ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും വിമര്‍ശനവുമായി കൊലക്കേസില്‍ യു.എ.ഇയില്‍ വധശിക്ഷക്കിരയായ ശഹ്‌സാദി ഖാന്റെ പിതാവ് ശബീര്‍ ഖാന്‍.
മകളെ രക്ഷിക്കുന്നതിനായി എവിടെനിന്നും ഒരു സഹായവും ലഭിച്ചില്ലെന്ന് ശബീര്‍ ഖാന്‍ പറഞ്ഞു. യോഗിക്കും മോദിക്കും പെണ്‍മക്കള്‍ ഇല്ലാത്തതിനാല്‍ തന്റെ വേദന മനസിലാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
നേതാക്കളുമായി ബന്ധമുള്ളവരാണെങ്കില്‍ നടപടി എടുക്കുമായിരുന്നെന്നും ശബീര്‍ ഖാന്‍ പറഞ്ഞു. 2024 ഫെബ്രുവരിയില്‍ അപ്പീല്‍ തള്ളി യു.എ.ഇ ഭരണകൂടം വധശിക്ഷ ശരിവെച്ചപ്പോള്‍, ഇടപെടണമെന്ന് ആവശ്യപ്പെട്ടത് ഇന്ത്യന്‍ എംബസിക്കും പ്രധാനമന്ത്രിയുടെ ഓഫിസിനും വിദേശകാര്യ മന്ത്രാലയത്തിനും കത്തെഴുതിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 14നാണ് അവസാനമായി ശഹ്‌സാദിയോട് സംസാരിച്ചതെന്നും തങ്ങളോട് സംസാരിക്കുക എന്നത് മകളുടെ അവസാന ആഗ്രഹമായിരുന്നുവെന്നും കുടുംബം പറയുന്നു.
ദിവസങ്ങള്‍ക്കുള്ളില്‍ വധശിക്ഷ നടപ്പിലാക്കുമെന്നാണ് അന്നത്തെ ഫോണ്‍വിളിയില്‍ പറഞ്ഞതെന്നും പിന്നീട് എന്ത് സംഭവിച്ചു എന്നതില്‍ വ്യക്തതയുണ്ടായിരുന്നില്ലെന്നും ശഹ്‌സാദിയുടെ കുടുംബം പറഞ്ഞു. ഫെബ്രുവരി 21ന് മകളുടെ അവസ്ഥയെ കുറിച്ച് അറിയാന്‍ വീണ്ടും പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രാലയത്തിനും കത്തെഴുതിയിരുന്നെന്നും കുടുംബം പറയുന്നു.
ശഹ്‌സാദി ജീവനോടെ ഉണ്ടോ ഇല്ലയോ എന്നറിയാനാണ് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചതെന്ന് കുടുംബത്തിന് വേണ്ടി ഹരജി ഫയല്‍ ചെയ്ത അഡ്വ. അലി മുഹമ്മദ് പറഞ്ഞു. ശഹ്‌സാദിയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് പിന്തുണ ലഭിച്ചില്ലെന്നും തങ്ങള്‍ പരിശ്രമിച്ചിട്ടും മകള്‍ക്ക് നീതി ലഭിച്ചില്ലെന്നും അലി മുഹമ്മദ് പ്രതികരിച്ചു.
അബുദാബിയില്‍ പോയി നിയമനടപടികള്‍ തുടരാനുള്ള സാമ്പത്തിക സ്ഥിതി ശഹ്‌സാദിയുടെ കുടുംബത്തിന് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ തങ്ങള്‍ക്കൊപ്പം നിന്നില്ലെന്നും തെറ്റ് ചെയ്യാതിരുന്നിട്ടും ശഹ്‌സാദിയുടെ നിരപരാധിത്വം തെളിയിക്കാനായില്ലെന്നും അലി മുഹമ്മദ് പ്രതികരിച്ചു.
ഫെബ്രുവരി 14നാണ് ശഹ്‌സാദി ഖാനെ യു.എ.ഇ ഭരണകൂടം തൂക്കിലേറ്റിയത്. ശഹ്‌സാദിയുടെ മൃതദേഹം ഇന്ന് (ബുധന്‍) അബുദാബിയില്‍ ഖബറടക്കുമെന്നാണ് വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം ദല്‍ഹി ഹൈക്കോടതിയെ അറിയിച്ചത്. ഫെബ്രുവരി 28നാണ് വധശിക്ഷ നടപ്പിലാക്കിയ വിവരം ഇന്ത്യന്‍ എംബസിക്ക് ലഭിച്ചത്.
ഇതിനിടെ ശഹ്‌സാദിയുടെ കുടുംബത്തിന് നിയമപരമായ എല്ലാ സഹായവും ചെയ്തുവെന്നും ദയാഹരജികളും പൊതുമാപ്പിനുള്ള അപേക്ഷകളും നല്‍കിയെന്നും മന്ത്രാലയം പറയുന്നു.
നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച കേസിലാണ് ഉത്തര്‍പ്രദേശ് സ്വദേശിനിയായ ശഹ്‌സാദി ഖാന്റെ വധശിക്ഷ നടപ്പിലാക്കിയത്. കുഞ്ഞ് മരിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ ദമ്പതികള്‍ നല്‍കിയ കേസിലാണ് വീട്ടുജോലിക്കാരിയായിരുന്ന ശഹ്‌സാദിക്ക് അബുദാബി കോടതി വധശിക്ഷ വിധിച്ചത്. ആഗ്ര സ്വദേശികളായ ഫൈസ്-നസിയ ദമ്പതികളാണ് ശഹ്‌സാദിക്കെതിരെ കേസ് നല്‍കിയത്.
2021ലായിരുന്നു ഷഹ്‌സാദി അബുദാബിയില്‍ എത്തിയത്. കൃത്യമായ ചികിത്സ ലഭിക്കാത്തതിനാലാണ് കുട്ടി മരിച്ചതെന്നായിരുന്നു ശഹ്‌സാദിയുടെ വാദം. എന്നാല്‍ വാദം തള്ളിയ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.
Content Highlight: Shahzadi Khan’s father shabir khan critizied Modi and Yogi Adityanath