1995 നവംബര്‍ 11ന് ആയിരുന്നു ദി കിംഗ് റിലീസ് ചെയ്തത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം മമ്മൂട്ടിയുടെ എക്കാലത്തേയും വലിയ ഹിറ്റുകളില്‍ ഒന്നാണ്. മമ്മൂട്ടിക്കൊപ്പം വാണി വിശ്വനാഥും മുരളിയും പപ്പുവും അഭിനയിച്ച ചിത്രത്തില്‍ സുരേഷ് ഗോപിയും അതിഥി വേഷത്തില്‍ എത്തിയിരുന്നു. ജോസഫ് അലക്‌സ് തേവള്ളിപ്പറമ്പിലായി മമ്മൂട്ടി എത്തിയ ചിത്രത്തിലെ സ്‌റ്റൈലും മാനറിസങ്ങളും അന്ന് വലിയ ട്രെന്‍ഡായിരുന്നു.
ചിത്രത്തിന്റെ ഷൂട്ടിനിടക്ക് മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്ന അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഷാജി കൈലാസ്. ചിത്രത്തിലെ മുടി പിറകിലേക്കാക്കുന്ന ഹിറ്റായ മാനറിസം ആദ്യം മമ്മൂട്ടി ആക്‌സപ്റ്റ് ചെയ്തില്ലെന്നും ഷോട്ടിന് മുമ്പാണ് അത് ചെയ്യാന്‍ തയാറായതെന്നും ഷാജി കൈലാസ് പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് മുമ്പ് നല്‍കിയ അഭിമുഖത്തിലെ ഭാഗങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
‘ഭരതേട്ടന്‍ എപ്പോഴും കൈ കൊണ്ട് മുടി പിറകോട്ട് വെക്കും. പുള്ളി മുടി വളര്‍ത്തിയിട്ടിരിക്കുവല്ലേ. ആ സമയത്ത് മമ്മൂക്കയും പിറകിലെ മുടി വളര്‍ത്തിയിട്ടുണ്ടായിരുന്നു. എന്തെങ്കിലും ഒരു മാനറിസം വേണമല്ലോ, ഡയലോഗ് പറഞ്ഞിട്ട് മുടി പിറകോട്ട് ആക്കണേ എന്ന് ഞാന്‍ പറഞ്ഞു. അതെന്താ അങ്ങനെ ആക്കുന്നത് എന്ന് ചോദിച്ചു. അങ്ങനെ ആക്കിയാല്‍ ഭയങ്കര രസമുണ്ട്, പ്ലീസ് എന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം ആദ്യം ഒന്നും കേള്‍ക്കില്ല.
അതുകഴിഞ്ഞ് ഷോട്ട് നോക്കുമ്പോള്‍ അങ്ങനെ വേണ്ടേ എന്ന് ചോദിക്കും. പറയുമ്പോഴേ അത് സ്വീകരിക്കുന്നുണ്ട്, പക്ഷേ സമ്മതിച്ച് തരില്ല. ആ മാനറിസം ഭയങ്കര ട്രെന്‍ഡായിരുന്നു,’ ഷാജി കൈലാസ് പറഞ്ഞു.
ഭാവന നായികയാവുന്ന ഹണ്ടാണ് ഇനി റിലീസിനൊരുങ്ങുന്ന ഷാജി കൈലാസ് ചിത്രം. മെഡിക്കല്‍ ക്യാമ്പസിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ പി.ജി. റസിഡന്റ് ‘ഡോ. കീര്‍ത്തി’ എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്.
കെ രാധാകൃഷ്ണനാണ് ചിത്രം നിര്‍മിക്കുന്നത്. ജയലക്ഷ്മി ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം. അതിഥി രവി, അജ്മല്‍ അമീര്‍, രാഹുല്‍ മാധവ്, അനുമോഹന്‍, രണ്‍ജി പണിക്കര്‍, ചന്തു നാഥ്, ജി സുരേഷ് കുമാര്‍ നന്ദു ലാല്‍, ഡെയ്ന്‍ ഡേവിഡ്, വിജയകുമാര്‍, ബിജു പപ്പന്‍, കോട്ടയം നസീര്‍, ദിവ്യാ നായര്‍, സോനു എന്നിവരും പ്രധാന താരങ്ങളാണ്.
Content Highlight: Shaji Kailas is sharing his experiences with Mammootty during the shoot of the film The King