Entertainment
ഈ ജനറേഷനിലെ സൂപ്പർസ്റ്റാർ, ജനങ്ങളുടെ പൾസ് അറിയുന്ന അവന്റെ വാക്കുകൾ എനിക്ക് ആത്മവിശ്വാസമായി: ഷാജി കൈലാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 07, 12:16 pm
Friday, 7th February 2025, 5:46 pm

മലയാളത്തിലെ ഹിറ്റ് മേക്കർ സംവിധായകരിൽ ഒരാളാണ് ഷാജി കൈലാസ്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നീ താരങ്ങൾക്ക് ബ്ലോക്ക് ബസ്റ്റർ സിനിമകൾ സമ്മാനിച്ച ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്ത സിനിമ ന്യൂസ് ആയിരുന്നു. ഡോക്ടർ പശുപതി എന്ന സിനിമയിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടുന്നത്.

പിന്നീട് തലസ്ഥാനം, ദി കിങ്, കമ്മീഷണര്‍, ആറാം തമ്പുരാന്‍, നരസിംഹം, വല്ല്യേട്ടന്‍ തുടങ്ങിയ എവര്‍ഗ്രീന്‍ ഹിറ്റുകള്‍ മലയാള സിനിമക്ക് സമ്മാനിച്ചു. പിന്നീട് തുടർപരാജയങ്ങൾ നേരിട്ട ഷാജി കൈലാസ് ചെറിയൊരു ഇടവേളയ്ക്ക് ശേഷം കടുവ എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ തിരിച്ചുവന്നിരുന്നു.

കടുവ എന്ന സിനിമ ഉണ്ടാവാനുണ്ടായ സാഹചര്യത്തെ കുറിച്ച് സംസാരിക്കുകയാണ് ഷാജി കൈലാസ്. ഇങ്ങനെയൊരു തിരക്കഥയുണ്ട് കേൾക്കണമെന്ന് പറഞ്ഞത് പൃഥ്വിരാജ് ആണെന്നും ഓക്കെയാണെങ്കിൽ സിനിമ നിർമിക്കാമെന്ന് പൃഥ്വി പറഞ്ഞെന്നും ഷാജി കൈലാസ് പറയുന്നു. സിനിമ വിജയമാവുമോ എന്ന് പലർക്കും സംശയം ഉണ്ടായിരുന്നുവെന്നും എന്നാൽ കെ.ജി.എഫും വിക്രമുമെല്ലാം ഹിറ്റായ പോലെ കടുവയും സ്വീകരിക്കപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘തിരക്കഥാകൃത്ത് ജിനു എബ്രഹാമിൻ്റെ കയ്യിൽ ഒരു സബ്ജക്ട് ഉണ്ട്. കേൾക്കണമെന്ന് പറഞ്ഞ് പൃഥ്വിരാജ് ആണ് വിളിച്ചത്. ‘ഷാജി ചേട്ടൻ ഈ സിനിമ ചെയ്ത തിരിച്ചു വരണമെന്നാണ് എൻ്റെ ആഗ്രഹം. ഓക്കെ ആണെങ്കിൽ ഞാൻ തന്നെ നിർമിക്കാം’ രാജു പറഞ്ഞു. ഈ ജനറേഷനിലെ സൂപ്പർസ്‌റ്റാർ ആണല്ലോ അദ്ദേഹം.

ജനങ്ങളുടെ പൾസും അറിയാം. അത്ര ഉറപ്പോടെ പറയുമ്പോൾ എനിക്കും ആത്മവിശ്വാസമായി. ‘തൊണ്ണൂറുകളിൽ ചേട്ടൻ ചെയ്‌തതു പോലെ ഒരു സിനിമ.’ അതായിരുന്നു രാജുവിന്റെ ആവശ്യം. അതു തന്നെ ഞാൻ ചെയ്‌തു. സിനിമ എൻ്റർടെയ്ൻമെൻ്റ് ആണെങ്കിൽ ആ വിഭാഗത്തിലാണ് ഈ സിനിമ പെടുന്നത്, മറ്റൊരു അവകാശവാദവുമില്ല. ഇത് തനി അടിപ്പടമാണ്.

കടുവയെ കുറിച്ച് ആലോചിച്ചു തുടങ്ങിയപ്പോൾ പലർക്കും സംശയമുണ്ടായി. പക്ഷേ, മാസ് പടം എന്ന ലേബലിന് ഇപ്പോഴും മൂല്യമുണ്ടെന്ന് തിരിച്ചറിഞ്ഞില്ലേ? എല്ലാം അതിജീവിച്ചു കൊണ്ട് ജനം അത് ഏറ്റെടുത്തില്ലേ?ആക്ഷൻ സിനിമകൾ കാണാൻ ആളുണ്ടെന്ന്‌ തിരിച്ചറിഞ്ഞു. മാസ് പടം കാണുമ്പോൾ പ്രേക്ഷകന് കിട്ടുന്ന ഊർജമുണ്ട്.

ഏത് കാലത്തും അത് ഒരുപോലെയാണ്. അതു കൊണ്ടല്ലേ കെ.ജി.എഫും വിക്രമും എല്ലാം തിയേറ്ററുകളിൽ വിജയമായത്. കമ്മീഷണറും കിങ്ങും ആറാംതമ്പുരാ നുമെല്ലാം പ്രേക്ഷകർക്കൊപ്പം ഇരുന്നു കണ്ടപ്പോൾ കേട്ട കയ്യടി കടുവയുടെ കാലത്തും കേൾക്കാനായി,’ഷാജി കൈലാസ് പറയുന്നു.

 

Content Highlight: Shaji Kailas About Prithviraj And Kaduva Movie