മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമയായിരുന്നു എലോണ്‍. ഒ.ടി.ടിയിലായിരുന്നു എലോണ്‍ റിലീസ് ചെയ്യാനിരുന്നതെന്നും എന്നാല്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ നിര്‍ബന്ധം കൊണ്ട് മാത്രമാണ് തിയേറ്ററിലിറക്കിയതെന്നും സംവിധായകന്‍ ഷാജി കൈലാസ് പറഞ്ഞു.
ജനുവരി 26ന് തിയേറ്ററിലിറങ്ങിയ സിനിമക്കെതിരെ വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ആ സന്ദര്‍ഭത്തിലാണ് ഈ പരാമര്‍ശവുമായി ഷാജി കൈലാസ് രംഗത്ത് വന്നിരിക്കുന്നത്. എലോണ്‍ തിയേറ്ററിലിറക്കുന്നത് റിസ്‌കാണെന്ന് താന്‍ പറഞ്ഞിരുന്നെന്നും ലാല്‍ സാര്‍ മുമ്പ് ചെയ്തിട്ടില്ലാത്ത കഥാപാത്രമാണെന്നും അതിനാല്‍ ഉറപ്പായും തിയേറ്ററിലിറക്കണമെന്നും ആന്റണി പറഞ്ഞുവെന്നും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഷാജി കൈലാസ് പറഞ്ഞു.
‘ കൊവിഡിനിടെയാണ് എലോണ്‍ സിനിമയെടുക്കുന്നത്. എല്ലാ മേഖലയിലും പ്രശ്നങ്ങളുണ്ടായിരുന്നു. സിനിമയില്‍ എല്ലാവരും പ്രതിസന്ധി കാലഘട്ടത്തിലൂടെ കടന്നുപോവുമ്പോള്‍ ലാലേട്ടന്‍ ഒരുക്കിതന്നൊരു വഴിയായിരുന്നു എലോണ്‍. അടച്ചിട്ട സ്ഥലത്ത്, കുറച്ചുപേര്‍ മാത്രമുള്ള ക്രൂവിനെ വെച്ചൊരു സിനിമ. എന്നും ആര്‍.ടി.പി.സി.ആര്‍ എടുത്തിരുന്നു. മോഹന്‍ലാല്‍ മാത്രമാണ് അവിടെ മാസ്‌ക് വെക്കാത്തത്. പുറത്ത് നിന്നും ഒരാളെ പോലും അകത്ത് കയറ്റിയിരുന്നില്ല. ആ സമയത്ത് ഇന്‍ഡസ്ട്രിയിലെ ഒത്തിരി പേര്‍ക്ക് നന്മ ഉണ്ടാകണമെന്ന് കരുതി എടുത്ത സിനിമയാണത്.
ശരിക്കും പറഞ്ഞാല്‍ ഒ.ടി.ടിക്ക് മാത്രമായി എടുത്ത സിനിമയായിരുന്നു അത്. ആന്റണിയുടെ നിര്‍ബന്ധമായിരുന്നു തിയേറ്ററില്‍ കാണിക്കമെന്നത്. ഇതുപോലൊരു കാര്യം ലാല്‍ സാര്‍ മുമ്പ് ചെയ്തിട്ടില്ല, ഇനി ചെയ്യാനും സാധ്യതയില്ല. അതുകൊണ്ട് ഉറപ്പായും തിയേറ്ററില്‍ കാണിക്കണമെന്ന് ആന്റണി പറഞ്ഞു.
എന്നാല്‍ അത് റിസ്‌കാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. ചേട്ടാ അത് കുഴപ്പമില്ല, പരീക്ഷണ ചിത്രമല്ലേ വിമര്‍ശിക്കപ്പെടുകയോ നന്നാവുകയോ ചെയ്യാം. പക്ഷെ ശ്രമത്തിനുള്ള അംഗീകാരം കിട്ടിയാല്‍ സന്തോഷമല്ലേ എന്നാണ് ആന്റണി പറഞ്ഞത്. ചിത്രത്തില്‍ ഫോണിലൂടെ വരുന്ന കഥാപാത്രങ്ങള്‍ക്ക് അറിയാവുന്ന താരങ്ങള്‍ തന്നെ ശബ്ദം കൊടുക്കണമെന്നത് ആന്റണിയുടെ ഐഡിയയായിരുന്നു.
അത് വേണോയെന്ന് ഞാന്‍ ചോദിച്ചതാണ്. പരിചിതരായവരുടെ ശബ്ദം ആകുമ്പോള്‍ അവര്‍ അപ്പുറത്തുള്ളതായി ഫീല്‍ ചെയ്യുമെന്ന് ആന്റണി പറഞ്ഞു. അങ്ങനെയാണ് മഞ്ജുവിനോടും രാജുവിനോടും ആനിയോടുമൊക്കെ ഡബ്ബ് ചെയ്യാമോന്ന് ചോദിക്കുന്നത്. അവരൊക്കെ സന്തോഷത്തോടെ വന്ന് ചെയ്യുകയും ചെയ്തു. വിമര്‍ശനം ഭീകരമായിട്ട് വന്നിട്ടുണ്ട്. അതും നമ്മള്‍ ഏറ്റെടുത്തു. അതും വേണമല്ലോ,’ ഷാജി കൈലാസ് പറഞ്ഞു.
content highlight: shaji kailas about alone movie ott release