| Wednesday, 31st May 2023, 1:24 pm

കാറിൽ തൂക്കിയിട്ട പാവയിൽ നിന്നെടുത്തതാണ് വില്ലനുവേണ്ടിയുള്ള ബാക്ക്ഗ്രൗണ്ട് മ്യൂസിക്: ഷാജി കൈലാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നായകനെക്കാൾ വില്ലന് ആരാധകരുള്ള ചിത്രമാണ് എഫ്.ഐ.ആർ. ചിത്രം ഇറങ്ങിയിട്ട് കാലം ഏറെയായിട്ടും വില്ലന് നൽകിയ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും ആളുകൾ മറന്നിട്ടില്ല. തന്റെ ചിത്രങ്ങളെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്.

കാറിൽ തൂക്കിയ പാവയിൽ നിന്നാണ് വില്ലന് വേണ്ടിയുള്ള ബാക്ക്ഗ്രൗണ്ട് മ്യൂസിക് തയ്യാറാക്കിയതെന്ന് ഷാജി കൈലാസ് പറഞ്ഞു. കാഴ്ചയിൽ സൗമ്യതയുള്ള വില്ലനെ വേണമെന്ന് പറഞ്ഞപ്പോഴാണ് രാജീവ് എന്ന നടനിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അരോമ മണി സാറിന്റെ മകൻ കുമാറിന്റെ കാറിൽ യാത്ര ചെയ്യുമ്പോൾ അതിൽ ഒരു പാവയെ തൂക്കിയിട്ടുണ്ടായിരുന്നു. എനിക്കത് കൗതുകമായി തോന്നി. ആ പാവയിൽ പ്രസ് ചെയ്തുനോക്കാൻ കുമാർ പറഞ്ഞു. ഞാൻ അതിൽ പ്രസ് ചെയ്തപ്പോൾ ഒരു പാട്ട് കേൾക്കാൻ തുടങ്ങി. ആ പാട്ട് എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു. ഞാൻ ആ പാവയെ രാജാമണി സാറിന് കാണിച്ചുകൊടുക്കുകയും അതുപോലുള്ള മ്യുസിക് വേണമെന്ന് പറയുകയും ചെയ്തു,’ ഷാജി കൈലാസ് പറഞ്ഞു.

സ്റ്റൈലിഷ് ആയിട്ടുള്ളതും സൗമ്യ മുഖമുള്ളതുമായ വില്ലൻ വേണമെന്നായിരുന്നു തനിക്കെന്ന് ഷാജി കൈലാസ് പറഞ്ഞു.

‘നരേന്ദ്ര ഷെട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന് ഒരു സ്റ്റൈലിഷ് ആയിട്ടുള്ള ആൾ വേണമായിരുന്നു. ഡെന്നിസ് (തിരക്കഥാകൃത്ത്) ചിത്രത്തെപ്പറ്റി പറയുമ്പോൾ സ്റ്റൈലിഷ് ആയിട്ടുള്ള വില്ലനാണ് വേണ്ടതെന്ന് സൂചിപ്പിച്ചിരുന്നു. വില്ലനുവേണ്ടി തിരക്കുമ്പോഴാണ് രാജീവിന്റെ ഫോട്ടോസ് കാണുന്നത്. അപ്പോൾ എനിക്ക് മനസിലായി രാജീവിന് ഒരു പ്രത്യേക സ്റ്റൈൽ ഉണ്ടെന്ന്. ഞാൻ രാജീവിനോട് പറഞ്ഞപ്പോൾ അദ്ദേഹം അത് ചെയ്യാൻ വന്നു. പുള്ളിക്ക് ഒരു പ്രത്യേക തരം നോട്ടവും ലുക്കുമാണ്. കൂടതെ നല്ല ഭംഗിയുള്ള കണ്ണും ഉണ്ട് അദ്ദേഹത്തിന്. അപ്പോൾ കാഴ്ചയിൽ സോഫ്റ്റ് ആയിട്ടുള്ള എന്നാൽ ഭീകരനായ വില്ലനെയാണ് കിട്ടിയത്,’ ഷാജി കൈലാസ് പറഞ്ഞു.

Content Highlights: Shaji Kailas on F.I.R movie

We use cookies to give you the best possible experience. Learn more