| Saturday, 26th June 2021, 11:05 am

എന്റെ വിവാഹം പോലും അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചായിരുന്നു, വ്യക്തി ജീവിതത്തിലും കരിയറിലും നിമിത്തമായ മനുഷ്യന്‍; സുരേഷ് ഗോപിക്ക് പിറന്നാള്‍ ആശംസിച്ച് ഷാജി കൈലാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ സുരേഷ് ഗോപിയ്ക്ക് വൈകാരികമായ കുറിപ്പിലൂടെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സംവിധായകന്‍ ഷാജി കൈലാസ്. താന്‍ ആദ്യമായി സംവിധാനം ചെയ്ത ന്യൂസ് എന്ന ചിത്രത്തിന്റെ കഥ എഴുതുമ്പോള്‍ തന്നെ അതിലെ ഋഷി മേനോന്‍ എന്ന നായക കഥാപാത്രമായി ഉദ്ദേശിച്ചിരുന്നത് സുരേഷ്‌ഗോപിയെ ആയിരുന്നുവെന്ന് ഷാജി കൈലാസ് ഫേസ്ബുക്കില്‍ എഴുതി.

തനിക്ക് നല്ലൊരു സുഹൃത്തും സഹോദരനുമാണ് സുരേഷ് ഗോപിയെന്നും തുടര്‍ച്ചയായ ഹിറ്റ് സിനിമകള്‍ കൊണ്ട് തന്റെ കരിയറിനെ ഇത്രയധികം ഉയര്‍ത്തിക്കൊണ്ടുവന്ന മനുഷ്യനാണ് സുരേഷ് ഗോപിയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

‘അയാളിലെ മികച്ച നടനെക്കാള്‍ എന്നെ എന്നും ആകര്‍ഷിച്ചത് അയാളിലെ നല്ല മനുഷ്യന്‍ ആണ്.. സുരേഷിന്റെ കരിയറില്‍ ഒരുപാട് കയറ്റിറക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്.. പക്ഷെ അയാള്‍ എന്നും ആ പഴയ സുരേഷ് തന്നെയായിരുന്നു. കൊട്ടി ഘോഷിക്കാതെ അയാള്‍ നിരന്തരം സമൂഹത്തില്‍ നടത്തുന്ന ഇടപെടലുകള്‍ നിരവധിയാണ്.

അതിന്റെ ഗുണഭോക്താക്കള്‍ അനവധി സാധാരണക്കാരാണ്. രാഷ്ട്രീയപരമായ എതിര്‍പ്പുകള്‍ കൊണ്ട് വ്യക്തി ആക്ഷേപകങ്ങള്‍ക്കു പലരും മുതിര്‍ന്നപ്പോളും ഒരു ചിരിയോടെ ആണ് സുരേഷ് അതിനെ എതിരേറ്റത്.ആരോടും യാതൊരു വിരോധവും കാണിക്കാത്ത പ്രകൃതമാണ് അയാളുടേത്,’ ഷാജി കൈലാസിന്റെ വാക്കുകള്‍.

ആനിയുമായുള്ള തന്റെ വിവാഹം നടന്നത് സുരേഷ് ഗോപിയുടെ വീട്ടില്‍ വെച്ചായിരുന്നുവെന്നും ആനി തന്റെ ചിത്രത്തില്‍ ആദ്യമായി അഭിനയിക്കുമ്പോള്‍ സുരേഷ് ഗോപിയായിരുന്നു നായകനെന്നും ഷാജി കൈലാസ് പറഞ്ഞു.

ഷാജി കൈലാസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

1989ലാണ് ഞാന്‍ ആദ്യമായി ഒരു സിനിമ സംവിധാനം ചെയുന്നത് – ‘ന്യൂസ്’ . സംവിധാനത്തോടൊപ്പം അതിന്റെ കഥയും എന്റേത് തന്നെയായിരുന്നു. ചിത്രം ആദ്യ ഡ്രാഫ്റ്റ് എഴുതുമ്പോള്‍ തന്നെ അതിലെ ഋഷി മേനോന്‍ എന്ന നായക കഥാപാത്രത്തിന് സുരേഷ് ഗോപിയുടെ രൂപം ആയിരുന്നു. ആ ചിത്രം ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും മുന്നോട്ട് സഞ്ചരിക്കാന്‍ ഉള്ള ആത്മ വിശ്വാസം തന്നു. സുരേഷിന്റെ ആദ്യ സോളോ ഹിറ്റ് ആയിരുന്നു ആ ചിത്രം. വിജയത്തോടൊപ്പം എനിക്ക് നല്ലൊരു സുഹൃത്തിനെയും സഹോദരനെയും ആ ചിത്രം സമാനിച്ചു.

പിന്നീട് 1991 ഇല്‍ ‘തലസ്ഥാനം’ ആയി ഞങ്ങള്‍ വന്നപ്പോള്‍ ആ ചിത്രത്തെ ജനങ്ങള്‍ പൂര്‍വാധികം ആവേശത്തോടെ ഏറ്റെടുത്തത് സ്മരിക്കുന്നു. എനിക്ക് ഞാന്‍ ഭാവിയില്‍ ചെയ്യേണ്ട സിനിമകള്‍ എപ്രകാരം ഉള്ളതായിരിക്കണം എന്ന ദിശ കാണിച്ചു തന്നത് ഈ സിനിമയായിരുന്നു. പിന്നീട് കമ്മീഷണര്‍,ഏകലവ്യന്‍, മാഫിയ തുടങ്ങി ഞങ്ങള്‍ ഒരുമിച്ചു ചെയ്ത എല്ലാ സിനിമകളും ജനങ്ങള്‍ ഏറ്റെടുത്തു കൊണ്ടിരുന്നു.

എന്റെ കരിയറിനെ ഇത്ര അധികം ഉയര്‍ത്തി കൊണ്ട് വന്ന ആ മനുഷ്യന്‍ തന്നെ എന്റെ വ്യക്തി ജീവിതത്തിലും ഒരു നിമിത്തമായി പലപ്പോഴും ഉണ്ടായിരുന്നു എന്നതു കൗതുകകരമായ വസ്തുതയാണ്. അന്നത്തെ മുന്‍ നിര നായികയും പില്‍ക്കാലത്തു എന്റെ ജീവിത സഖിയുമായ ആനി ആദ്യമായി എന്റെ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ നായകന്‍ മറ്റാരുമായിരുന്നില്ല. ഞങ്ങളുടെ വിവാഹം നടന്നതും സുരേഷിന്റെ വീട്ടില്‍ വച്ചായിരുന്നു.

അയാളിലെ മികച്ച നടനെക്കാള്‍ എന്നെ എന്നും ആകര്‍ഷിച്ചത് അയാളിലെ നല്ല മനുഷ്യന്‍ ആണ്.. സുരേഷിന്റെ കരിയറില്‍ ഒരുപാട് കയറ്റിറക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്.. പക്ഷെ അയാള്‍ എന്നും ആ പഴയ സുരേഷ് തന്നെയായിരുന്നു. കൊട്ടി ഘോഷിക്കാതെ അയാള്‍ നിരന്തരം സമൂഹത്തില്‍ നടത്തുന്ന ഇടപെടലുകള്‍ നിരവധിയാണ്.

അതിന്റെ ഗുണഭോക്താക്കള്‍ അനവധി സാധാരണക്കാരാണ്. രാഷ്ട്രീയപരമായ എതിര്‍പ്പുകള്‍ കൊണ്ട് വ്യക്തി ആക്ഷേപകങ്ങള്‍ക്കു പലരും മുതിര്‍ന്നപ്പോളും ഒരു ചിരിയോടെ ആണ് സുരേഷ് അതിനെ എതിരേറ്റത്.ആരോടും യാതൊരു വിരോധവും കാണിക്കാത്ത പ്രകൃതമാണ് അയാളുടേത്.

മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ സ്റ്റാര്‍ ഒരു പിടി ചിത്രങ്ങളുമായി വീണ്ടും ജനങ്ങളിലേക്ക് എത്തുകയാണ്.. അതെല്ലാം വന്‍ വിജയമായി തീരട്ടെ എന്ന് ആശംസിക്കുന്നു. ഒപ്പം അദ്ദേഹവുമായി വീണ്ടും ഒരുമിക്കാനും മികച്ച ചിത്രങ്ങളുടെ ഭാഗമാകാനുമുള്ള അനുഗ്രഹം സര്‍വേശ്വരന്‍ തരട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. ഹാപ്പി ബര്‍ത്ത് ഡേ സുരേഷ് ഗോപി..

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Shaji Kailas facebook post about Suresh Gopi

We use cookies to give you the best possible experience. Learn more