Advertisement
Kannur-Karuna Medical College Issue
'ചെയ്യാന്‍ പറ്റാവുന്നതിന്റെ പരമാവധി ചെയ്തു'; മെഡിക്കല്‍ പ്രവേശന ബില്‍ ഒപ്പിടാതിരുന്ന ഗവര്‍ണറുടെ നടപടി പുന:പരിശോധിക്കില്ലെന്ന് ആരോഗ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Apr 07, 01:28 pm
Saturday, 7th April 2018, 6:58 pm

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ പ്രവേശന ബില്‍ ഒപ്പിടാതിരുന്ന ഗവര്‍ണറുടെ നടപടി പുന:പരിശോധിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ബില്‍ കൂടുതല്‍ പരിശോധനയ്ക്കായി തിരിച്ചയക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

“ചെയ്യാന്‍ പറ്റാവുന്നതിന്റെ പരമാവധി ചെയ്തു. നിയമപരമായി നിലനില്‍ക്കാത്തതിന്റെ പിറകെ പോകാന്‍ സര്‍ക്കാരില്ല”

നേരത്തെ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം ക്രമപ്പെടുത്തുന്നത് സംബന്ധിച്ച ബില്ല് ഗവര്‍ണര്‍ തള്ളിയിരുന്നു. ഭരണഘടന നല്‍കുന്ന പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു ഗവര്‍ണറുടെ നടപടി.


Also Read:  ‘മുസ്‌ലിം മന്ത്രിമാര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ആരാണ് അനുമതി നല്‍കിയത്’; വിവാദ പ്രസ്താവനയുമായി ആര്‍.എസ്.എസ് നേതാവ്


സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബില്‍ നിലനില്‍ക്കില്ലെന്നാണ് ഗവര്‍ണര്‍ക്ക് ലഭിച്ച നിയമോപദേശം. നേരത്തെ ബില്ലിനാധാരമായ ഓര്‍ഡിനന്‍സ് സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു. ക്രമവിരുദ്ധമെന്ന് സുപ്രീംകോടതി കണ്ടെത്തിയ പ്രവേശനം ക്രമപ്പെടുത്താനായിരുന്ന നിയമം.

ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതോടെ സുപ്രീംകോടതി സ്റ്റേ ചെയ്ത ഓര്‍ഡിനന്‍സ് സ്വാഭാവിക കാലാവധി കഴിഞ്ഞ് അസാധുവാകും. സുപ്രീം കോടതി സ്റ്റേ ചെയ്തതിനാല്‍ ഓര്‍ഡിനന്‍സ് സര്‍ക്കാരിന് വീണ്ടും പുറപ്പെടുവിക്കാനുമാവില്ല.


Also Read: കഞ്ചാവ് വില്‍പ്പന തടഞ്ഞു; കോട്ടയത്ത് യുവാവിനെ ഇരുമ്പു വടികൊണ്ട് അടിച്ചുകൊന്നു


സുപ്രീംകോടതി ഉത്തരവ് അവഗണിച്ചാണ് സര്‍ക്കാര്‍ നിയമം പാസാക്കിയത്. ആരോഗ്യസെക്രട്ടറിയും നിയമ സെക്രട്ടറിയും ബില്ലിനെ എതിര്‍ത്തിരുന്നു. ഇതുകൂടി പരിഗണിച്ച് ഉദ്യോഗസ്ഥരുടെ നിലപാട് ഗവര്‍ണര്‍ അംഗീകരിക്കുകയായിരുന്നു.

ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കുറിപ്പോടെയാണ് ബില്‍ ഗവര്‍ണര്‍ക്ക് അയച്ചിരുന്നത്. ബില്ലുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ നടപടികള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ നേരിടേണ്ടിവരുമെന്ന കുറിപ്പായിരുന്നു ആരോഗ്യവകുപ്പ് സെക്രട്ടറിയുടേത്.

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടിയ 180 വിദ്യാര്‍ഥികളെ പുറത്താക്കണമെന്ന സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണ് സര്‍ക്കാര്‍ തിടുക്കത്തില്‍ ബില്‍ പാസാക്കാന്‍ ശ്രമിച്ചത്.

Watch This Video: