കൊവിഡ് പ്രതിരോധത്തിന് ഹോമിയോ മെഡിസിന്‍; പരാമര്‍ശം തെറ്റിദ്ധരിപ്പിക്കപ്പെട്ടത്; നടന്നത് ശാസ്ത്രീയ പരിശോധന അല്ലെന്നും മന്ത്രി കെ.കെ ശൈലജ
Kerala News
കൊവിഡ് പ്രതിരോധത്തിന് ഹോമിയോ മെഡിസിന്‍; പരാമര്‍ശം തെറ്റിദ്ധരിപ്പിക്കപ്പെട്ടത്; നടന്നത് ശാസ്ത്രീയ പരിശോധന അല്ലെന്നും മന്ത്രി കെ.കെ ശൈലജ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th September 2020, 4:08 pm

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്ന് നല്‍കിയതുമായി ബന്ധപ്പെട്ട തന്റെ പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍.

ഹോമിയോയില്‍ കൊവിഡിന് മരുന്നുണ്ടെന്നോ പ്രതിരോധിക്കുമെന്നോ താന്‍ പറഞ്ഞിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളെജിന്റെ ഉദ്ഘാടന സമയത്ത് താന്‍ നടത്തിയ പ്രസംഗത്തില്‍ ചിലര്‍ക്ക് തെറ്റിദ്ധാരണ ഉണ്ടായിരിക്കുന്നു. കൊവിഡ് 19 ന് ഹോമിയോയില്‍ പ്രതിരോധ മരുന്ന് ഉണ്ടെന്നും അത് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ഞാന്‍ പറഞ്ഞു എന്നുമുള്ള സൂചനയാണ് ചിലരുടെ പ്രതികരണത്തില്‍ നിന്ന് മനസിലായതെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഹോമിയോ മെഡിക്കല്‍ കോളെജിന്റെ ഉദ്ഘാടന സമയത്ത് ഹോമിയോ അടക്കം എല്ലാ മേഖലകളും യോജിച്ചാണ് പ്രതിരോധിക്കുന്നത് എന്നാണ് പറഞ്ഞത്. കൊവിഡ് 19തിന്റെ ചികിത്സയ്ക്ക് അലോപ്പതി മെഡിസിന്‍ തന്നെയാണ് ഉപയോഗിച്ചത്. ഗവണ്‍മെന്റ് സ്വകാര്യമേഖലയുടെ സാധ്യതകളും ഉപയോഗിച്ചിരുന്നു.

നേരത്തെ ഹോമിയോ മെഡിസിനുമായി ബന്ധപ്പെട്ട് പ്രതിരോധ മരുന്ന് കഴിച്ചവര്‍ക്ക് രോഗം വന്നില്ലെന്നം വന്നവര്‍ക്ക് വളരെ പെട്ടന്ന് മാറിയെന്നും ഹോമിയോ മെഡിസിന്റെ ആളുകള്‍ പറഞ്ഞിരുന്നു. ഉണ്ടാവാം അത് നമുക്ക് പറയാന്‍ കഴിയില്ല പക്ഷേ അത് എല്ലാം പരീക്ഷിച്ച് തെളിയിച്ച് കഴിയുന്ന സാഹചര്യത്തില്‍ മാത്രമേ നമുക്ക് ഇതുപോലെ ഗുരുതരമായ പകര്‍ച്ചവ്യാധിയില്‍ ഉപയോഗിക്കാന്‍ കഴിയുവെന്നും മന്ത്രി പറഞ്ഞു.

ഞാന്‍ ഈ വകുപ്പിന്റെ മന്ത്രിയായതിനാല്‍ ഇതെല്ലാം പരിശോധിക്കാന്‍ താന്‍ ബാധ്യസ്ഥയാണ്. അലോപതിയുടെ മന്ത്രി മാത്രമല്ല ആയുര്‍വേദത്തിന്റെയും ഹോമിയോപതിയുടെയും എല്ലാം മന്ത്രി കൂടിയാണ് ഞാന്‍.

ഇത്തരം പഠനങ്ങള്‍ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കേണ്ടത് ഉണ്ട്. എല്ലാവരോടും പറഞ്ഞത് പുതിയ മരുന്ന് കണ്ടെത്തിയിട്ടില്ല. അത് കൊണ്ട് നിങ്ങള്‍ കൊവിഡ് രോഗികളെയോ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരെയോ ചികിത്സിക്കേണ്ട എന്ന് തന്നെയാണെന്നും കെ.കെ ശൈലജ പറഞ്ഞു.

അവര് ഒരു പഠനം നടത്തിയിട്ടുണ്ട്. അത് ശരിയോ തെറ്റോ എന്ന് പറയാന്‍ ഞാന്‍ ആളല്ല. പറയേണ്ട കാര്യവുമില്ല. എന്നാല്‍ അവര്‍ പറയുന്നു. ആ പഠനം ശരിയാണോ എന്ന് ശാസ്ത്രീയമായി ശെരിയാണോ എന്ന് പരിശോധിക്കാം, എക്‌സ്‌പേര്‍ട്ട് കമ്മറ്റി ശരിയല്ല എന്നാണ് പറഞ്ഞത്. അത് അംഗീകരിച്ചു. അതേസമയം ശരിയാണോ എന്ന് തെളിയിക്കാന്‍ ഹോമിയോക്കാര്‍ക്കും അവകാശമുണ്ട്.

ഈ അവസരത്തില്‍ ഇങ്ങനെ പറഞ്ഞ് തമ്മില്‍ തല്ലാന്‍ നില്‍ക്കരുത് എന്നും മന്ത്രി പറഞ്ഞു. ശാസ്ത്രീയമായ പഠനമൊന്നും അല്ല നടന്നതെന്നും ഇത്തരത്തില്‍ തമ്മിലടിക്കുന്ന ഒരു ചര്‍ച്ചയും പ്രോത്സാഹിപ്പിക്കപെടേണ്ടതല്ലെന്നും നിലവിലെ അവസ്ഥയില്‍ കൊവിഡിനെ പ്രതിരോധിക്കാനുള്ള പ്രയത്‌നം എല്ലാവരും ഏറ്റെടുത്ത് ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കൊവിഡ് ബാധ കുറവാണെന്ന് പഠനമുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ഞായറാഴ്ച പറഞ്ഞിരുന്നു. സിനിമാ സംവിധായകനും പത്തനംതിട്ട ഹോമിയോ ഡി.എം.ഒയുമായ ഡോ. ബിജു നടത്തിയ പഠനം ഇത് വ്യക്തമാക്കുന്നുവെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്.

ഇതിന് പിന്നാലെ മന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ ഐ.എം.എ അടക്കമുള്ളവര്‍ രംഗത്ത് എത്തിയിരുന്നു. ഹോമിയോപതി ഇപ്പോള്‍ നടത്തിയെന്ന് പറയുന്ന പഠനത്തിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്നും ഇത്തരം അടിസ്ഥാനമില്ലാത്ത പഠനത്തെ അധികാര കേന്ദ്രങ്ങളിലിരിക്കുന്നവര്‍ തന്നെ പിന്താങ്ങുന്നത് ജനങ്ങളില്‍ തെറ്റിധാരണ ജനിപ്പിക്കുന്നതിന് കാരണമാകുമെന്നും ഐ.എം.എ സംസ്ഥാന ഘടകം പറഞ്ഞിരുന്നു.

Content Highlight: SHAILAJA TEACHER RESPONSE  HOMEO MEDICINE CONTROVERSY