| Friday, 25th August 2023, 12:52 pm

ഷാജന്‍ സ്‌കറിയ ചോദ്യം ചെയ്യലിന് ഹാജരാകണം; അല്ലാത്തപക്ഷം മുന്‍കൂര്‍ ജാമ്യം റദ്ദാക്കും: കടുപ്പിച്ച് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മതവിദ്വേഷം വളര്‍ത്തുന്ന വീഡിയോ പ്രചരിപ്പിച്ച കേസില്‍ മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. നാളെ രാവിലെ നിലമ്പൂര്‍ എസ്.എച്ച്.ഒക്ക് മുമ്പാകെ ഹാജരാകണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി അറിയിച്ചിട്ടുണ്ട്.

നേരത്തെ പല കാരണങ്ങള്‍ ഉന്നയിച്ച് ഷാജന്‍ സ്‌കറിയ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. മാതാവിന് സുഖമില്ല, തനിക്ക് ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ട് തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞായിരുന്നു ഷാജന്‍ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്.

എന്നാല്‍ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ച ഷാജന്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും സഹകരിക്കുമെന്നും പറഞ്ഞിരുന്നു. പക്ഷേ ഷാജന്‍ ഒരിക്കലും ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കഴിഞ്ഞ ദിവസവും ഷാജനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഹരജിക്കാരന് കോടതിയോട് ബഹുമാനമില്ലെന്നും നിരുത്തരവാദപരമായ പെരുമാറ്റമാണ് ഷാജന്‍ സ്‌കറിയയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നുമാണ് കോടതി പറഞ്ഞത്.

നിലമ്പൂര്‍ നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്‌കറിയ നല്‍കിയ പരാതിയില്‍ ആയിരുന്നു നിലമ്പൂര്‍ പൊലീസ് ഷാജനെതിരെ കേസെടുത്തിരുന്നത്.

content highlights: Shajan Skaria to appear for questioning; Otherwise anticipatory bail will be cancelled: High Court insists

We use cookies to give you the best possible experience. Learn more