Sports News
ഇന്ത്യയും ഓസീസുമടക്കം കൊലകൊമ്പന്‍മാരിറങ്ങിയിട്ടും പിറക്കാത്ത സെഞ്ച്വറി പിറ്റേ ദിവസം പുലര്‍ച്ചെ അടിച്ചെടുത്തു
ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് സെപ്റ്റംബര്‍ 17 സൂപ്പര്‍ സണ്‍ഡേയായിരുന്നു. എണ്ണം പറഞ്ഞ രണ്ട് മാച്ചുകളായിരുന്നു സെപ്റ്റംബര്‍ 17ല്‍ അരങ്ങേറിയത്. ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയോടേറ്റുമുട്ടിയപ്പോള്‍ ഓസീസിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ സീരീസ് ഡിസൈഡറായിരുന്നു ആവേശകരമായ മറ്റൊരു മത്സരം.
കൊളംബോ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഇന്ത്യ ലങ്കയെ പരാജയപ്പെടുത്തി എട്ടാം കിരീടമുയര്‍ത്തിയപ്പോള്‍ ജോഹനാസ്‌ബെര്‍ഗിലെ വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഓസീസിനെ 122 റണ്‍സിന് പരാജയപ്പെടുത്തി ആതിഥേയര്‍ പരമ്പര നേടിയിരുന്നു.
ബൗളര്‍മാര്‍ കളമറിഞ്ഞ കളിച്ച ആവേശകരമായ ഈ രണ്ട് മത്സരത്തിലും ഒരാള്‍ക്ക് പോലും സെഞ്ച്വറി നേടാന്‍ സാധിച്ചിരുന്നില്ല. സിറാജിന്റെ നേതൃത്വത്തില്‍ ഇന്ത്യ ലങ്കയെ വരിഞ്ഞുമുറുക്കിയപ്പോള്‍ കൊണ്ടും കൊടുത്തുമായിരുന്നു ഓസീസ്-പ്രോട്ടീസ് ബൗളര്‍മാര്‍ പന്തെറിഞ്ഞത്. പ്രോട്ടീസ് നിരയില്‍ ഏയ്ഡന്‍ മര്‍ക്രവും ഓസീസ് നിരയില്‍ മിച്ചല്‍ മാര്‍ഷും സെഞ്ച്വറിയുടെ പ്രതീതി നല്‍കിയെങ്കിലും നൂറടിക്കാന്‍ ഇരുവര്‍ക്കുമായില്ല.
സൂപ്പര്‍ സണ്‍ഡേയില്‍ ഒരു സെഞ്ച്വറി പോലും പിറന്നില്ല എന്ന ആരാധകരുടെ നിരാശക്ക് അധികം ആയുസുണ്ടായിരുന്നില്ല. തിങ്കളാഴ്ച പുലര്‍ച്ചെ ഇതിനെയെല്ലാം കലച്ചുവെക്കുന്ന ഒരു സെഞ്ച്വറി പ്രകടനം പിറവിയെടുത്തിരുന്നു. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ആമസോണ്‍ ഗയാന വാറിയേഴ്‌സ് – ബാര്‍ബഡോസ് റോയല്‍സ് മത്സരത്തില്‍ ആമസോണ്‍ താരം ഷായ് ഹോപ്പാണ് തകര്‍പ്പന്‍ സെഞ്ച്വറി നേടിയത്.
പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട വാറിയേഴ്‌സ് ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. മൂന്നാം നമ്പറിലിറങ്ങി സെഞ്ച്വറി നേടിയ ഷായ് ഹോപ്പിന്റെ ഇന്നിങ്‌സിന്റെ ബലത്തിലാണ് ഗയാന റണ്ണടിച്ചുകൂട്ടിയത്.
44 പന്തില്‍ നിന്നും എട്ട് സിക്‌സറിന്‍രെയും ഒമ്പത് ബൗണ്ടറിയുടെയും അകമ്പടിയോടെ 106 റണ്‍സാണ് ഹോപ് നേടിയത്. 240.91 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റായിരുന്നു താരത്തിനുണ്ടായിരുന്നത്.
ഹോപ്പിന് പുറമെ കെവ്‌ലോണ്‍ ആന്‍ഡേഴ്‌സണും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 39 പന്തില്‍ നിന്നും ഒരു സിക്‌സറും രണ്ട് ബൗണ്ടറിയും ഉള്‍പ്പെടെ 47 റണ്‍സാണ് താരം നേടിയത്.
ഇരുവരുടെയും പ്രകടനത്തിന് പിന്നാലെ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സാണ് ഗയാന നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാര്‍ബഡോസിനെ റഹ്കിം കോണ്‍വൈള്‍ വീണ്ടും നിരാശപ്പെടുത്തി. ഒമ്പത് പന്തില്‍ നിന്നും ആറ് റണ്‍സ് മാത്രമാണ് താരം നേടിയത്. തുടര്‍ന്നും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഗയാന ബാര്‍ബഡോസിനെ പിടിച്ചുകെട്ടി.
43 പന്തില്‍ എട്ട് ബൗണ്ടറിയുള്‍പ്പെടെ പുറത്താകാതെ 54 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ റിവാള്‍ഡോ ക്ലാര്‍ക് മാത്രമാണ് റോയല്‍സ് നിരയില്‍ പിടിച്ചുനിന്നത്. ഒടുവില്‍ ആറ് വിക്കറ്റിന് 138 റണ്‍സ് മാത്രമാണ് റോയല്‍സിന് നേടാന്‍ സാധിച്ചത്. ഇതോടെ 88 റണ്‍സിന്റെ കൂറ്റന്‍ വിജയം ഗയാന വാറിയേഴ്‌സ് സ്വന്തമാക്കി.
പ്ലേ ഓഫ് മത്സരങ്ങളാണ് ഇനി ഗയാനക്ക് മുമ്പിലുള്ളത്. സെപ്റ്റംബര്‍ 21ന് പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ട്രിബാംഗോ നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍. കഴിഞ്ഞ സീസണില്‍ പ്ലേ ഓഫില്‍ പുറത്തായതിന്റെ നിരാശ ഈ സീസണില്‍ മറികടക്കാനും കന്നിക്കിരീടം നേടാനുമാണ് ഗയാന ഒരുങ്ങുന്നത്.
Content highlight: Shai Hopes brilliant batting performance against Barbados Royals