കൊച്ചി: പൊലീസിന്റെ വയര്‍ലെസ് ചോര്‍ത്തിയ കേസില്‍ മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയെ പൊലീസ് അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. 2019ല്‍ കൊവിഡ് കാലത്ത് പൊലീസിന്റെ ഗ്രൂപ്പില്‍ നിന്ന് വയര്‍ലെസ് സന്ദേശം പുറത്തുപോയത് ഷാജന്റെ ചാനല്‍ വാര്‍ത്തയായി നല്‍കിരുന്നു. ഈ വിഷയത്തില്‍ പൊലീസിന്റെ രഹസ്യ സ്വഭാവമുള്ള സന്ദേശങ്ങള്‍ ചോര്‍ത്തി എന്നാരോപിച്ച് പൊലീസ് ഉദ്യേഗസ്ഥന്റെ പരാതിയിലാണ് ആലുവ പൊലീസ് കേസെടുത്തിട്ടുള്ളത്.
നിലവില്‍ പ്രധാനമന്ത്രിയുടെ സെക്യൂരിറ്റി സ്‌കീം പുറത്തുവിട്ടതുമായി ബന്ധപ്പെട്ട്
ഹൈക്കോടതി ജാമ്യം നല്‍കിയ മറ്റൊരു കേസില്‍ മൊഴിനല്‍കാന്‍ ഷാജന്‍ സ്‌കറിയ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ ഹാജരായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ആലുവ സ്റ്റേഷനിലെ പൊലീസുകാര്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.
അതിനിടയില്‍, അറസ്റ്റ് തടയാന്‍ ഷാജന്‍ സ്‌കറിയ എറണാകുളം ജില്ലാ കോടതിയെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്. വെള്ളിയാഴ്ച തന്നെ ഈ ഹരജി ജില്ലാ കോടതി പരിഗണിക്കുമെന്ന് ഷാജന്റെ അഭിഭാഷകന്‍ അറിയിച്ചു.
കഴിഞ്ഞ ആഴ്ച തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഷാജനെ അറസ്റ്റ് ചെയ്യുകയും പിന്നാലെ അദ്ദേഹം ജാമ്യത്തിലിറങ്ങുകയും ചെയ്തിരുന്നു. ബി.എസ്.എന്‍.എല്‍ ടെലിഫോണ്‍ ബില്ലുകള്‍ വ്യാജമായി നിര്‍മിച്ച് രജിസ്റ്റര്‍ ഓഫ് കമ്പനീസിനെ കബളിപ്പിച്ചുവെന്നാണ് ഇതിന് കാരണമായ കേസ്.
മതവിദ്വേഷം വളര്‍ത്തുന്ന വീഡിയോ പ്രചരിപ്പിച്ച കേസില്‍ നിലമ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ ഷാജന്‍ സ്‌കറിയ ഹാജരായ കേസിലാണ് ഈ അറസ്റ്റ്. നിലമ്പൂരില്‍ നിന്നും അറസ്റ്റ് ചെയ്ത് ഷാജനെ എറണാകുളത്തേക്ക് കൊണ്ടുപോയതിന് പിന്നാലെയാണ് ജാമ്യത്തിലിറങ്ങിയത്.
Content Highlight: Shajan Skaria may be arrested by the police