ് ചെറിയൊരു ഇടവേള എടുക്കുകയും കടുവ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തുകയും ചെയ്തു.

ഷാജി കൈലാസ് ചിത്രങ്ങളുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് അതിലെ ബി.ജി.എമ്മുകളാണ്. നായകനും വില്ലനും തകര്‍പ്പന്‍ ബി.ജി.എം നല്‍കുന്നതില്‍ അദ്ദേഹം മടികാണിക്കാറില്ല. തന്റെ സിനിമകളില്‍ ഏറ്റവും ഇഷ്ടപ്പെട്ട ബി.ജി.എം. ഏതെന്ന് പങ്കുവെക്കുകയാണ് ഷാജി കൈലാസ്. നരസിംഹത്തില്‍ മോഹന്‍ലാലിന് കൊടുത്ത ബി.ജി.എം. തനിക്ക് വളരെയധികം ഇഷ്ടമാണെന്ന് ഷാജി കൈലാസ് പറഞ്ഞു.

സുരേഷ് ഗോപിയെ നായകനാക്കി താന്‍ ഒരുക്കിയ ഏകലവ്യനില്‍ കെ.എസ്. ചിത്ര പാടിയ ഒരു പാട്ടില്‍ നിന്നാണ് നരസിംഹത്തിലെ ബി.ജി.എം ഒരുക്കിയതെന്ന് ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു. ഭക്തിഗാനമായി ഒരുക്കിയ ആ പാട്ടിലെ നടുവിലുള്ള ഒരു പോര്‍ഷന്‍ തന്നെ വല്ലാതെ ആകര്‍ഷിച്ചെന്നും അത് രാജാമണിക്ക് കൊടുത്ത് നല്ലൊരു ബി.ജി.എം ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടെന്നും ഷാജി കൈലാസ് പറഞ്ഞു.

രാജാമണി ആ പോര്‍ഷില്‍ വേറൊരു ബി.ജി.എം കൂടി ചേര്‍ത്താണ് നരസിംഹത്തില്‍ ഇപ്പോള്‍ കേള്‍ക്കുന്ന തരത്തില്‍ ബി.ജി.എം ഒരുക്കിയതെന്നും ആ പാട്ട് കേട്ടതിന് ശേഷം ബി.ജി.എം ഒന്നുകൂടെ കേള്‍ക്കുമ്പോള്‍ സാമ്യത മനസിലാകുമെന്നും ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഷാജി കൈലാസ് ഇക്കാര്യം പറഞ്ഞത്.

‘എന്റൈ സിനിമകളില്‍ ഏറ്റവും ഇഷ്ടപ്പെട്ട ബി.ജി.എം നരസിംഹത്തിലേതാണ്. അതില്‍ മോഹന്‍ലാല്‍ വരുമ്പോഴുള്ള ബി.ജി.എം വളരെയധികം ഇഷ്ടപ്പെട്ട ഒന്നാണ്. അത് ഉണ്ടായ കഥ വളരെ രസകരമാണ്. ഏകലവ്യന്‍ എന്ന സിനിമയില്‍ കെ.എസ്. ചിത്ര പാടിയ ഒരു പാട്ടുണ്ട്. ‘നന്ദകിഷോരാ ഹരേ’ എന്ന് തുടങ്ങുന്ന പാട്ട്. ഒരു ഭക്തിഗാനം പോലെയാണ് അത് കേള്‍ക്കുമ്പോള്‍ തോന്നുന്നത്.

ആ പാട്ടിന്റെ നടുവിലുള്ള ഒരു പോര്‍ഷന്‍ എന്നെ വല്ലാതെ ഹുക്ക് ചെയ്തു. അത് മാത്രമായി കട്ട് ചെയ്തിട്ട് രാജാമണിക്ക് കൊടുത്തിട്ട് നല്ലൊരു ബി.ജി.എം ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടു. പുള്ളി അതിലേക്ക് വേറൊരു ബി.ജി.എം കൂടി മിക്‌സ് ചെയ്ത് ഇപ്പോള്‍ കേള്‍ക്കുന്ന രീതിയിലേക്ക് മാറ്റി. ആ പാട്ട് കേട്ട ശേഷം നരസിംഹത്തിലെ ബി.ജി.എം കേട്ടാല്‍ സിമിലാരിറ്റി മനസിലാകും,’ ഷാജി കൈലാസ് പറയുന്നു.

Content Highlight: Shaji Kailas reveals how Narasimham movie background score created

We use cookies to give you the best possible experience. Learn more