ഒരു ഇടവേളക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു കടുവ. പൃഥ്വിരാജിനെ നായകനാക്കി എടുത്ത ചിത്രം തിയേറ്ററില്‍ വന്‍ വിജയമായിരുന്നു.
ഇപ്പോള്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.
പുതിയ തലമുറയിലെ ഫിലിം മേക്കേഴ്‌സെല്ലാം കഴിവുറ്റവരാണെന്ന് പറയുകയാണ് ഷാജി കൈലാസ്. ഈയടുത്ത് കണ്ടവയില്‍ തനിക്ക് ഇഷ്ടപ്പെട്ടതും അതുപോലെ എടുക്കണമെന്ന് തോന്നിയതുമായ സിനിമകളെ കുറിച്ചും കാന്‍ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഷാജി കൈലാസ് സംസാരിക്കുന്നുണ്ട്.
”ഇന്ന് എല്ലാം ടാലന്റുള്ള കുട്ടികളാണ്. മനോഹരമായ സിനിമകളാണ് ഉണ്ടാക്കുന്നത്. ചിലത് കണ്ട് നമ്മള്‍ പോലും ഞെട്ടിയിരിക്കും.
ചിലത് കാണുമ്പോള്‍ ഇതൊന്ന് എടുത്താലോ എന്ന് തോന്നിയിട്ടുണ്ട്. തീര്‍ച്ചയായും അങ്ങനെ തോന്നിയിട്ടുണ്ട്.
ഞാന്‍ ഓപ്പറേഷന്‍ ജാവ കണ്ടിരുന്നു. എന്ത് മനോഹരമായാണ് അവര്‍ അത് എടുത്തിരിക്കുന്നത്. പിന്നെ നായാട്ട് എന്ന സിനിമ കണ്ടു, ജോജുവിന്റെ തന്നെ വേറൊരു സിനിമ കണ്ടു.
ഇങ്ങനത്തെ സിനിമകള്‍ കാണുമ്പോള്‍ നമുക്ക് തോന്നും, എന്ത് മനോഹരമായാണ് ഇവരെല്ലാം പെര്‍ഫോം ചെയ്യുന്നത് എന്ന്. ടൈമിങ്, കട്ടിങ് എല്ലാം നല്ല രസത്തിലെടുത്തിരിക്കുന്നു. എന്ത് മനോഹരമായാണ് അവര്‍ എടുത്തിരിക്കുന്നത്,” ഷാജി കൈലാസ് പറഞ്ഞു.
2013ല്‍ ചെയ്ത ജിഞ്ചര്‍ എന്ന സിനിമക്ക് ശേഷം ഷാജി കൈലാസിന്റേതായി റിലീസ് ചെയ്ത മലയാള ചിത്രമായിരുന്നു കടുവ.
കടുവാക്കുന്നേല്‍ കുര്യച്ചന്റെ കഥ പറഞ്ഞ കടുവയില്‍ ബോളിവുഡ് താരം വിവേക് ഒബ്രോയ് ആയിരുന്നു വില്ലനായെത്തിയത്. കലാഭവന്‍ ഷാജോണ്‍, അലന്‍സിയര്‍, ബൈജു, സംയുക്ത മേനോന്‍, സീമ, രാഹുല്‍ മാധവ്, ഇന്നസെന്റ്, സുധീഷ് എന്നിവരാണ് കടുവയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തിയിരുന്നത്.