വിപിന്‍ ദാസിന്റെ സംവിധാനത്തില്‍ 2022 ല്‍ ഇറങ്ങിയ ആക്ഷേപഹാസ്യ ചിത്രമാണ് ജയ ജയ ജയ ജയ ഹേ. ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന് നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായം നേടിയെടുക്കാന്‍ സാധിച്ചിരുന്നു.
ജയ ജയ ജയ ജയ ഹേ സിനിമയില്‍ ഏറ്റവും കൂടുതല്‍ ചിരി പടര്‍ത്തിയ രംഗമായിരുന്നു ബേസിലും ദര്‍ശനയും തമ്മിലുള്ള ഫൈറ്റ് സീന്‍. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ജയ ജയ ജയ ജയ ഹേ സിനിമയിലായിരിക്കും ഫൈറ്റ് സീനില്‍ ഫുട്‌ബോള്‍ കമെന്ററി ഉപയോഗിക്കുന്നതെന്ന് പറയുകയാണ് സ്പോര്‍ട്സ് കമന്റേറ്ററും സ്പോര്‍ട്സ് ജേണലിസ്റ്റുമായ ഷൈജു ദാമോദരന്‍. ജയ ജയ ജയ ജയ ഹേ ചിത്രം ഒരു ടീം വര്‍ക്ക് ആയിരുന്നെന്നും തന്റെ കമെന്ററിയും ഒരു ടീം വര്‍ക്കിന്റെ ഫലമായി ഉണ്ടായതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തനിക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നെന്നും അവരുടെയും തന്റെയും ഐഡിയകള്‍ ചേര്‍ത്തുകൊണ്ടാണ് ആ രംഗത്തിന് കമെന്ററി പറഞ്ഞതെന്നും അദ്ദേഹം പറയുന്നു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷൈജു ദാമോദരന്‍.
‘എനിക്ക് തോന്നുന്നത് മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും ഒരു സിനിമയുടെ ഫൈറ്റ് സീനില്‍ ഫുട്‌ബോള്‍ കമെന്ററി പോലൊരു സാധനം ബി.ജി.എമ്മായിട്ട് ഉപയോഗിക്കുന്നത്. ആ രീതിയിലായിരിക്കണം നാളെ ചരിത്രം ജയ ജയ ജയ ജയ ഹേയെ ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടത്.
അതൊരു ടീം വര്‍ക്കിന്റെ വിജയമായിരുന്നു. ആ സിനിമയും അതുപോലെ ഒരു ടീം വര്‍ക്കിന്റെ വിജയമാണ്. കാരണം വിപിന്‍, അങ്കിത്, ബേസില്‍ ഇവരൊക്കെയുണ്ട്. ഞാനും. എനിക്ക് അവര്‍ പൂര്‍ണ സ്വാതന്ത്ര്യം തന്നിരുന്നു. ചേട്ടന്‍ എന്തുവേണമെങ്കിലും പറഞ്ഞോളൂ എന്നാണവര്‍ പറഞ്ഞത്.
അടയാളപ്പെടുത്തുക കാലമേ എന്നുള്ളതും അലറലുകളും എല്ലാം ചേര്‍ത്തോളു എന്നവര്‍ പറഞ്ഞിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു അതെല്ലായിടത്തും പറയുന്നതല്ലേ, അങ്ങനെ അവര്‍ കുറച്ച് കാര്യങ്ങള്‍ പറഞ്ഞു തന്നു അങ്ങനെ എന്റെയും അവരുടെയും ഒക്കെ ഐഡിയകള്‍ ചേര്‍ത്തിട്ടുള്ളതാണ് ജയ ജയ ജയ ജയ ഹേയുടെ ആ സീന്‍,’ഷൈജു ദാമോദരന്‍ പറയുന്നു.
Content Highlight: Shaiju Damodaran Talks About Jaya Jaya Jaya Jaya hey Movie