| Tuesday, 26th November 2024, 9:36 pm

നരസിംഹത്തിലെ ആ സൂപ്പർ ഹിറ്റ്‌ ബി.ജി.എം ഒരു സുരേഷ് ഗോപി ചിത്രത്തിൽ നിന്നുണ്ടായത്: ഷാജി കൈലാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന് ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് ഷാജി കൈലാസ്. ന്യൂസ് എന്ന ചിത്രത്തിലൂടെ സിനിമാജീവിതം ആരംഭിച്ച ഷാജി കൈലാസ് ഡോക്ടര്‍ പശുപതി എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. പിന്നീട് തലസ്ഥാനം, ദി കിങ്, കമ്മീഷണര്‍, ആറാം തമ്പുരാന്‍, നരസിംഹം, വല്ല്യേട്ടന്‍ തുടങ്ങിയ എവര്‍ഗ്രീന്‍ ഹിറ്റുകള്‍ മലയാള സിനിമക്ക് സമ്മാനിച്ചു.

ഇടക്ക് തുടര്‍പരാജയങ്ങള്‍ നേരിട്ട ഷാജി കൈലാസ് ചെറിയൊരു ഇടവേള എടുക്കുകയും കടുവ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തുകയും ചെയ്തു.

തന്റെ സിനിമകളിൽ ഏറ്റവും ഇഷ്ടമുള്ള ബി.ജി.എമ്മിനെ കുറിച്ച് സംസാരിക്കുകയാണ് ഷാജി കൈലാസ്. നരസിംഹം സിനിമയിലെ ബി.ജി.എമ്മാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നും അത് ഏകലവ്യൻ എന്ന ചിത്രത്തിലെ ഒരു ഗാനത്തിൽ നിന്നാണ് ഉണ്ടാവുന്നതെന്നും ഷാജി കൈലാസ് പറയുന്നു.

‘നരസിംഹത്തിലെ ബി.ജി. എമ്മാണ് എനിക്ക് ഏറ്റവും ഇഷ്ടം. ഏകലവ്യൻ എന്ന ചിത്രത്തിൽ ചിത്ര ചേച്ചി പാടിയ ഒരു പാട്ടുണ്ട്. ഒരു ഭക്തി ഗാനമാണ്. അതിന്റെ ഇടയ്ക്കുള്ള രണ്ട് ബി.ജി.എമ്മുണ്ട്. അതിൽ നിന്നാണ് നരസിംഹത്തിലെ മ്യൂസിക് ഉണ്ടാവുന്നത്. അതാണ് നരസിംഹത്തിലെ തീം മ്യൂസിക് ആയത്,’ഷാജി കൈലാസ് പറയുന്നു.

അതേസമയം ഷാജി കൈലാസ് സംവിധാനം ചെയ്ത വല്യേട്ടൻ റീറിലീസിന് ഒരുങ്ങുകയാണ്. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത് 2000ത്തില്‍ റിലീസായ ചിത്രമായിരുന്നു വല്ല്യേട്ടന്‍.

അറക്കല്‍ മാധവനുണ്ണി എന്ന കഥാപാത്രമായി മമ്മൂട്ടി നിറഞ്ഞാടിയ ചിത്രം അക്കാലത്തെ പല കളക്ഷന്‍ റെക്കോഡുകളും തകര്‍ത്തിരുന്നു. റിലീസ് ചെയ്ത് 24 വര്‍ഷങ്ങള്‍ക്കിപ്പുറം 4k വേര്‍ഷനില്‍ റീ റിലീസ് ചെയ്യാനൊരുങ്ങുകയാണ് ചിത്രം.

Content Highlight: Shaji Kailas About BGM of Narasimham

We use cookies to give you the best possible experience. Learn more