| Monday, 7th October 2019, 8:11 pm

'അടൂര്‍ എന്നല്ല ആര്‍ക്കു വേണ്ടിയും ഇവരാരും ശബ്ദിക്കില്ല, മോദിയെ പ്രകീര്‍ത്തിച്ച മോഹന്‍ലാലിന്റെ ബ്ലോഗിനെ വിമര്‍ശിച്ചപ്പോള്‍ സംഭവിച്ചത് ഇതാണ്': ഷാജഹാന്‍ മാടമ്പാട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനടക്കമുള്ളവരുടെ പേരില്‍ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തിട്ടും മലയാള സിനിമാ താരങ്ങള്‍ പാലിക്കുന്ന നിശബ്ദതയെ വിമര്‍ശിച്ച് എഴുത്തുകാരന്‍ ഷാജഹാന്‍ മാടമ്പാട്ട്. നോട്ടുനിരോധന സമയത്ത് മോഹന്‍ലാലിന്റെ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ പ്രകീര്‍ത്തിച്ച് നടന്‍ മോഹന്‍ലാല്‍ എഴുതിയ ബ്ലോഗിനെ വിമര്‍ശിച്ചതിന്റെ പേരില്‍ തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയുമാണ് ഷാജഹാന്റെ ഫേസ്ബുക്ക് പോസ്റ്റ്.

‘വികാരഭരിതനായി കടുത്ത ദേശഭക്തിയോടെ മോഹന്‍ലാല്‍ എഴുതിയ ബ്ലോഗ് വായിച്ചപ്പോള്‍ പ്രതികരിക്കണമെന്നെനിക്കു തോന്നി. ഞാനെന്റെ പ്രതികരണം എഫ്ബിയില്‍ എഴുതി. അതിനു മുമ്പ് ജെഎന്‍ യുവിനെക്കുറിച്ചും ദേശഭക്തിസാന്ദ്രമായ ഒരു ബ്ലോഗ് അദ്ദേഹം എഴുതിയിരുന്നു. രണ്ടിലും പൊതുവായുള്ള ഘടകം അദ്ദേഹത്തിന് കാര്യമായ ഒരു ധാരണയും ഇരുവിഷയങ്ങളിലുമില്ല എന്നതായിരുന്നു. അതെ സമയം സംഘപരിവാറിനെ അന്ധമായി പിന്തുണയ്ക്കാനും മോദിയെ പ്രകീര്‍ത്തിക്കാനുമുള്ള ഒരനുരാഗാത്മകഭ്രമം അദ്ദേഹത്തിന്റെ ഭാഷയില്‍ വ്യക്തമായി പ്രതിഫലിച്ചിരുന്നു. എഫ്ബിയില്‍ പോസ്റ്റിട്ടു നാല് ദിവസം കഴിഞ്ഞപ്പോള്‍ ലാലേട്ടന്‍ എന്നെ വിളിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഷാജഹാന്റെ പോസ്റ്റ് കണ്ടു; നന്ദി പറയാന്‍ വിളിച്ചതാണ്’ എന്ന് പറഞ്ഞാണ് സംസാരം തുടങ്ങിയത്. അരമണിക്കൂറോളം ഞങ്ങള്‍ സംസാരിച്ചു. തികഞ്ഞ സൗഹൃദത്തോടെ തന്നെ. പക്ഷെ ഞാന്‍ പറയുന്നത് കേള്‍ക്കാനോ മനസ്സിലാക്കാനോ ഒരു തരം ആന്തരിക വിമുഖത സംഭാഷണത്തിലുടനീളം നിഴലിച്ചിരുന്നു. അദ്ദേഹത്തിന് ശരിയെന്നു തോന്നുന്നത് പറയാനുള്ള അദ്ദേഹത്തിന്റെ അവകാശത്തെക്കുറിച്ചു മാത്രം വീണ്ടും വീണ്ടും ആവര്‍ത്തിച്ചു കൊണ്ടിരുന്നു. പൂര്‍ണമായും മസ്തിഷ്‌കപ്രക്ഷാളനത്തിനു വിധേയനായ, എന്നാല്‍ തന്റെ സ്വതസിദ്ധമായ സുജനമര്യാദ ഒട്ടും കൈവിടാത്ത ഒരാളായാണ് എനിക്കന്നു അനുഭവപ്പെട്ടത്’, ഷാജഹാന്‍ പോസ്റ്റില്‍ പറയുന്നു.

മോഹന്‌ലാലുമായുള്ള അവസാനസംഭാഷണം ആ ഫോണ്‍ കോളായിരുന്നെന്നും നോട്ടുനോരോധനസമയത് പൊതുസൗഹൃദവൃത്തങ്ങളിലുള്ള മറ്റു ചിലരും മോദിഭക്തരാവുന്നതും താന്‍ ശ്രദ്ധിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടൂര്‍ എന്നല്ല ആര്‍ക്കു വേണ്ടിയും ഇവരാരും ശബ്ദിക്കില്ല. അതിന്റെ കാരണം ഭീരുത്വമാണോ ഹിന്ദുത്വമാണോ എന്നതില്‍ വേണമെങ്കില്‍ തര്‍ക്കിക്കാം പക്ഷെ അത് കൊണ്ടെന്തു പ്രയോജനമെന്നും ഷാജഹാന്‍ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ശ്രീ അടൂര്‍ ഗോപാലകൃഷ്ണനടക്കമുള്ള പ്രമുഖ വ്യക്തികള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരില്‍ കേസെടുത്തതില്‍ സിനിമാക്കാരാരും പ്രതികരിക്കുന്നില്ലെന്ന് പലരും പരിതപിച്ചു കണ്ടു. പരസ്യമായി പറയേണ്ടെന്നു ഞാന്‍ കരുതിയിരുന്ന ഒരു സംഭവം ഇനിയെങ്കിലും പറയണമെന്ന് ഇപ്പോള്‍ തോന്നുന്നു. അത് നോട്ടുനിരോധനം മൂലം ഒരു സൗഹൃദം നഷ്ടപ്പെട്ടതിന്റെ കഥയാണ്. നോട്ടുനിരോധനം വന്നു ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നടന്‍ മോഹന്‍ലാല്‍ ഒരു ബ്ലോഗ് എഴുതി. മേജര്‍ രവിയുടെ സെറ്റില്‍നിന്നാണ് എഴുത്തു. വികാരഭരിതനായി കടുത്ത ദേശഭക്തിയോടെ എഴുതിയ ബ്ലോഗ് വായിച്ചപ്പോള്‍ പ്രതികരിക്കണമെന്നെനിക്കു തോന്നി. ഞാനെന്റെ പ്രതികരണം എഫ്ബിയില്‍ എഴുതി. അതിനു മുമ്പ് ജെഎന്‍ യുവിനെക്കുറിച്ചും ദേശഭക്തിസാന്ദ്രമായ ഒരു ബ്ലോഗ് അദ്ദേഹം എഴുതിയിരുന്നു. രണ്ടിലും പൊതുവായുള്ള ഘടകം അദ്ദേഹത്തിന് കാര്യമായ ഒരു ധാരണയും ഇരുവിഷയങ്ങളിലുമില്ല എന്നതായിരുന്നു. അതെ സമയം സംഘപരിവാറിനെ അന്ധമായി പിന്തുണയ്ക്കാനും മോദിയെ പ്രകീര്‍ത്തിക്കാനുമുള്ള ഒരനുരാഗാത്മകഭ്രമം അദ്ദേഹത്തിന്റെ ഭാഷയില്‍ വ്യക്തമായി പ്രതിഫലിച്ചിരുന്നു.

വളരെയേറെ ശങ്കിച്ചാണ് ഞാനെന്റെ പ്രതികരണം പോസ്റ്റ് ചെയ്തത്. ഒന്നാമതായി എനിക്കേറെ ഇഷ്ടപ്പെട്ട നടനാണ് മോഹന്‍ലാല്‍. രണ്ടാമതായി 15 കൊല്ലത്തെയെങ്കിലും സൗഹൃദം എനിക്ക് മോഹന്‍ലാലുമായി ഉണ്ട്. പക്ഷെ എല്ലാ വൈയക്തികപരിഗണകളെയും മാറ്റി വച്ച് നൈതികബോധ്യം മാത്രം കണക്കിലെടുക്കേണ്ട ഒരു ചരിത്രസന്ധിയില്‍ മൗനം പാലിക്കുക ക്ഷന്തവ്യമല്ലല്ലോ.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എഫ്ബിയില്‍ പോസ്റ്റിട്ടു നാല് ദിവസം കഴിഞ്ഞപ്പോള്‍ ലാലേട്ടന്‍ എന്നെ വിളിച്ചു. രാത്രി ഒമ്പതു മണിയോടെയാണ് ഫോണ്‍ വന്നത്. ‘ഷാജഹാന്റെ പോസ്റ്റ് കണ്ടു; നന്ദി പറയാന്‍ വിളിച്ചതാണ്’ എന്ന് പറഞ്ഞാണ് സംസാരം തുടങ്ങിയത്. അരമണിക്കൂറോളം ഞങ്ങള്‍ സംസാരിച്ചു. തികഞ്ഞ സൗഹൃദത്തോടെ തന്നെ. പക്ഷെ ഞാന്‍ പറയുന്നത് കേള്‍ക്കാനോ മനസ്സിലാക്കാനോ ഒരു തരം ആന്തരിക വിമുഖത സംഭാഷണത്തിലുടനീളം നിഴലിച്ചിരുന്നു. അദ്ദേഹത്തിന് ശരിയെന്നു തോന്നുന്നത് പറയാനുള്ള അദ്ദേഹത്തിന്റെ അവകാശത്തെക്കുറിച്ചു മാത്രം വീണ്ടും വീണ്ടും ആവര്‍ത്തിച്ചു കൊണ്ടിരുന്നു. പൂര്‍ണമായും മസ്തിഷ്‌കപ്രക്ഷാളനത്തിനു വിധേയനായ, എന്നാല്‍ തന്റെ സ്വതസിദ്ധമായ സുജനമര്യാദ ഒട്ടും കൈവിടാത്ത ഒരാളായാണ് എനിക്കന്നു അനുഭവപ്പെട്ടത്. നോട്ടുനോരോധനസമയത് ഞങ്ങളുടെ പൊതുസൗഹൃദവൃത്തങ്ങളിലുള്ള മറ്റു ചിലരും മോദിഭക്തരാവുന്നതും ഞാന്‍ ശ്രദ്ധിച്ചിരുന്നു. അവരുമായുള്ള ബന്ധങ്ങളിലും അകല്‍ച്ച വന്നു.

എന്തായാലും മോഹന്‌ലാലുമായുള്ള എന്റെ അവസാനസംഭാഷണം ആ ഫോണ്‍ കാളായിരുന്നു. വ്യക്തിപരമായി എന്നെ വേദനിപ്പിച്ച ഒരനുഭവം. പക്ഷെ ആസുരകാലത്തു വ്യക്തിപരം അപ്രസക്തമാണ്. Personal is political and political is personal. അടൂര്‍ എന്നല്ല ആര്‍ക്കു വേണ്ടിയും ഇവരാരും ശബ്ദിക്കില്ല. അതിന്റെ കാരണം ഭീരുത്വമാണോ ഹിന്ദുത്വമാണോ എന്നതില്‍ വേണമെങ്കില്‍ തര്‍ക്കിക്കാം പക്ഷെ അത് കൊണ്ടെന്തു പ്രയോജനം?

ദൈവമേ നീ തന്ന എല്ലാ സൗഭാഗ്യങ്ങളും തിരിച്ചെടുത്താലും നട്ടെല്ല് മാത്രം തിരിച്ചെടുക്കല്ലേ എന്ന് എല്ലാവരും പ്രാര്ഥിക്കേണ്ട കാലം!

We use cookies to give you the best possible experience. Learn more