ദി കിംഗ് സിനിമയെ കുറിച്ചുള്ള തന്റെ ഓര്‍മകള്‍ പങ്കുവെച്ച് സംവിധായകന്‍ ഷാജി കൈലാസ്. ദി കിംഗ് എന്ന സിനിമയുടെ കഥയിലേക്ക് എത്തിയതിനെ കുറിച്ചും ചിത്രത്തിന് ആ പേരിടാന്‍ തീരുമാനിച്ചതിനെ കുറിച്ചുമൊക്കെയാണ് ഷാജി കൈലാസ് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ദി കിംഗ് എന്ന് സിനിമയ്ക്ക് പേരിടാന്‍ മമ്മൂട്ടി ആദ്യം സമ്മതിച്ചിരുന്നില്ലെന്നും ആ പേര് അല്‍പ്പം കൂടിപ്പോയോ എന്നായിരുന്നു അദ്ദേഹത്തിന്റെ സംശയമെന്നും ഷാജി കൈലാസ് പറയുന്നു. കളക്ടറെ കുറിച്ച് ഒരു പ്ലോട്ട് ആലോചിക്കാമെന്ന് പറഞ്ഞപ്പോള്‍ രണ്‍ജി പണിക്കര്‍ക്കും ആദ്യം താത്പര്യമില്ലായിരുന്നെന്നും ഷാജി കൈലാസ് പറയുന്നു.
‘ എന്റേയും രണ്‍ജിയുടേയും ഒരു സുഹൃത്തുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ ഞങ്ങള്‍ ഇരിക്കുകയാണ്. അടുത്ത സിനിമ എന്തായിരിക്കണമെന്ന ആലോചനയിലാണ് എല്ലാവരും. ഞാന്‍ പറഞ്ഞു നമുക്ക് ഒരു കളക്ടറുടെ കഥ പിടിക്കാമെന്ന്. ഇത് കേട്ടതോടെ രണ്‍ജി എന്നോട് ‘നീ പോടാ അവിടുന്ന് കമ്മീഷണര്‍ കളക്ടര്‍ മാങ്ങാത്തൊലി ഇതും പറഞ്ഞ് എന്റെയടുത്തോട്ട് വരും’ എന്നൊക്കെ പറഞ്ഞ് എന്നെ ചീത്ത വിളിച്ചു. അപ്പോള്‍ ഞങ്ങളുടെ ആ സുഹൃത്ത് പറഞ്ഞു, അല്ല ഷാജി പറയുന്നതിലും കാര്യമുണ്ട്. അങ്ങനെ ഒരു സിനിമ വന്നാല്‍ നന്നാവും എന്ന്.
അന്ന് ആലപ്പുഴയില്‍ ഒരു കളക്ടറുണ്ട്. മുണ്ടുമടക്കിക്കുത്തി ഇറങ്ങുന്ന ആളായിരുന്നു. അതുപോലെ അല്‍ഫോണ്‍സ് കണ്ണന്താനം ദല്‍ഹിയില്‍ കളക്ടറായി ഇരുന്നപ്പോള്‍ സൂപ്പര്‍ ആയി അദ്ദേഹം അവിടെ ഇറങ്ങിക്കളിച്ചിരുന്നു. ആ ആര്‍ട്ടിക്കിള്‍സൊക്കെ അന്നേ ശ്രദ്ധിച്ചിരുന്നു. ഈ പ്ലോട്ട് മാത്രം പിടിച്ചാല്‍ മതിയെടാ എന്ന് ഞാന്‍ രണ്‍ജിയോട് പറഞ്ഞു.
കളക്ടര്‍ എന്നൊക്കെ എങ്ങനെയാണ് പേരിടുക എന്നായി പിന്നെ രണ്‍ജി. കളക്ടര്‍ എന്ന് വേണ്ട ‘ദി കിംഗ്’ എന്നിടാമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ മമ്മൂട്ടിയെ വിളിച്ച് ദി കിംഗ് എന്ന് പറഞ്ഞതോടെ ‘അയ്യോ കൂടിപ്പോയി അത് വേണ്ട’ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ മറുപടി. പിന്നീട് അത് ഫിക്‌സ് ചെയ്തു.
കളക്ടറിനെ ഒരിക്കലും നമ്മള്‍ കിംഗ് എന്ന് പറയില്ല. ബട്ട് അയാളാണ് ശരിക്കും രാജാവ്. ആ രീതിയിലാണ് കണ്ടത്. പിന്നെ സിനിമയുടെ ഡയലോഗൊന്നും നമ്മള്‍ തിരിഞ്ഞു നോക്കേണ്ട ആവശ്യമില്ല. രണ്‍ജി ആയിക്കോളും. നമ്മള്‍ അങ്ങ് എടുത്താല്‍ മാത്രം മതി, ഷാജി കൈലാസ് പറഞ്ഞു.
ഷാജി കൈലാസിന്റെ സംവിധാനത്തില്‍ 1995 ല്‍ ആണ് ദി കിംഗ് റിലീസായത്. മമ്മൂട്ടിയായിരുന്നു ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. സുരേഷ് ഗോപി ഗസ്റ്റ് റോളിലും ചിത്രത്തില്‍ എത്തിയിരുന്നു.
രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ എത്തിയ ചിത്രം ബോക്‌സ് ഓഫീസുകള്‍ ഇളക്കി മറിച്ച പൊളിറ്റിക്കല്‍ മാസ്സ് മൂവിയായിരുന്നു. ജോസഫ് അലക്‌സ് എന്ന മമ്മൂട്ടിയുടെ കളക്ടര്‍ കഥാപാത്രം അന്ന് ആരാധകര്‍ അക്ഷരാര്‍ത്ഥത്തില്‍ ഏറ്റെടുക്കുകയായിരുന്നു.
Content Highlight: Shaji Kailas about the king movie and mammootty comment