അഹമ്മദാബാദ്: മുസ്‌ലീങ്ങള്‍ക്കിടയില്‍ ഭീതി വളര്‍ത്താനാണ് താനിവിടെ എത്തിയതെന്ന് പൊതുവേദിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി. ദബോയിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന ശൈലേഷ് ഷോട്ടയാണ് തെരഞ്ഞെടുപ്പു പ്രചരണ വേദിയില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയത്.
“ആള്‍ക്കൂട്ടത്തിനിടെ ഏതെങ്കിലും ദാദമാര്‍ പെട്ടുപോയിട്ടുണ്ടെങ്കില്‍ ഞാന്‍ പറയുന്നതുകൊണ്ട് ഒന്നും കരുതരുത്. ഇത്തരം കാര്യങ്ങള്‍ പൊതുവേദിയില്‍ പറയരുതെന്ന് പലരും പറഞ്ഞിട്ടുണ്ട്. 10%ത്തിനുവേണ്ടി എനിക്ക് എന്റെ വായമൂടിവെക്കാനാവില്ല. അവര്‍ എന്തൊക്കെ മോശം കാര്യങ്ങള്‍ ചെയ്യുന്നുണ്ടോ അതെല്ലാം അവസാനിപ്പിക്കണം. കഴിഞ്ഞദിവസം ശാന്തി കമ്മിറ്റിയുടെ യോഗമുണ്ടായിരുന്നു. അതില്‍ ഒരാള്‍ പറഞ്ഞു തനിക്ക് ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പേടിയാണ്. അവര്‍ക്ക് പേടിയുണ്ടെന്ന് ഉറപ്പുവരുത്താന്‍ വേണ്ടി മാത്രമാണ് ഇവിടെ നില്‍ക്കുന്നത്. താടി ധരിച്ചവരും സാമൂഹ്യവിരുദ്ധരും പേടിക്കണം. അവര്‍ക്ക് കണ്ണ് തുറയ്ക്കാനാവരുത്. ” എന്നാണ് അദ്ദേഹം പറഞ്ഞു.
Also Read: ലക്ഷദ്വീപിലെത്തിയ ‘ഓഖി’: കൂട്ടായ്മയും കരുതലും കൊടുങ്കാറ്റിനെ നേരിട്ട കഥ
ഹിന്ദുക്കള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ” ഞാന്‍ ജനിച്ച രാജ്യത്തിനുവേണ്ടി പോരാടാന്‍ ഞാന്‍ തയ്യാറാണ്. 90% വരുന്ന ഭൂരിപക്ഷത്തിനുവേണ്ടി ഞങ്ങള്‍ പോരാടും. 10% വരുന്ന ന്യൂനപക്ഷം മിണ്ടിപ്പോകരുത്” എന്നും അദ്ദേഹം പറഞ്ഞു.
തൊപ്പിയും താടിയും വെച്ചവര്‍ മിണ്ടാനോ കണ്ണ് തുറയ്ക്കാനോ പാടില്ലെന്നും സോട്ട ഭീഷണിപ്പെടുത്തിയതായി ടൈംസ് നൗ റിപ്പോര്‍ട്ടു ചെയ്യുന്നു.
യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിയ്ക്കാനാണ് സോട്ട ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് പ്രിയങ്ക ചതുര്‍വേദി അഭിപ്രായപ്പെട്ടു.
ഗുജറാത്തില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കേയാണ് സോട്ടയുടെ ഈ പരാമര്‍ശം. 182ല്‍ 89 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ആദ്യ ഘട്ടത്തില്‍ നടക്കുന്നത്. ഡിസംബര്‍ ഒമ്പതിനാണ് വോട്ടിങ്.