മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം, കടുവയിലെ സീനിന് മാപ്പ് പറഞ്ഞ് ഷാജി കൈലാസ്
Entertainment news
മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം, കടുവയിലെ സീനിന് മാപ്പ് പറഞ്ഞ് ഷാജി കൈലാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 10th July 2022, 1:15 pm

ഷാജി കൈലാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായെത്തിയ ചിത്രമായിരുന്നു കടുവ. തിയേറ്ററിൽ നിന്നും വളരെ മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഭിന്നശേഷിക്കാരായ കുട്ടികളുണ്ടാകുന്നത് മാതാപിതാക്കൾ ചെയ്ത പാപത്തിന്റെ ഫലമാണെന്ന തരത്തിൽ ചിത്രത്തിൽ പൃഥ്വിരാജ് പറഞ്ഞ ഡയലോഗ് വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു.

ഇപ്പോൾ ആ സീൻ ചെയ്തതിൽ ക്ഷമാപണം നടത്തിയിരിക്കുകയാണ് ഷാജി കൈലാസ്. ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തില്‍ പരാമര്‍ശം വന്നതില്‍ നിര്‍വ്യാജം ക്ഷമചോദിക്കുന്നുവെന്നും മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണമെന്നുമാണ് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

പോസ്റ്റ് ഇങ്ങനെയാണ്

‘ഞാന്‍ സംവിധാനം ചെയ്ത ‘കടുവ’ എന്ന സിനിമയില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തില്‍ പരാമര്‍ശം വന്നതില്‍ നിര്‍വ്യാജം ക്ഷമചോദിക്കുന്നു. ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം എന്ന് മാത്രമാണ് അഭ്യര്‍ഥിക്കാനുള്ളത്. അങ്ങനെയൊരു സംഭാഷണം എഴുതുമ്പോള്‍ തിരക്കഥാകൃത്ത് ജിനുവോ അത് പറയുമ്പോള്‍ നായകനായ പൃഥ്വിരാജോ ആ സീന്‍ ഒരുക്കുമ്പോള്‍ ഞാനോ അതിന്റെ മറ്റ് വശങ്ങളെക്കുറിച്ച് ചിന്തിച്ചില്ല എന്നതാണ് സത്യം.

വില്ലന്റെ ചെയ്തികളുടെ ക്രൂരത എത്രത്തോളമുണ്ടെന്ന് അയാളെയും കാണികളെയും ബോധ്യപ്പെടുത്തണം എന്ന ഉദ്ദേശ്യം മാത്രമാണ് അതിന് പിന്നിലുണ്ടായിരുന്നത്. നമ്മള്‍ ചെയ്യുന്നതിന്റെ ഫലം നമ്മുടെ അനന്തരതലമുറയാണ് അനുഭവിക്കുകയെന്ന വാക്കുകള്‍ കാലങ്ങളായി നാം കേള്‍ക്കുന്നതാണ്. (‘പിതാക്കന്മാര്‍ പച്ചമുന്തിരിങ്ങ തിന്നു,മക്കളുടെ പല്ല് പുളിച്ചു’ എന്ന ബൈബിള്‍വചനം ഓര്‍മിക്കുക) മക്കളുടെ കര്‍മഫലത്തെക്കുറിച്ച് പറയുമ്പോഴൊക്കെ മനുഷ്യര്‍ അത് ആവര്‍ത്തിക്കുന്നു.

ഈ സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തില്‍ നിന്നുണ്ടായതും മനുഷ്യസഹജമായ ആ വാക്കുകളായിരുന്നു. ശരിതെറ്റുകളെക്കുറിച്ചോ അതിന്റെ വൈകാരികമായ പ്രത്യാഘാതങ്ങളെക്കുറിച്ചോ ഓര്‍മിക്കാതെ തീര്‍ത്തും സാധാരണനായ ഒരു മനുഷ്യന്‍ ഒരുനിമിഷത്തെ വികാരവിക്ഷോഭത്തില്‍ പറഞ്ഞ വാക്കുകള്‍ മാത്രമായി അതിനെ കാണുവാന്‍ അപേക്ഷിക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളുടെ ചെയ്തികളുടെ ഫലമാണ് അവര്‍ അനുഭവിക്കുന്നത് എന്ന് ഇതിന് ഒരിക്കലും ഇതിനര്‍ഥമില്ല.

ഞങ്ങളുടെ വിദൂരചിന്തകളില്‍പ്പോലും ഒരിക്കലും അങ്ങനെയൊന്നില്ല. മക്കളെ സ്‌നേഹിക്കുന്ന ഒരച്ഛനാണ് ഞാനും. അവര്‍ ചെറുതായൊന്ന് വീഴുമ്പോള്‍പ്പോലും എനിക്ക് വേദനിക്കാറുണ്ട്. അപ്പോള്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളുടെ മാനസികാവസ്ഥ മറ്റാരും പറയാതെ എനിക്ക് മനസിലാക്കാനാകും. ‘കടുവ’യിലെ വാക്കുകള്‍ മുറിവേല്പിച്ചു എന്ന് കാട്ടി അച്ഛനമ്മമാരുടെ കുറിപ്പുകള്‍ കാണാനിടയായി. നിങ്ങള്‍ക്ക് ലോകത്തിലേറ്റവും വിലപ്പെട്ടത് നിങ്ങളുടെ മക്കളാണെന്നും അവര്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ ജീവിക്കുന്നതെന്നും മനസിലാക്കിക്കൊണ്ടുതന്നെ പറയട്ടെ….മാപ്പ്….
നിങ്ങള്‍ക്കുണ്ടായ മനോവിഷമത്തിന് ഈ വാക്കുകള്‍ പരിഹാരമാകില്ല എന്നറിഞ്ഞുകൊണ്ടുതന്നെ ഒരിക്കല്‍ക്കൂടി ക്ഷമാപണം.

Content Highlight: Shaji Kailas apologise for the scene in kaduva