| Friday, 22nd November 2024, 6:42 pm

വല്ല്യേട്ടനില്‍ മമ്മൂക്കയുടെ സിഗ്നേച്ചര്‍ ഷോട്ടായി ഞാന്‍ ചേര്‍ത്ത കാര്യം അതായിരുന്നു: ഷാജി കൈലാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത് 2000ത്തില്‍ റിലീസായ ചിത്രമായിരുന്നു വല്ല്യേട്ടന്‍. അറക്കല്‍ മാധവനുണ്ണി എന്ന കഥാപാത്രമായി മമ്മൂട്ടി നിറഞ്ഞാടിയ ചിത്രം അക്കാലത്തെ പല കളക്ഷന്‍ റെക്കോഡുകളും തകര്‍ത്തിരുന്നു. റിലീസ് ചെയ്ത് 24 വര്‍ഷങ്ങള്‍ക്കിപ്പുറം 4k വേര്‍ഷനില്‍ റീ റിലീസ് ചെയ്യാനൊരുങ്ങുകയാണ് വല്ല്യേട്ടന്‍. ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് ഷാജി കൈലാസ്.

തന്റെ എല്ലാ ചിത്രത്തിലും നായകന് ഒരു സിഗ്നേച്ചര്‍ ഷോട്ട് കൊടുക്കുന്ന പതിവ് ഉണ്ടായിരുന്നെന്നും വല്ല്യേട്ടനിലും അത്തരത്തില്‍ ഒരു കാര്യമുണ്ടെന്നും ഷാജി കൈലാസ് പറഞ്ഞു. മാധവനുണ്ണി എന്ന ക്യാരക്ടറിന് ഏത് സിഗ്നേച്ചര്‍ ഷോട്ട് വെക്കുമെന്ന് ഒരുപാട് ആലോചിച്ചെന്നും ഏറ്റവുമൊടുവിലാണ് ഒരു കാര്യം കിട്ടിയതെന്നും ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു. ഫൈറ്റിന്റെ സമയത്ത് മുട്ട് മടക്കിയുള്ള ഇടിയാണ് മമ്മൂട്ടിക്ക് കൊടുത്ത സിഗ്നേച്ചര്‍ ഷോട്ടെന്നും ഷാജി കൈലാസ് പറഞ്ഞു.

ഇന്‍ട്രോ ഫൈറ്റിലും, ഇന്റര്‍വല്‍ ഫൈറ്റിലും എല്ലാം ആ ഒരു ഷോട്ട് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും എന്നാല്‍ അതിന്റെ ഇംപാക്ട് കിട്ടിയത് മറ്റൊരു സീനിലായിരുന്നെന്നും ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു. പൊലീസ് സ്റ്റേഷനില്‍ വെച്ച് രണ്ട് കൈയും തോര്‍ത്ത് കൊണ്ട് കെട്ടിയ ശേഷം പൊലീസിനെ ഇടിക്കുന്ന സീനിലാണ് ആ ഷോട്ടിന്റെ ഇംപാക്ട് കൂടിയതെന്നും ഷാജി കൈലാസ് പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ഷാജി കൈലാസ്.

‘എന്റെ എല്ലാ സിനിമകളിലും നായകന് ഒരു സിഗ്നേച്ചര്‍ ഷോട്ട് വെക്കാറുണ്ട്. ദി കിംഗിലും നരസിംഹത്തിലും എല്ലാം അത്തരത്തില്‍ ഒരു സംഗതി കാണാന്‍ സാധിക്കും. വല്ല്യേട്ടനിലും അങ്ങനെയൊരു കാര്യം ചെയ്തിട്ടുണ്ട്. പക്ഷേ അത് എന്താണെന്ന് ആലോചിച്ച് ഒരുപാട് സമയം ചെലവഴിച്ചിട്ടുണ്ട്. മറ്റ് സിനിമകളില്‍ നിന്ന് വ്യത്യസ്തമായിരിക്കണം, ആ ക്യാരക്ടറിന് ചേരുന്നതായിരിക്കണം. അല്ലാതെ വന്നാല്‍ ശരിയാവില്ല.

അങ്ങനെയാണ് ഫൈറ്റിന്റെ സമയത്ത് പുള്ളി കാല്‍മുട്ട് മടക്കി ഇടിക്കുന്ന ഒരു ഷോട്ട് വെക്കാമെന്ന് തീരുമാനിച്ചത്. എല്ലാ ഫൈറ്റിലും അങ്ങനെയൊരു കാര്യം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍ട്രോ ഫൈറ്റിലും, ഇന്റര്‍വെല്‍ ഫൈറ്റിലുമെല്ലാം ആ കാര്യം കാണാന്‍ സാധിക്കും. പക്ഷേ അതിന്റെ ഇംപാക്ട് കറക്ടായി കിട്ടിയത് പൊലീസ് സ്റ്റേഷനില്‍ വെച്ചുള്ള ഫൈറ്റിലായിരുന്നു. തോര്‍ത്ത് കൊണ്ട് രണ്ട് കൈയും കെട്ടിയ ശേഷം പൊലീസുകാരനെ ഇടിക്കുന്ന സീനിന് ഗംഭീര റെസ്‌പോണ്‍സായിരുന്നു,’ ഷാജി കൈലാസ് പറയുന്നു.

Content Highlight: Shaji Kailas about Mammootty’s signature shot in Valliettan movie

We use cookies to give you the best possible experience. Learn more