വിവിയന്‍-കോഹ്‌ലി-ഹോപ്; രണ്ട് തലമുറയിലെ ഇതിഹാസങ്ങള്‍ക്കൊപ്പം ഇനി വിന്‍ഡീസ് നായകനും; ചരിത്ര റെക്കോഡ്
Sports News
വിവിയന്‍-കോഹ്‌ലി-ഹോപ്; രണ്ട് തലമുറയിലെ ഇതിഹാസങ്ങള്‍ക്കൊപ്പം ഇനി വിന്‍ഡീസ് നായകനും; ചരിത്ര റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 4th December 2023, 6:17 pm

ഇംഗ്ലണ്ടിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ആദ്യ ഏകദിനകത്തില്‍ 60ാം റണ്‍സ് പൂര്‍ത്തിയാക്കിയതോടെ ഐതിഹാസിക നേട്ടമാണ് വിന്‍ഡീസ് നായകന്‍ ഷായ് ഹോപ്പിനെ തേടിയെത്തിയത്. ഏകദിനത്തില്‍ 5,000 റണ്‍സ് മാര്‍ക് പിന്നിട്ടാണ് ഷായ് ഹോപ് തന്റെ കരിയറിലെ ഏറ്റവും പ്രധാന നേട്ടങ്ങളിലൊന്ന് സ്വന്തമാക്കിയത്.

ഈ നേട്ടം കൈവരിക്കുന്ന ഒമ്പതാമത് വിന്‍ഡീസ് താരമാണ് ഷായ് ഹോപ്. വിന്‍ഡീസിനായി ഏകിദനത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഒമ്പതാമത് വിന്‍ഡീസ് താരവും ഹോപ് തന്നെ.

 

ക്രിസ് ഗെയ്ല്‍, ബ്രയാന്‍ ലാറ, ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍, ഡെസ്മണ്ട് ഹെയ്ന്‍സ്, സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ്, റിച്ചി റിച്ചാര്‍ഡ്‌സണ്‍, രാംനരേശ് സര്‍ഡവന്‍, മര്‍ലണ്‍ സാമുവല്‍സ് എന്നിവരാണ് ഇതിന് മുമ്പ് ഏകദിനത്തില്‍ 5000 പൂര്‍ത്തിയാക്കിയ വിന്‍ഡീസ് താരങ്ങള്‍ (ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ ക്രമത്തില്‍).

ഇതിന് പുറമെ മറ്റൊരു ഐതിഹാസിക നേട്ടവും ഷായ് ഹോപ്പിനെ തേടിയെത്തിയിരുന്നു. ഏകദിനത്തില്‍ വേഗത്തില്‍ 5,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയാണ് ഹോപ് ചരിത്രം സൃഷ്ടിച്ചത്. ക്രിക്കറ്റ് ഇതിഹാസം സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിനും വിരാട് കോഹ്‌ലിക്കുമൊപ്പമാണ് ഹോപ്പ് മൂന്നാം സ്ഥാനം പങ്കിടുന്നത്.

 

തന്റെ 114ാം ഇന്നിങ്‌സിലാണ് ഹോപ് 5,000 റണ്‍സ് എന്ന ഗോള്‍ഡന്‍ മാര്‍ക് പിന്നിട്ടത്.

മുന്‍ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസവും സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം ഹാഷിം അംലയുമാണ് പട്ടകിയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. ബാബര്‍ 97 ഇന്നിങ്‌സില്‍ നിന്നും 5,000 റണ്‍സ് മാര്‍ക് പിന്നിട്ടപ്പോള്‍ 101ാം ഇന്നിങ്‌സിലാണ് അംല 5,000 ഏകദിന റണ്‍സ് സ്വന്തമാക്കിയത്.

നിലവില്‍ 119 മത്സരത്തിലെ 114 ഇന്നിങ്‌സില്‍ നിന്നും 5,049 റണ്‍സാണ് ഹോപ്പിന്റെ പേരിലുള്ളത്. 51.52 എന്ന ശരാശരിയിലും 77.58 എന്ന സ്‌ട്രൈക്ക് റേറ്റിലും സ്‌കോര്‍ ചെയ്യുന്ന ഹോപ്പിന്റെ ഉയര്‍ന്ന സ്‌കോര്‍ 170 ആണ്.

 

 

ഏകദിനത്തില്‍ 16 തവണ സെഞ്ച്വറി നേടിയ ഹോപ്പ് 24 തവണ അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്.

അതേസമയം, ഹോപ്പിന്റെ സെഞ്ച്വറി കരുത്തില്‍ വിന്‍ഡീസ് ആദ്യ ഏകിദനത്തില്‍ വിജയിച്ചിരുന്നു. ഇംഗ്ലണ്ട് ഉയര്‍ത്തിയ 326 റണ്‍സിന്റെ വിജയലക്ഷ്യം ഏഴ് പന്തും നാല് വിക്കറ്റും ശേഷിക്കെ കരീബിയന്‍സ് മറികടക്കുകയായിരുന്നു. 83 പന്തില്‍ 109 റണ്‍സ് നേടി ടീമിന്റെ വിജയത്തില്‍ ചാലകശക്തിയായ ഷായ് ഹോപ് തന്നെയാണ് മത്സരത്തിലെ താരം.

ഡിസംബര്‍ ആറിനാണ് മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം. സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്‌റ്റേഡിയം തന്നെയാണ് വേദി.

 

Content highlight: Shai Hope becomes the 3rd fastest batter tro score 5000 ODI runs, Joins Viv Richards and Virat Kohli in the elite list